മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് സലിം കുമാർ. മലയാളികൾ എല്ലാ കാലത്തും ഓർത്തിരിക്കുന്ന ഒരുപാട് നല്ല കോമഡി രംഗങ്ങൾ സലിം കുമാർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പുലിവാൽ കല്ല്യാണത്തിലെ മണവാളൻ, കല്ല്യാണ രാമനിലെ പ്യാരി എന്നീ കഥാപാത്രങ്ങളൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ടതാണ്.
സലിം അഹമദ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സലിം കുമാർ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കരിയറിൽ താൻ ചെയ്യാതെ പോയ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാർ.
ബാല സംവിധാനം ചെയ്ത് ആര്യ നായകനായെത്തിയ ‘നാൻ കടവുൾ’ എന്ന ചിത്രത്തിലെ വില്ലൻ വേഷം താൻ വേണ്ടെന്ന് വെച്ചതാണെന്നാണ് സലിം കുമാർ പറയുന്നത്. എന്നാൽ ഡേറ്റ് ഇഷ്യൂ കാരണം അത് നീണ്ടു പോവുകയും പിന്നീട് ആ സിനിമയിൽ നിന്ന് പിന്മാറുകയാണുണ്ടായാതെന്നും സലിം കുമാർ പറയുന്നു.
“വിട്ട് കളഞ്ഞിട്ട് കുറ്റബോധം തോന്നിയ ഒരുപാട് വേഷങ്ങളുണ്ട്. അതൊക്കെ തമിഴിലാണ്. തമിഴിൽ ബാല സംവിധാനം ചെയ്ത നാൻ കടവുൾ എന്ന ചിത്രത്തിലേക്ക് വില്ലനായിട്ട് എന്നെ വിളിച്ചിരുന്നു. എനിക്ക് കോൾ വരുമ്പോൾ തന്നെ പറഞ്ഞത്, സാർ ഇത് ലാൻഡ് ചെയ്യാൻ പറ്റിയ പടമാണ്, ഭാവനയാണ് ഇതിലെ നായിക എന്നാണ്. ഞാൻ ആദ്യം തന്നെ പറഞ്ഞു, എനിക്ക് തമിഴ് അറിയില്ലെന്ന്.
എന്നാൽ ആ ചിത്രത്തിൽ എല്ലാം മലയാളികൾ ആയിരുന്നു. സ്ക്രിപ്റ്റ് എഴുതുന്നത് ജോഷി സാറിൻ്റെയൊക്കെ സിനിമയിൽ എഴുതിയിട്ടുള്ള ആളാണ്. ചിത്രത്തിൽ കൊളപുള്ളി ലീലയുണ്ട്, ഭാവനയുണ്ട്, പിന്നെ നടൻ ആര്യ പാതി മലയാളിയാണ്. അങ്ങനെ ഞാൻ സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഒരുപാട് പേരോട് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു, അത് വിട്ട് കളയരുതെന്ന്. അങ്ങനെ ഓക്കെ പറഞ്ഞപ്പോൾ ഡേറ്റൊക്കെ എനിക്ക് അയച്ചു തന്നു.
പിന്നീട് സെറ്റിൻ്റെ പണിയൊക്കെ ഉള്ളത് കൊണ്ട് ഒരു മാസം കൂടി അതിന്റെ ഷൂട്ട് തുടങ്ങുന്നത് നീണ്ടു. ആ സമയത്ത് എനിക്ക് തോന്നി, ഈ പടം ചെയ്താൽ എനിക്ക് മലയാളത്തിൽ സിനിമയുണ്ടാവില്ലെന്ന്. അതിന് വേണ്ടി താടി വളർത്തുന്നുണ്ടായിരുന്നു ഞാൻ. ആ താടിയുമായി ചിലപ്പോൾ ഹിമാലയത്തിലേക്ക് പോവേണ്ടി വരും ഞാൻ. പിന്നെ ഞാൻ വിളിച്ചിട്ട് ആ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞു.” എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞത്.