റിയലിസ്റ്റിക്കായ അവതരണ ശൈലികൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’. 2016 ലാണ് ചിത്രം റിലീസ് ചെയ്തത്.
ഏഴ് വർഷങ്ങൾക്കിപ്പുറവും സിനിമ ഇന്നും പുതുമയോട് കൂടി ആളുകൾ കാണുകയും സിനിമയിലെ ‘ഡയറക്ടർ ബ്രില്ല്യൻസ്’ കണ്ടെത്തുകയും ചെയ്യുന്നു. മഹേഷും ജിംസിയുമായി ഫഹദ് ഫാസിലും അപർണ ബാലമുരളിയുമാണ് ചിത്രത്തിൽ അണിനിരന്നത്.
സിനിമയിൽ അപർണ ബാലമുരളിക്ക് പകരം സായ് പല്ലവിയെയായിരുന്നു നിശ്ചയിച്ചിരുന്നതെന്നും അതിനായി സായ് പല്ലവിക്ക് താനും ആഷിഖ് അബുവും ചേർന്ന് അഡ്വാൻസ് വരെ കൊടുത്തിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ സന്തോഷ് ടി കുരുവിള.
“മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അപർണ ബാലമുരളിക്ക് പകരം സായ് പല്ലവിയെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അൻവർ റഷീദാണ് സായ് പല്ലവിയെ സജസ്റ്റ് ചെയ്തത്. എറണാകുളം ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചാണ് ഞാനും ആഷിഖും കൂടെ ചെക്ക് കൊടുക്കുന്നത്. പക്ഷേ ഷൂട്ട് തുടങ്ങിയ സമയത്ത് സായ് പല്ലവിക്ക് ജോർജിയയിൽ പരീക്ഷക്ക് പോവേണ്ടി വന്നു. അങ്ങനെയാണ് പിന്നെ അപർണ ബാലമുരളി എന്ന പുതുമുഖത്തിലേക്ക് എത്തുന്നത്. അവരിപ്പോൾ നാഷണൽ അവാർഡ് ഓക്കെ വാങ്ങി.” സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ടി കുരുവിള പറഞ്ഞു.
സായ് പല്ലവിയുടെ പരീക്ഷ കഴിയുന്നതുവരെ സിനിമ നീട്ടിവെക്കാൻ പറ്റാത്തതുകൊണ്ടാണ് പിന്നീട് അപർണ ബാലമുരളിയിലേക്ക് വന്നതെന്നും സന്തോഷ് കുരുവിള കൂട്ടിച്ചേർത്തു. 2020 ൽ ‘സുരറൈ പോട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണ ബാലമുരളയ്ക്ക് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് ലഭിച്ചത് . ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന പേരിടാത്ത ചിത്രമാണ് അപർണ ബാലമുരളിയുടെ വരാനിരിക്കുന്ന വമ്പൻ പ്രോജക്ട്. D50 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.
അതേ സമയം പ്രേമം എന്ന സിനിമയിലൂടെയായിരുന്നു സായ് പല്ലവിയുടെ മലയാള അരങ്ങേറ്റം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് അൻവർ റഷീദായിരുന്നു. ഗൌതം രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ഗാർഗി’യായിരുന്നു സായ് പല്ലവിയുടെ അവസാനമിറങ്ങിയ ചിത്രം.