മാമാങ്കത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം തീരുമാനിച്ചത് ഐശ്വര്യ റായിയെ, എല്ലാം പ്രശ്‌നത്തിലാക്കിയത് ആന്ധ്രാപ്രദേശില്‍ നിന്ന് വന്നയാള്‍; തുറന്നു പറഞ്ഞ് സജീവ് പിള്ള

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണ് സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ മാമാങ്കം. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. ഇപ്പോള്‍ പ്രശസ്ത സംവിധായകന്‍ എം പദ്മകുമാര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറയില്‍ നടന്ന കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സജീവ് പിള്ള

ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം ഉറപ്പിച്ചത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയെ ആണെന്നും എന്നാല്‍ ചിത്രത്തിന്റെ കാര്യങ്ങള്‍ ഒക്കെ പ്രശ്‌നത്തില്‍ ആയതു ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന ഒരാളുടെ ഇടപെടല്‍ മൂലം ആയിരുന്നു എന്നും സജീവ് പിള്ള പറയുന്നു. സിനിമയുടെ കഥ തന്നെ മാറ്റണം എന്ന് അയാള്‍ ആവശ്യപ്പെട്ടു എന്നും തനിക്കതു ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യം ആണെന്നുമാണ് സജീവ് പറയുന്നത്.

ഞാന്‍ ഇത്രയും നാള്‍ കൊണ്ടു നടന്ന ഒന്നാണ് മാമാങ്കം. ആരെങ്കിലും പെട്ടെന്ന് വന്ന് ഇടപെട്ട് ഇതിനെ ചീത്തയാക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്റെയൊരു പടമാണ്. അതിനകത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എല്ലാ ഘട്ടങ്ങളിലും ഞാന്‍ തയ്യാറായിരുന്നു. ഈ സിനിമയുടെ നന്മയ്ക്കു വേണ്ടി എന്തുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നു.വളരെ വലിയ കാസ്റ്റാണ് ചിത്രത്തിനായി ഉദ്ദേശിച്ചത്.

Read more

ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു നടിയെ കണ്ട് സംസാരിക്കുകയും അവര്‍ പാതിസമ്മതം മൂളുകയും ചെയ്തിരുന്നു. ഐശ്വര്യ റായി ആയിരുന്നു അത്. എല്ലാം ബജറ്റിന്റെ പുറത്തും പരിമിതിക്കുമിടയില്‍ മാറുകയയിരുന്നു.പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു അസോസിയേറ്റിനെ വെയ്ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ മമ്മൂക്ക ഇടപെട്ടാണ് അത് തടഞ്ഞത്. പിന്നീട് മമ്മൂക്കയുടെ വീട്ടില്‍ വെച്ച് വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് നടന്നിരുന്നു. അതില്‍ എടുത്ത തീരുമാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. സജീവ് പറഞ്ഞു.