ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച്, കോമഡി താരവും, സഹതാരവും, നായക നടനുമായി ഇന്ന് മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് സലിം കുമാർ. ഇപ്പോഴിതാ നടനാവുന്നതിന് വേണ്ടി സലിം കുമാർ കടന്നുവന്ന വഴികളെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.
സലിം കുമാറിന്റെ ജീവിതകഥയിൽ നിന്നുള്ള ഒരു കുറിപ്പാണ് ഇപ്പോൾ വലിയ രീതിയിൽ പങ്കുവെക്കപ്പെടുന്നത്. ആദ്യമായി സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അവസരം കിട്ടിയെങ്കിലും കുറേ ദിവസത്തെ ഷൂട്ട് കഴിഞ്ഞതിന് ശേഷം തന്നെ ആ സിനിമയിൽ നിന്നും ഒഴിവാക്കിയെന്നാണ് സലിം കുമാർ കുറിപ്പിൽ പറയുന്നത്. തന്റെ സുഹൃത്തായിരുന്ന ദിലീപ് പോലും ഒഴിവാക്കിയ വിവരം തന്നോട് പങ്കുവെച്ചില്ലെന്നും സലിം കുമാർ ഓർക്കുന്നു.
“സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാന്‍ പോകില്ല’..ഈ ഡയലോഗ് ഞാന്‍ പച്ചക്കുതിര എന്ന സിനിമയില്‍,ദിലീപിനോട് പറയുന്നതാണ്.എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ എന്നെ മലയാളസിനിമയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാന്‍ കഴിയില്ല എന്ന് കരുത്തിയവനാണ് ഞാന്‍.
എന്റെ കഥ കേള്‍ക്കാന്‍ ഞാന്‍ നിങ്ങളെയെല്ലാവരേയും കുറച്ച് പിന്നോട്ട് നടത്തുകയാണ്.ഞാന്‍ സിനിമയിലെത്തി കുറച്ച് കാലം കഴിഞ്ഞിട്ടും അഭിനയം ഒരു സ്ഥിരം തൊഴില്‍ ആയിട്ടോ,അതില്‍ നിന്ന് കിട്ടുന്ന കാശ് സ്ഥിരവരുമാനമായോ കണ്ടിരുന്നില്ല. ഇഷ്ടമാണ്_നൂറുവട്ടം,മേരാ_നാം_ജോക്കര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഞാന്‍ നന്ദു പൊതുവാള്‍,ജോര്‍ജ് ഏലൂര്‍,സന്തോഷ് കുറുമശ്ശേരി എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിന്‍ യൂണിവേഴ്‌സല്‍ എന്ന പേരില്‍ ഞങ്ങളുടെ ട്രൂപ്പില്‍ മിമിക്രി അവതരിപ്പിച്ചു വരികയാണ്.അന്ന് എന്റെ വീട്ടില്‍ ഫോണ്‍ ഇല്ല.എന്റെ കോണ്ടാക്ട് നമ്പര്‍,ചിറ്റാട്ടുകര എന്ന എന്റെ നാട്ടിലെ ഒരു മരണാനന്തര സഹായസംഘത്തിന്റേതാണ്.
ഒരു ദിവസം അവിടെ എനിക്കൊരു കോള്‍ വന്നു.കോട്ടയത്ത് സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയുടെ സെറ്റില്‍ നിന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിത്തു പനക്കല്‍ ആയിരുന്നു എന്നെ വിളിച്ചത്.ആ സിനിമയില്‍ എനിക്ക് ഒരു വേഷമുണ്ടെന്നും കലാഭവന്‍ മണി ചെയ്യാനിരുന്ന വേഷമാണെന്നും മണിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് എന്നെ വിളിക്കുന്നതെന്നും ഉടന്‍ തന്നെ വണ്ടി കയറണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു സിബി മലയിലിനെ പോലൊരു വലിയ സംവിധായകന്റെ ചിത്രത്തില്‍ എന്നെപ്പോലെ ഒരു തുടക്കക്കാരന് നല്ലൊരു വേഷം ലഭിക്കുകയെന്നത് എന്റെ ഭാഗ്യമായി ഞാന്‍ കരുതി.
