താരസംഘടനയായ ‘അമ്മ’യുടെ പൊതുവാര്‍ഷിക യോഗം നടക്കുന്നതിനിടെ നടന്‍ സലീം കുമാര്‍ ഇടവേള ബാബവിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണ് ഇടവേള ബാബു. സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ അമ്മ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 1994ല്‍ അമ്മ രൂപവത്കൃതമായതിന് ശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം.
മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് ജനറല്‍സെക്രട്ടറി സ്ഥാനത്തിരുന്നപ്പോള്‍ അവരുടെ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018ല്‍ ആണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായത്.
സലിം കുമാറിന്റെ പോസ്റ്റ്:
ഇടവേള ബാബു, കാല്‍ നൂറ്റാണ്ടില്‍ അധികം ശ്ലാഘനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേള യാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് പക്ഷേ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബാബുവിന് അധികകാലം മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു കാരണം ‘ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’.