നടി സായ്‌പല്ലവി സീതയെ അവതരിപ്പിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനിടയിൽ പുതിയൊരു വിവാദം സായ്പല്ലവിയെ തേടിയെത്തിയിരിക്കുകയാണ്. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് സായ് പല്ലവി പഴയൊരു ഒരു അഭിമുഖത്തിൽ പങ്കുവച്ച അഭിപ്രായമാണിപ്പോൾ വലിയ വിവാദത്തിലായിരിക്കുന്നത്.
വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് 2020 ൽ നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ ചൊല്ലി സായ്‌പല്ലവിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ ആക്രമണം നടക്കുകയാണ്. ഈ പഴയ വീഡിയോ ഇപ്പോൾ ആരോ വീണ്ടും പങ്കുവെക്കുകയായിരുന്നു. അത് ക്ഷണത്തിൽ വൈറലായതോടയാണ് അവർക്കതിരേ വിമർശനവും ആക്ഷേപവുമായി ആളുകൾ എത്തിയത്.
നക്‌സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു പരാമശം. ഇന്ത്യൻ സൈന്യം പാകിസ്‌താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് അഭിമുഖത്തിൽ സായ്‌പല്ലവി പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി പറഞ്ഞു.
സായ് പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്താവരാണ് വിമർശനവുമായി വരുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പാകിസ്‌താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നടി പറഞ്ഞതെന്നും അതിനെ ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. ഇതേ സിനിമയുടെ പ്രമോഷനിടെ കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നും സായ്‌പല്ലവി പറഞ്ഞത് നേരത്തേ ചർച്ചയായിരുന്നു. ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞുനിൽക്കുന്ന കുടുംബത്തിലല്ലെന്നും ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ലെന്നും സായ് പല്ലവി അന്ന് പറഞ്ഞിരുന്നു.