താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ. സൂചനാ പണിമുടക്ക് നടത്താനാണ് ഫിലിം ചേംബറിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ഫിലിം ചേംബറിന്റെ യോഗത്തില്‍ നടന്ന തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് സൗത്ത്‌ലൈവിനോട് പ്രതികരിച്ചിരിക്കുകയാണ് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ സജി നന്ത്യാട്ട്. സര്‍ക്കാര്‍ ഈടാക്കുന്ന ഡബിള്‍ ടാക്‌സേഷന്‍ നിര്‍ത്താലാക്കുക എന്നതാണ് പ്രധാന ആവശ്യം. പൈറസി ഇറങ്ങുന്നതിന് എതിരെ നടപടി എടുക്കണം, അഭിനേതാക്കള്‍ വേതനം കുറയ്ക്കണം, സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങള്‍ ലഭിക്കണം എന്നുള്ള ആവശ്യങ്ങളാണ് ഫിലിം ചേംബര്‍ ഉയര്‍ത്തുന്നത്. മലയാള സിനിമ മുഴുവന്‍ സ്തംഭിപ്പിച്ചു കൊണ്ട് ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും. മലയാളത്തിലെ ചില ചീപ്പ് ടെക്‌നീഷ്യന്‍മാര്‍ വരെ കോടികള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് സജി നന്ത്യാട്ട് പറയുന്നത്.
കേരളാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, സിനിമാ വിതരണക്കാരുടെ അസോസിയേഷനും, എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പല തരത്തിലുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിനോട് ഉന്നയിച്ച ഒരു ആവശ്യം ഡബിള്‍ ടാക്‌സേഷന്‍ ആണ്. വണ്‍ നാഷന്‍ വണ്‍ ടാക്‌സ് ആണ് ജൂലൈ 1 2017 മുതല്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍ക്കാര്‍ രണ്ട് ടാക്‌സ് ഈടാക്കുന്നുണ്ട്. അത് കുറയ്ക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ പൈറസി, പൈറേറ്റഡ് കോപ്പി ഇറങ്ങുമ്പോള്‍ സിനിമാ തിയേറ്ററിലേക്കുള്ള ആള്‍ക്കാരുടെ എണ്ണം കുറയുകയാണ്. അങ്ങനെ തിയേറ്ററുകളുടെ പ്രശ്‌നങ്ങളുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് നിര്‍മ്മാണ ചിലവുകള്‍ വല്ലാതെ കൂടുന്നുണ്ട്. മുഖ്യധാരയിലുള്ള കുറച്ച് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം വല്ലാതെ കൂടുകയാണ്. ഈ സാഹചര്യത്തില്‍ മലയാള സിനിമയുടെ മാര്‍ക്കറ്റ് ചെറുതായതു കൊണ്ട്, ഇവയ്‌ക്കെല്ലാം ഒരു പരിഹാരം ഉണ്ടാവണം, വേതനം കുറയ്ക്കണം, സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങള്‍ ലഭിക്കണം എന്നുള്ള ആവശ്യങ്ങള്‍ അഫിലിയേഴ്‌സ് ഉന്നയിക്കുമ്പോള്‍ കേരള ഫിലിം ചേംബറിന് നോക്കി നില്‍ക്കാന്‍ പറ്റില്ല. കാരണം കേരള ഫിലിം ചേംബര്‍ എന്ന് പറയുന്നത് മൂന്ന് അഫിലിയേഴ്‌സിന്റെയും അപ്പക്‌സ് ബോഡിയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഫിലിം ചേംബര്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ കുറേ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതില്‍ രഹസ്യ സ്വഭാവങ്ങളുള്ള തീരുമാനങ്ങളുണ്ട്.
അതിലൊന്ന് ആന്റണി പെരുമ്പാവൂര്‍, മുന്‍ ഫിലിം ചേംബര്‍ പ്രസിഡന്റും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിന് എതിരായി ഇട്ട പോസ്റ്റിനെ കുറിച്ചാണ്. ആ പോസ്റ്റ് അദ്ദേഹത്തെ മാനസികമായി വിഷമിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കണം എന്നുള്ള ആവശ്യമാണ് ചേംബര്‍ കമ്മിറ്റിയില്‍ ഉന്നയിച്ചതും ആവശ്യപ്പെട്ടതും. സ്വഭാവികമായും അച്ചടക്കമുള്ള അംഗമെന്ന നിലയില്‍ ആന്റണി പെരുമ്പാവൂര്‍ അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇനി അഥവാ ആന്റണി പെരുമ്പാവൂര്‍ അതിന് തയാറായില്ലെങ്കില്‍ എന്ത് നടപടി എടുക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പിന്നീട് ചേരുന്ന ചേംബര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മാത്രമേ അതിന് ഉത്തരം നല്‍കാനാവുകയുള്ളു.
ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തും. കേരളത്തിലെ മുഴുവന്‍ സിനിമാശാലകളും അടച്ചിട്ടുകൊണ്ട്, മുഴുവന്‍ പ്രൊഡക്ഷന്‍ നിര്‍ത്തി വച്ചു കൊണ്ടും, സിനിമാ മേഖല സ്തംഭിപ്പിച്ചു കൊണ്ടും ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തുന്നുണ്ട്, സര്‍ക്കാരിന് എതിരായി. അതിന് ശേഷം ചര്‍ച്ചകളിലൂടെ അഭിനയിക്കുന്ന കുറച്ച് മെമ്പര്‍മാര്‍മാരുടെ വേതനത്തില്‍ കുറവ് വരുത്തുകയും സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജൂണ്‍ ഒന്ന് മുതലുള്ള സമരത്തിന് സാധ്യത കുറവാണ്. ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും.
പ്രതിഫലം കുറയ്ക്കാത്ത താരങ്ങളെ ബാന്‍ ചെയ്യില്ല. മറിച്ച് അവരോട് കാര്യങ്ങള്‍ പറഞ്ഞ് അവര്‍ അതിന് വശംവദരായി, അവര്‍ മാര്‍ക്കറ്റ് മനസിലാക്കി, വിറ്റുവരവ് മനസിലാക്കി, മലയാള സിനിമയോടും, അവരെ താരങ്ങളാക്കിയ വിതരണക്കാരോടും തിയേറ്റര്‍കാരോടും നീതി കാണിക്കണം. അവര്‍ ആരും ഒരിക്കല്‍ താരങ്ങള്‍ അല്ലായിരുന്നല്ലോ, അവരെ താരങ്ങളാക്കിയത് നിര്‍മ്മാതാക്കളാണ്. കൈയ്യടി വാങ്ങിയത് തിയേറ്ററില്‍ നിന്നാണ്. തിയേറ്റര്‍കാരും നിര്‍മ്മാതാക്കളും വിതരണക്കാരുമെല്ലാം സാമ്പത്തികമായി വന്‍ പരാജയത്തിലാണ്. 99.9 ശതമാനം നിര്‍മ്മാതാക്കളും സാമ്പത്തികമായി വലിയ കഷ്ട നഷ്ടങ്ങളില്‍ നില്‍ക്കുമ്പോള്‍ അവരോട് മനസാക്ഷി കാണിച്ചു കൊണ്ട്, ഇവരെ താരങ്ങളാക്കിയ അവരോട് സാമ്പത്തിക നീതി പുലര്‍ത്തി, ഈ ഇന്‍ഡസ്ട്രിയുടെ മുന്നോട്ടുള്ള സുഗമമായ പോക്കിന് ഇവരുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകണം. അല്ലാതെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന വാശി ഒരിക്കലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. സ്വാഭാവികമായും സമരം എന്നുള്ളത് ലാസ്റ്റ് റിസോട്ട് മാത്രമാണ്. സമരം ചെയ്യുക എന്നുള്ളതല്ല, മറിച്ച് ജനാധിപത്യത്തില്‍ സമരങ്ങള്‍ കൊണ്ടേ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളു. അതുകൊണ്ടാണ് ചേംബറും അഫിലിയേഴ്‌സും ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്. സമരം ഒരുപക്ഷെ നടക്കണമെന്നില്ല. കാരണം ആവശ്യങ്ങള്‍ അതിന് മുമ്പ് ചെവികൊള്ളുകയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്നും വിശ്വസിക്കുന്നു.
‘അമ്മ’യ്‌ക്കെതിരെ അല്ല, മലയാളത്തിലെ ചില ചീപ്പ് ടെക്‌നീഷ്യന്‍മാരുണ്ട്. തൊഴിലാളികള്‍ അല്ല, ചീപ്പ് ടെക്‌നീഷ്യന്‍മാര്‍ ഒരു പടം കഴിഞ്ഞാല്‍ 2 കോടി, 3 കോടി ഒക്കെ വാങ്ങുന്നത് ഒരിക്കലും താങ്ങാനാവുന്നില്ല. പഴയ പ്രൊഡ്യൂസര്‍മാര്‍ക്ക് ഡേറ്റ് കിട്ടാത്തതിന് കാരണം അവര്‍ ഒരു ബിസിനസ് ആയിട്ട് ഇതിനെ കാണുകയും, ഇത്തരം സാമ്പത്തിക ചൂഷണത്തിന് നിന്നു കൊടുക്കാത്തതും കൊണ്ടാണ്. പുതിയ പ്രൊഡ്യൂസര്‍മാര്‍ക്ക് ഇവരുടെ മാര്‍ക്കറ്റ് അറിയില്ല. ഇവര്‍ ചോദിക്കുന്നത് കൊടുക്കാന്‍ അവര്‍ ബാധ്യസ്ഥരാവുകയാണ്. നമ്മള്‍ പറയുന്നത് ന്യായമാണെന്ന് പൊതുസമൂഹത്തിന് മനസിലാവുന്നുണ്ട്. ഈ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചു കൊണ്ട് സുഗമമായി മലയാള സിനിമ മുന്നോട്ട് പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതല്ലാതെ ഫിലിം ചേംബറിനെയോ ഞങ്ങളുടെ നിര്‍മ്മാതാക്കളെയോ, വിതരണക്കാരെയോ, തിയേറ്ററുകാരെയോ വെല്ലുവിളിച്ചു കൊണ്ടാണ് ഒരു മുന്നോട്ട് പോക്ക് മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് നിന്നു കൊടുക്കാന്‍ ഞങ്ങള്‍ തയാറാവുകയില്ല.