സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പേരില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്നുവെന്ന മുന്നറിയിപ്പുമായി നടി സജിത മഠത്തില്‍. താന്‍ നിര്‍മ്മാണ പങ്കാളിയാകുന്ന സിനിമയില്‍ വേഷമുണ്ടെന്ന് വിശ്വസിപ്പിച്ച് മൂന്നു ലക്ഷം തട്ടിയെടുത്തുവെന്നാണ് സജിത പറയുന്നത്.
ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ആളുടെ ചിത്രവും നടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
നടിയുടെ കുറിപ്പ്
സജിത മഠത്തിലിനു സംഭവിച്ചതു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ( ഈ ടൈറ്റിലിന് പറ്റിയ ഒരു വിഷയം )
അപ്പോ സുഹൃത്തുക്കളെ താഴെ കാണുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂണ്‍ എന്നാണെത്രെ. അയാള്‍ക്ക് സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ഒരിക്കലെന്നെ വിളിച്ച് സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞു. മറ്റൊരു ദിവസം ആവട്ടെ എന്നും പറഞ്ഞു. പക്ഷെ ശേഷം വിവരമൊന്നുമില്ല. പിന്നീട് കക്ഷിയുടെ മെസേജ് വരുന്നത് ഞാന്‍ വാട്‌സപ്പ് സ്റ്റാറ്റസ്സായി ഒരു ഓഡിഷന്‍ കോള്‍ ഷെയര്‍ ചെയ്തപ്പോഴാണ്. അയാളുടെ ഒരടുത്ത സുഹൃത്തിന്റെ മകനെ അഭിനയിപ്പിക്കാന്‍ ഈ സിനിമയില്‍ പറ്റുമോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ്. അതില്‍ ഇമെയില്‍ ഉണ്ടല്ലോ അതിലേക്ക് അയക്കൂ എന്ന മറുപടിയും ഞാനയച്ചു. പിന്നീട് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് ചോദിച്ചു മെസേജ് വന്നു. അതിന്റെ കാസ്റ്റിങ്ങ് ഇന്ന ആളാണ് നടത്തുന്നത് എന്നു മറുപടിയും കൊടുത്തു. അതവിടെ കഴിഞ്ഞു.
ഇന്നലെ ഒരു ഗള്‍ഫിലെ ഒരു ടീനേജ് നടന്റെ പിതാവിന്റെ ഫോണ്‍ വരുന്നു. സജിത മഠത്തിലും കൂടി ചേര്‍ന്ന് നിര്‍മ്മിക്കുന്ന പടത്തില്‍ ഒരു കഥാപാത്രം മകന് പറ്റിയതുണ്ട് എന്നു പറഞ്ഞ് ഇതേ പ്രസൂണ്‍ ( ഇയാള്‍ രണ്ടുവര്‍ഷമായി ഈ പിതാവിന്റെ സുഹൃത്തുമായിരുന്നുവത്രെ!) മൂന്നു ലക്ഷം എന്റെ പേരില്‍ തട്ടിയെത്രെ! അതിനായി വലിയ ഒരു കഥയും അയാള്‍ മെനഞ്ഞെടുത്തിട്ടുണ്ട്.
സിനിമ നടക്കുന്നില്ലെന്ന് മനസ്സിലായതിനാല്‍ അയാള്‍ പ്രസൂണിനോട് പണം തിരിച്ച് ചോദിച്ചു. കക്ഷി അതോടെ ഫോണ്‍ പൂട്ടി വെച്ച് മുങ്ങി. ഇനി എന്തു ചെയ്യും?
ആ രക്ഷിതാവിന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടണം. അതേ പോലെ എന്റെ പേര് അനാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് വലിച്ചിടാനും പറ്റില്ല. അതിനാല്‍ ഈ വിവരം നിയമപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുണ്ട്. ഈ കക്ഷിയെ ഏതെങ്കിലും രീതിയില്‍ പരിചയമുണ്ടെങ്കില്‍ എന്നെ അറിയിക്കണേ.