ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം അകലെയല്ല..; പിറന്നാള്‍ ദിനത്തില്‍ സലിം കുമാര്‍

തന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ സലിം കുമാര്‍. ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം വളരെ അകലെയല്ല എന്നു പറഞ്ഞു കൊണ്ടാണ് സലിം കുമാറിന്റെ കുറിപ്പ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിലവില്‍ സിനിമയില്‍ അത്ര സജീവമല്ല സലിം കുമാര്‍. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള നടന്റെ കുറിപ്പ് ചര്‍ച്ചയാവുകയാണ്.

സലിം കുമാറിന്റെ കുറിപ്പ്:

ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു.

എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്.അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സലിം കുമാര്‍.

അതേസമയം, മിമിക്രിയിലൂടെ മലയാള സിനിമ രംഗത്തേക്ക് ചുവട് വച്ച നടന്‍ ആണ് സലിം കുമാര്‍. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരം പിന്നീട് ക്യാരക്ടര്‍ റോളുകളിലും തിളങ്ങി. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.