തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും ഉണ്ടായിരുന്നതെന്ന് സലിം കുമാര്‍. എന്നാല്‍ മണി ചികിത്സയ്ക്ക് തയാറായിരുന്നില്ല. രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നും സിനിമയില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയവും മണിക്ക് ഉണ്ടായിരുന്നു എന്നാണ് സലിം കുമാര്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
”മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കില്‍ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു. ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടര്‍ എന്നെ വിളിച്ചിട്ട് മണിയോട് ഒന്നു വന്ന് ചികിത്സ എടുക്കാന്‍ പറയെന്ന് പറഞ്ഞു.”
”എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്. സിംപിള്‍ ആയി മാറ്റാന്‍ പറ്റുമായിരുന്നു. അവന്‍ പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയില്‍ ഇരുന്നു പോലും സ്റ്റേജ് ഷോകള്‍ ചെയ്തിരുന്നു. അസുഖമുണ്ടെന്ന കാര്യം മണി അംഗീകരിക്കാന്‍ തയാറായിരുന്നില്ല.”
”ജനങ്ങള്‍ എന്തു വിചാരിക്കും, സിനിമാക്കാര്‍ അറിഞ്ഞാല്‍ അവസരങ്ങള്‍ നഷ്ടമാകുമോ, എന്നെല്ലാമുള്ള ഭയമായിരുന്നിരിക്കാം. യാഥാര്‍ഥ്യത്തിന്റെ പാതയില്‍ പോയിരുന്നെങ്കില്‍ മണി ഇന്നും ജീവിച്ചിരുന്നേനെ” എന്നാണ് സലിം കുമാര്‍ പറയുന്നത്.
അതേസമയം, 2016ല്‍ ആയിരുന്നു അപ്രതീക്ഷിതമായി കലാഭവന്‍ മണി വിടവാങ്ങിയത്. നാല്‍പ്പത്തിയഞ്ചാം വയസിലാണ് നടന്‍ വിടപറഞ്ഞത്. കരള്‍ രോഗ ബാധിതനായിരുന്നു മണി. 2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും മരിക്കുകയായിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് ആയിരുന്നെന്ന് സലിം കുമാര്‍ തുറന്നു പറഞ്ഞിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായും താരം പറഞ്ഞിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെയാണ് താരം ആരോഗ്യം വീണ്ടെടുത്തത്.