ലാഭം കിട്ടിയാല്‍ അത് മുഴുവന്‍ നടന് വേണം..; കുഞ്ചാക്കോ ബോബന്‍ പറയുന്നത് മാത്രല്ല കാര്യം, യഥാര്‍ത്ഥ കണക്കുകള്‍ പറയേണ്ടത് അവരാണ്: സജി നന്ത്യാട്ട്

‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സൗത്ത്‌ലൈവിനോട് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ സജി നന്ത്യാട്ട്. ചിത്രത്തിന് 11 കോടി രൂപ കളക്ഷന്‍ ലഭിച്ചു എന്ന് പറഞ്ഞത് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ മാത്രമാണ്. ഒടിടി, സാറ്റലൈറ്റ് തുടങ്ങിയ മറ്റ് റൈറ്റ്‌സുകളുടെയോ കേരളത്തിന് പുറത്ത് വിതരണം ചെയ്തതിന്റെ തുകയോ ഈ 11 കോടിയില്‍ വന്നിട്ടില്ല എന്നാണ് സജി നന്ത്യാട്ട് പറയുന്നത്.

കഴിഞ്ഞ രണ്ട് മാസമായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്ക് വിവരങ്ങള്‍ ഉള്ളത്. ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്ത് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തുകയായിരുന്നു. 13 കോടി അല്ല സിനിമയുടെ ബജറ്റ് എന്നും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ഈ വിഷയത്തിലാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം.

ഇത് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ മാത്രം

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമയ്ക്ക് 11 കോടി രൂപ തിയേറ്ററില്‍ നിന്നും കളക്ഷന്‍ വന്നുവെന്ന് പറയുന്നത് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ ആണ്. ഗ്രോസും നെറ്റും കുറച്ച് കഴിഞ്ഞിട്ടുള്ള കാര്യമാണ് ഈ പറയുന്നത്. പക്ഷെ അതിന് കേരളത്തില്‍ നിന്നും വെളിയില്‍ നിന്നും കിട്ടിയിട്ടുള്ള തുക ഇതില്‍ വന്നിട്ടില്ല. അതുപോലെ ഓവര്‍സീസ് റൈറ്റ് തുകയും ഇതില്‍ വന്നിട്ടില്ല. ഒടിടി, സാറ്റലൈറ്റ് തുടങ്ങിയ മറ്റ് റൈറ്റ്‌സുകളും ഈ പടത്തിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ 11 കോടി ഡിസ്ട്രിബ്യൂട്ടര്‍ക്ക് കിട്ടിയ ഷെയര്‍ ആണ്. 100 രൂപയ്ക്ക് ഒരാള്‍ ടിക്കറ്റ് എടുത്താല്‍ ആ 100 രൂപയും ഡിസ്ട്രിബ്യൂട്ടര്‍ക്കും പ്രൊഡ്യൂസറിനും ഉള്ളതല്ല. 100 രൂപ ടിക്കറ്റില്‍ 12 ശതമാനം ജിഎസ്ടി പോകും. 5 രൂപ സെസ് ആയിട്ടും തിയേറ്റര്‍ മെയിന്റനന്‍സിനുമായി പോകും.

പിന്നെ എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സ് ഉണ്ട്. മുന്‍സിപാലിറ്റിയില്‍ ആണെങ്കില്‍ 15 ശതമാനം വരെയുണ്ട്. കോര്‍പ്പറേഷന്‍ ആണെങ്കില്‍ 20 ശതമാനം വരെ. പഞ്ചായത്തിലാണ് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നതെങ്കില്‍ 4-5 ശതമാനം വരെ പോകും. ഇതെല്ലാം കഴിച്ച് 60 ശതമാനമാണ് ഡിസ്ട്രിബ്യൂട്ടര്‍ക്ക് ഷെയര്‍ കിട്ടുന്നത്. ബാക്കി തിയേറ്ററുകാര്‍ക്ക് 40 ശതമാനം ഷെയര്‍ ആണ്, ഹോള്‍ഡ് ഓവര്‍ ആയില്ലെങ്കില്‍. ഹോള്‍ഡ് ഓവര്‍ ആവുക എന്ന് പറഞ്ഞാല്‍, പടത്തിന് ന്യാമായ രീതിയില്‍ നിശ്ചിത പ്രപ്പോഷന്‍സില്‍ ടിക്കറ്റ് വിറ്റില്ലെങ്കില്‍ ഹോള്‍ഡ് ഓവര്‍ എന്ന് പറയും. സിനിമ എന്ന മാധ്യമത്തെ വെളിയില്‍ നിന്നും കാണുന്നത് പോലെയല്ല, ഇതിലെ കണക്കുകള്‍ കൃത്യമായി പഠിച്ചാല്‍ മാത്രമേ എന്താണ് ഈ പറയുന്നത് എന്നതിനെ കുറിച്ചൊരു ധാരണയുണ്ടാവുകയുള്ളു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വിജയം തന്നെ

