സോഷ്യല്‍ മീഡിയയിലെ തന്ത വൈബ്, അമ്മാവന്‍ വിളികളോട് പ്രതികരിച്ച് നടന്‍ സലിം കുമാര്‍. ഈ 2കെ കിഡ്‌സ് എന്ന് പറയുന്നവര്‍ എന്തെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ എന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്. നമ്മുടെ കാലഘട്ടത്തിലുള്ളവര്‍ കണ്ടുപിടിച്ച കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്ന വര്‍ഗമാണ് ന്യൂജെന്‍ എന്ന് പറയുന്നവര്‍ എന്നാണ് സലിം കുമാര്‍ പറയുന്നത്. മാത്രമല്ല, ഫുഡ് വ്‌ളോഗ് എന്ന പേരിലുള്ള വീഡിയോകളെ നടന്‍ ട്രോളുന്നുമുണ്ട്.
മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യോത്സവത്തിലാണ് സലിം കുമാര്‍ സംസാരിച്ചത്. ”ഞാനൊരു കാര്യം ചോദിക്കട്ടെ, പഴയ കാലഘട്ടക്കാരെ അമ്മാവന്‍, അപ്പൂപ്പന്‍ എന്ന് എന്ത് വേണമെങ്കിലും വിളിക്കട്ടെ. ഈ പുതിയ 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചേക്കണത്? കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് അവരല്ല, അത് അവര് ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത് അവരല്ല, അതും ഉപയോഗിക്കുന്നുണ്ട്.”
”ഞങ്ങളുടെ തലമുറയില്‍പെട്ട ആളുകള്‍ കണ്ടുപിടിച്ച സാധനങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗ്ഗം. അതാണ് ന്യൂജെന്‍. ഇവര് കണ്ടുപിടിച്ചിട്ടുണ്ട്, ഗയ്‌സ് ഇവിടെ നല്ല ചായ കിട്ടും ഗയ്‌സ്.. ഉണ്ടംപൊരി കിട്ടും ഗയ്‌സ്.. എന്നല്ലാതെ ഞാന്‍ ഇത് കണ്ടുപിടിച്ചു എന്നൊന്ന് പറഞ്ഞു താ നിങ്ങള്‍. ഫുഡ് എവിടെ കിട്ടുമെന്ന് അറിയില്ല, എന്നിട്ട് ഫുഡ് വ്‌ളോഗര്‍ എന്ന് പറയും.”
”ഇവിടെ നല്ല ഉണ്ടംപൊരിയും ചായയും കിട്ടും, ഗയ്‌സ് നല്ല അലുവയും മീന്‍കറിയും കിട്ടും ഇവിടെ, അങ്ങനെ വൃത്തികെട്ട കോമ്പിനേഷന്‍. ഒരു നല്ല കോമ്പിനേഷന്‍ ആണെങ്കില്‍ കുഴപ്പമില്ല. പേര് കേട്ടിട്ടുണ്ടോ ചായക്കടകളുടെ, കുഞ്ഞുമോന്റെ അപ്പന്റെ ചായക്കട, അളിയന്റെ മോന്റെ ചായക്കട.. പണ്ട് എന്തൊക്കെ ആയിരുന്നു..”
”ഹോട്ടല്‍ വൃന്ദാവനം, ഹോട്ടല്‍ ഹരേ കൃഷ്ണ ഹരേ രാമാ അങ്ങനെ ഭക്തിനിര്‍ഭരമായ പേരായിരുന്നു. ഇപ്പോള്‍ ആദാമിന്റെ മോന്റെ ചായക്കട എന്നൊക്കെ പേരിട്ട്, നല്ല പേരിട്ടു കൂടെ. എന്നിട്ട് നാടന്‍ പൊറോട്ട കിട്ടുമെന്ന്. ഫോറിനില് എത്ര രാജ്യത്താണെന്ന് അറിയാമോ പൊറോട്ടയുള്ളത്” എന്നാണ് സലിം കുമാര്‍ പറയുന്നത്.