ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. സജി നന്ത്യാട്ടിനെ നിയന്ത്രിക്കുകയും തിരുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ഉണ്ണികൃഷ്ണന്‍ ഫിലിം ചേംബര്‍ പ്രസിഡന്റ് ബിആര്‍ ജേക്കബിന് കത്ത് അയച്ച സംഭവത്തിലാണ് സജി നന്ത്യാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫെഫ്കയുടെ ടെക്‌നീഷ്യന്‍മാരെല്ലാം ലഹരിക്ക് അടിമകളാണ് എന്നല്ല താന്‍ പറഞ്ഞതെന്നും അത് തെളിയിക്കുകയാണെങ്കില്‍ രാജി വയ്ക്കുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
”ഫെഫ്കയിലെ മുഴുവന്‍ ടെക്‌നീഷ്യന്‍മാരും ലഹരിക്ക് അടിമയാണെന്ന് ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന കാര്യം ബി ഉണ്ണികൃഷ്ണന്‍ തെളിയിക്കുകയാണെങ്കില്‍ ഞാന്‍ രാജി വെക്കാം. അങ്ങനെ പറഞ്ഞതിന് പിന്നില്‍ ഒരു ഹിഡന്‍ അജണ്ട പ്രവര്‍ത്തിക്കുന്നുണ്ട്, കാരണം ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ലഹരി ഉപയോഗം നമ്മുടെ കുറച്ച് ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ ഉണ്ട്, ടെക്‌നീഷ്യന്‍മാര്‍ പതിനായിരകണക്കിന് ഉള്ളതുകൊണ്ട് പേര്‍സെന്റേജ് നോക്കുമ്പോള്‍ ആ ഭാഗത്തുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്.”
”ഫെഫ്കയിലെ മുഴുവന്‍ തൊഴിലാളികളെയും മുന്‍നിര്‍ത്തി കൊണ്ട് ഉണ്ണികൃഷ്ണന്‍ നടത്തുന്ന ഈയൊരു ശ്രമം വളരെ മോശമാണ്. എന്നോട് വ്യക്തിപരമായ ദേഷ്യം പുള്ളിക്ക് നേരത്തെ മുതലുണ്ട്. പഠനകാലം മുതല്‍. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണ്. 1989ല്‍ അദ്ദേഹത്തിന്റെ പാനലിനെ എന്റെ പാനല്‍ തോല്‍പ്പിച്ചത് മുതല്‍ ദേഷ്യമുണ്ട്. പക്ഷെ എനിക്ക് അങ്ങനെയല്ല, എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്, ഞങ്ങള്‍ സഹപാഠികളാണ്. ഞങ്ങളുടെ പ്രൊഡ്യൂസറെ വിളിച്ച് അദ്ദേഹം അവിടെ കൊണ്ടുപോയി ഇരുത്തിയതിനെതിരെ ഞാന്‍ പ്രതികരിച്ചു, അത് സത്യമാണ്.”
”അത് ഞാന്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതില്‍ നിന്നും അദ്ദേഹത്തിന് പുറകോട്ട് പോകേണ്ടി വന്നു. പ്രൊഡ്യൂസര്‍ സ്വമേധയാ വന്നതാണെന്ന് പറയുന്നു, പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറയുന്നു, അപ്പോള്‍ ഇതില്‍ ഏതാണ് ശരി? അതും ഉണ്ണികൃഷ്ണന്‍ തന്നെ വ്യക്തമാക്കണം. കാര്യം കാണാന്‍ അദ്ദേഹം പലവിധത്തിലുള്ള വ്യാഖ്യാനങ്ങളും നടത്തും. ഫെഫ്കയിലെ 99.9 ആളുകളും അദ്ദേഹം തുടരണമെന്ന ആഗ്രഹമുള്ള ആളുകളല്ല. അതിനെ കുറിച്ച് പറയുന്നില്ല, അത് അവരുടെ സംഘടനാ പ്രശ്‌നമാണ്.”
Read more
”അദ്ദേഹത്തിന് ഒരു ഏകാധിപതിയുടെ രീതിയുള്ളത് കൊണ്ട് അദ്ദേഹത്തെ പലര്‍ക്കും പേടിയാണ്. ഞങ്ങളുടെ സംഘടനയെ ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ശരിയായ രീതിയല്ല. തെറ്റ് ചെയ്‌തെങ്കില്‍ ഞാന്‍ ശിക്ഷ അനുഭവിക്കാന്‍ തയാറാണ്. ഇത് ഞങ്ങളുടെ സംഘടനയെ ശിഥലീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് അത് ഇവിടെ നടപ്പോവില്ല” എന്നാണ് സജി നന്ത്യാട്ട് പറയുന്നത്.