കുഞ്ചാക്കോ ബോബന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വിജയമാണ്. ഒടിടി, സാറ്റലൈറ്റ് റൈറ്റുകളും കൊടുത്ത് കഴിയുമ്പോള്‍ കേരളത്തിന് വെളിയിലുള്ള വിതരണത്തില്‍ നിന്നും ലഭിച്ച പണം കൂടിയാവുമ്പോള്‍ നല്ല തുക കിട്ടുന്നുണ്ട്. ഇവിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത് എന്താണ്, 11 കോടി രൂപ ഫെബ്രുവരി വരെയുള്ള കണക്കാണ്. മാര്‍ച്ച് 20ന് ശേഷമാണ് കണക്ക് വെളിയില്‍ വിടുന്നത്. 20-ാം തിയതി വരെയുള്ള കണക്ക് അതില്‍ വന്നിട്ടില്ല. വ്യക്തമായി പഠിക്കാതെയാണ് ഇത് പുറത്തുവിടുന്നത്. മാത്രമല്ല 13 കോടിയാണ് അതിന്റെ ബജറ്റ് എന്നാണ് അതിന്റെ പ്രൊഡ്യൂസര്‍ ഫിലിം ചേംബറിലും കേരള പ്രൊഡ്യൂസര്‍ അസോസിയേഷനിലും കൊടുത്തിട്ടുള്ള വിവരം. അത് എഴുതി കൊടുത്തിരിക്കുന്ന കാര്യമാണ്. പിന്നീട് സിനിമയ്ക്ക് കൂടുതല്‍ തുക ചിലവായിട്ടുണ്ടെങ്കില്‍ അത് അസോസിയേഷനെ അറിയിക്കേണ്ടത് പുള്ളിയുടെ ഉത്തരവാദിത്വമാണ്. അത് അറിയിച്ചിട്ടില്ല. അതുകൊണ്ട് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പ്രൊഡ്യൂസര്‍ക്കും ഡിസ്ട്രിബ്യൂട്ടര്‍ക്കും ലാഭം തന്നെയാണ്.

കുഞ്ചാക്കോ ബോബന്‍ പറയുന്നതില്‍ കാര്യമുണ്ട്, പക്ഷെ 11 കോടി എന്ന് പറയുന്നത് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍ മാത്രമാണ്. പറഞ്ഞു വരുമ്പോള്‍ രണ്ട് കൂട്ടരും പറയുന്നത് ശരിയാണ്. പക്ഷെ അതില്‍ കണക്കുകള്‍ കുറച്ച് കൂടി സുതാര്യമായി ഗ്രാസ് റൂട്ട് ലെവലില്‍ പഠിക്കുന്ന ഡിസ്ട്രിബ്യൂട്ടര്‍ക്ക് മാത്രമേ പറയാനാവുകയുള്ളു. പൊതുവെ ആള്‍ക്കാര്‍ക്ക് ഈ കണക്ക് പെട്ടെന്ന് ബോധ്യം വരണമെന്നില്ല. അതാണ് ഇതില്‍ സംഭവിച്ചിരിക്കുന്നത്.

