അന്നു മുതല്‍ അമൃതാനന്ദമയിയുടെ പൂര്‍ണ്ണ ഭക്തനായി' കാരണം വെളിപ്പെടുത്തി സലീംകുമാര്‍

അമൃത ഹോസ്പിറ്റല്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വമ്പന്‍ ബിസിനസ് സാമ്രാജ്യങ്ങളുടെ അധിപയാണ് അമൃതാനന്ദമയി. താന്‍ അവരുടെ ഭക്തനായി മാറിയ കഥ കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ സലീംകുമാര്‍ മനോരമയുമായി പങ്കുവെച്ചു. കരള്‍ രോഗവുമായി ബന്ധപ്പെട്ട ചികിത്സയുടെ ഭാഗമായാണ് അമൃതാനന്ദമയിയെ കണ്ടതെന്നും അവര്‍ ചെയ്തു തന്ന സഹായങ്ങള്‍ കൊണ്ടാണ് അവരുടെ ഭക്തനായി മാറിയതെന്നും സലീംകുമാര്‍ പറഞ്ഞു.

അമൃത ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടാണ് അമൃതാനന്ദമയിയെ കാണാന്‍ പോയത്. ചികിത്സാചെലവിന്റെ ഭാരം കുറച്ചു തരണമെന്ന് പറയാനായിരുന്നു അത്. എന്നാല്‍ നേരിട്ടു കണ്ടപ്പോള്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാനേ തോന്നിയുള്ളു. പക്ഷേ ഇറങ്ങുന്നതിനു മുമ്പ് അമൃതാനന്ദമയി തന്റെ ആവശ്യം അറിഞ്ഞ് അതിന് പരിഹാരവും പറഞ്ഞുവെന്നും ആ സംഭവമാണ് തന്നെ അവരുടെ കടുത്ത ആരാധകനാക്കി തീര്‍ത്തതെന്നും സലിം കുമാര്‍ പറയുന്നു.

സലിം കുമാര്‍ മനോരമയോട് പറഞ്ഞത് –

“കരള്‍ രോഗത്തിന്റെ ഓപ്പറേഷന്‍ അമൃത ഹോസ്പിറ്റലിലാണ് നടക്കുന്നത്. വലിയ പൈസ വേണ്ടിവരും. അപ്പോള്‍ അവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയെ പോയി കാണണം. ആത്മാഭിമാനിയായ ഞാന്‍ ചെന്ന് അമ്മയോട് എന്താണ് പറയേണ്ടത് ദാരിദ്ര്യമാണ് എന്ന് പറയാന്‍ പറ്റില്ലല്ലോ? എന്നെ സഹായിക്കണം എന്നും.

ഇന്നുവരെ ആരുടെ അടുത്തുപോലും പറഞ്ഞിട്ടില്ല എന്റെ അച്ഛന്റെ അടുത്തോ, ബന്ധുക്കളുടെ അടുത്തോ സഹോദരങ്ങളുടെ അടുത്തോ പറഞ്ഞിട്ടില്ല എന്നെ സഹായിക്കണമെന്ന്. മരണം വരെ പോകുകയും ചെയ്യില്ല. ഡോക്ടര്‍മാരുടെ നിര്‍ബന്ധപ്രകാരം ഞാന്‍ അമ്മയെ കാണാന്‍ ചെന്നു. ഇരിക്കാന്‍ പറഞ്ഞു. എന്താണ് വന്നത് അമ്മയോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു.

എനിക്കൊരു പരാതിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ മോന്‍ പറഞ്ഞോളാന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് നടന്നതാണ്. എനിക്കിപ്പോള്‍ 46 വയസായി. അമൃതാ ഹോസ്പിറ്റലിലെ റജിസ്റ്ററില്‍ 56 വയസാണ് അതൊന്നു മാറ്റിത്തരണം എന്ന് പറഞ്ഞു. ഇതുകേട്ടതും അമ്മ അര മണിക്കൂറോളം ചിരിച്ചു എന്നിട്ടു പറഞ്ഞു.

പൈസയുടെ കാര്യത്തില്‍ ഒന്നും കൊണ്ടും വിഷമിക്കേണ്ട, ഹോസ്പിറ്റലില്‍ പോയി അഡ്മിറ്റായി ഓപ്പറേഷന്‍ ചെയ്യുക. മോനെ എനിക്ക് വേണം. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാള് പറയുന്നത്. അന്നു മുതല്‍ അമൃതാനന്ദമയിയുടെ ഭക്തനായി.

പിന്നീട് ഞാന്‍ ആലോചിച്ചു. എന്തുകൊണ്ടായിരിക്കും അമ്മ അങ്ങനെ പറഞ്ഞത്. ചെല്ലുന്ന എല്ലാ ആളുകള്‍ക്കും ദുരന്തകഥകളാകും പറയാനുള്ളത്. അതിനിടെയാണ് ഞാന്‍ ഈ കോമഡിയുമായി ചെല്ലുന്നത്.”സലിം കുമാര്‍ പറഞ്ഞു.

കടപ്പാട് മനോരമ