ലാഭം മുഴുവന്‍ വേണമെന്ന് നടന്‍

നിര്‍മ്മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും പല അഭിപ്രായങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണല്ലോ? ഇത് യഥാര്‍ത്ഥ കണക്കുകള്‍ അല്ലയെന്നുള്ള വാദമാണ് പലരും ഉന്നയിക്കുന്നത്. ഒരു ചലച്ചിത്രത്തിന് കേരളത്തില്‍ തിയേറ്ററുകളില്‍ ലഭിച്ച ഒരു മാസത്തെ കണക്കാണ് പുറത്തു കൊടുത്തത്, അതില്‍ പ്രദര്‍ശനം നിര്‍ത്തിയതും, തുടരുന്നതുമായ ചിത്രങ്ങള്‍ ഉണ്ട്. ചിലവായ തുക എത്രയെന്നത് ഒരു നിര്‍മ്മാതാവും, സംവിധായകനും, പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചേര്‍ന്ന് സംഘടനയില്‍ ചിത്രം തുടങ്ങുന്നത്തിന് മുമ്പ് നല്‍കുന്ന പ്രോജക്ട് റിപ്പോര്‍ട്ടിലെ കണക്കാണ്, അതില്‍ ഓരോ വ്യക്തിക്കും കൊടുക്കുന്ന പ്രതിഫലവും, ബാറ്റയും ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് തന്നെ അത് ആധികാരികമായ കണക്ക് തന്നെയാണ്. വരവ് രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന കണക്കാണ്. മറ്റ് റൈറ്റുകള്‍ വിറ്റുവെങ്കില്‍ അതിന്റെ ആധികാരികമായ കണക്കുകള്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ തന്നെയേ ഉണ്ടാവൂ.

ഭൂരിപക്ഷ ചിത്രങ്ങളും നഷ്ടം എന്ന് പറയാന്‍ കാരണം തിയേറ്റര്‍ കളക്ഷന്‍ കൂടാതെ മറ്റ് വരുമാനങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നില്ല. ഒരു കോടി പ്രതിഫലം വാങ്ങുന്ന ഒരു നടന്റെ ആ ചിത്രം നിര്‍മ്മിക്കപെടുമ്പോള്‍ കുറഞ്ഞത് 5 കോടി രൂപ ചിലവ് വരും, ആ 5 കോടി തിരികെ ലഭിക്കണമെങ്കില്‍ ആ ചിത്രം കുറഞ്ഞത് 12 കോടി രൂപ ഗ്രോസ് കളക്ഷന്‍ ലഭിക്കണം. അങ്ങനെ വരുമ്പോള്‍ ഉദ്ദേശം 9 കോടി നെറ്റ് ലഭിക്കും, അത് ലഭിച്ചാല്‍ നിര്‍മ്മാതാവിന് 5 കോടി തിരികെ ലഭിക്കും. ഇത് തിയേറ്റര്‍ കളക്ഷന്‍ അധികരിച്ചുള്ള കണക്കാണ്, ഇതിന് പുറമെ മറ്റ് റൈറ്റുകള്‍ വിറ്റാല്‍ നിര്‍മ്മാതാവിന് ആ പ്രോജക്റ്റ് ലാഭം ആകും. ഇവിടെ സൂചിപ്പിക്കുന്ന കണക്കുകള്‍ പ്രകാരം മിക്ക ചിത്രങ്ങള്‍ക്കും ഒരു നടന് നല്‍കുക പ്രതിഫലത്തിന്റെ ആനുപാതികമായി ചിത്രങ്ങള്‍ കളക്ട് ചെയ്യുന്നില്ല എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം എന്ന കാര്യം സംഘടന പറയുന്നത്. പ്രതിഫലം മേടിക്കാതെ അഭിനയിക്കാം എന്ന് ഒരു നടന്‍ പറഞ്ഞു, പക്ഷെ മറ്റ് റൈറ്റുകള്‍ വില്‍ക്കുന്ന തുക അദ്ദേഹത്തിന് നല്‍കണം, എന്നാല്‍ ലാഭത്തിന്റെ ആനുപാതികമല്ല അദ്ദേഹം ആവശ്യപ്പെടുന്നത്, ലാഭം കിട്ടിയാല്‍ അത് മുഴുവന്‍ വേണം.

Read more