ഒട്ടും താമസിച്ചില്ല.അടുത്ത ദിവസം തന്നെ ഞാന്‍ കോട്ടയത്തേക്ക് തിരിച്ചു.ആരോടും ഒന്നും പറയാന്‍ പോലും സമയം കിട്ടിയില്ല.കയ്യില്‍ കിട്ടിയ ഷര്‍ട്ടും പാന്റ്‌സും പൊതിഞ്ഞെടുത്ത് ഞാന്‍ നേരെ സെറ്റിലെത്തി.ഒരു പാരലല്‍ കോളേജിലെ പ്യൂണിന്റെ വേഷമാണ്.സിബി സര്‍ എന്റെ സ്റ്റേജ് പ്രകടനമോ ഏഷ്യാനെറ്റില്‍ ഞാന്‍ മുന്‍പ് അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികളോ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല.ഏഷ്യാനെറ്റിലെ ഞാന്‍ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട ആ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കറിയാച്ചന്‍(നടന്‍ പ്രേം പ്രകാശ്)ചേട്ടന്റെ പ്രത്യേക താല്‍പര്യത്തിലാണ് മണിക്ക് പകരക്കാരനായി എന്നെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്.
നീ വരുവോളം എന്ന സിനിമയില്‍ എനിക്ക് ഏതാണ്ട് 11ഓളം സീനുകള്‍ ഉണ്ടായിരുന്നു.അതില്‍ 9 സീനുകള്‍ ചിത്രീകരിച്ചു.അടുത്തത് ജഗതി ചേട്ടനും തിലകന്‍ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു.എനിക്കാ സീന്‍ പറഞ്ഞു തന്നു.ഞാന്‍ പറയേണ്ട ഡയലോഗ് കാണാതെ പഠിച്ചു.പക്ഷേ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകന്‍ കട്ട് പറയുന്നു.ജഗതി ചേട്ടന്റെയും തിലകന്‍ ചേട്ടന്റെയും ടൈമിംഗ് എനിക്കില്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്.അന്ന് രാത്രി ഞാന്‍ ലോഡ്ജില്‍ തങ്ങി.പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസിറ്റന്റ് ആയ പ്രഭാകരന്‍ എന്റെ മുറിയില്‍ വന്ന് എന്നോട് പറഞ്ഞു..’തിലകന്‍ ചേട്ടന്‍ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകന്‍ ചേട്ടന്‍ വരുമ്പോള്‍ ഇനി ഞങ്ങള്‍ അറിയിക്കാം..അപ്പോള്‍ വന്നാല്‍ മതി’.ഞാന്‍ അത് വിശ്വസിച്ചു.സിനിമക്കുള്ളിലെ സിനിമ അന്ന് എനിക്ക് അറിയില്ലല്ലോ.
പ്രഭാകരന്‍ എന്നെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടിറക്കി.അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് ഞാന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു.മണിക്കൂര്‍ ഒന്ന് കഴിഞ്ഞു,രണ്ട് കഴിഞ്ഞു.പ്രഭാകരനെ കാണുന്നില്ല.എന്റെ കയ്യിലാണെങ്കില്‍ പത്ത് പൈസ പോലുമില്ല.ഷൂട്ടിങ്ങിന് വന്നത് തന്നെ കടം വാങ്ങിയ കാശുമായിട്ടാണ്.ട്രെയിന്‍ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു.ആരും വന്നില്ല.ഒടുവില്‍ പ്ലാറ്റ്‌ഫോമില്‍ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ കടം ചോദിച്ചു.നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആ തുക അയച്ചു തരാമെന്ന് താഴ്മയായി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹം ഉടനെ എന്റെ തോളില്‍ തട്ടി പറഞ്ഞു.’എടോ,തന്നെ ഞാന്‍ അറിയും..തന്റെ ടി.വി.പ്രോഗ്രാമുകള്‍ എല്ലാം ഞാന്‍ കാണാറുണ്ട്.താന്‍ കാശൊന്നും അയച്ചു തരണ്ട..തന്നെ സഹായിക്കാന്‍ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുണ്ട്’ ഇത്രയും പറഞ്ഞ് ആ മനുഷ്യന്‍ എനിക്ക് 20 രൂപ എടുത്തുതന്നു.ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് ഞാന്‍ ട്രെയിനില്‍ കയറി.സത്യത്തില്‍ വണ്ടി മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു.വീട്ടിലെത്തിയിട്ടും ഞാന്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല.എന്റെ തലവിധിയായിരിക്കും എന്ന് കരുതി സ്വയം സമാധാനിച്ചു.
പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് ആ ചിത്രത്തില്‍ നിന്ന് എന്നെ മാറ്റിയെന്ന്. പി.ആര്‍.ഒ വാഴൂര്‍ ജോസ് ആണ്,എന്നോട് പറഞ്ഞത് ആ വേഷം എനിക്ക് പകരം ഇന്ദ്രന്‍സ് അവതരിപ്പിച്ചെന്ന്. എന്റെ സുഹൃത്തായ ദിലീപ് പോലും എന്നെ മാറ്റിയ കാര്യം എന്നോട് പറഞ്ഞില്ല. സിനിമയില്‍ സ്‌നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി.
കാലം കുറേ കഴിഞ്ഞു പോയി.ഞാന്‍ തിരക്കുള്ള നടനായി.ഒരു ദിവസം കറിയാച്ചന്‍ (പ്രേം പ്രകാശ്) ചേട്ടന്റെ ഫോണ്‍ എനിക്ക് വന്നു.രണ്ട് ദിവസത്തേക്ക് എന്റെ ഡേറ്റ് വേണം.സിബി മലയില്‍ സര്‍ ആണ് സംവിധാനം.സിനിമയുടെ പേര് എന്റെ_വീട്_അപ്പൂന്റേം. ഒരു നിമിഷം ഞാന്‍ ദൈവത്തെ ഓര്‍ത്തു,ഒപ്പം കോട്ടയം റെയില്‍വേ സ്റ്റേഷനെയും.ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,ഇപ്പോള്‍ എന്തായാലും എനിക്ക് ഡേറ്റ് ഇല്ല.ഞാന്‍ അഭിനയിക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴം,തിളക്കം എന്നീ സിനിമകളുടെ ഷൂട്ട് ഒരേ സമയം നടക്കുകയാണ്.രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താല്‍ ഡേറ്റ് തരാം.കറിയാച്ചന്‍ ചേട്ടന്‍ വീണ്ടും റിക്വസ്റ്റ് ചെയ്തു.ഞാന്‍ അപ്പോള്‍ ഞാന്‍ അന്ന് വാങ്ങുന്നതിന്റെ ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ടു.അദ്ദേഹം അതും സമ്മതിച്ചു.
ആലുവയായിരുന്നു ലൊക്കേഷന്‍.ഞാന്‍ ചെന്നിറങ്ങുമ്പോള്‍ യൂണിറ്റിലുള്ള ആളുകള്‍ ഓരോരുത്തരും വന്നു എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു.എനിക്ക് സത്യത്തില്‍ കാര്യം മനസ്സിലായില്ല.അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു,’സാര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, നീ വരുവോളം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും സാറിനെ പറഞ്ഞു വിടുമ്പോള്‍ ഞങ്ങള്‍ തന്നെയായിരുന്നു യൂണിറ്റ്. ഇന്നിപ്പോള്‍ രണ്ട് ദിവസമായി സെറ്റ് മുഴുവന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.ഇപ്പോഴും ഞങ്ങള്‍ തന്നെയാണ് യൂണിറ്റ്’. എന്റെ കണ്ണു നിറഞ്ഞു പോയി.ഞാന്‍ അവരോട് പറഞ്ഞു,’അന്ന് എന്റെ മോശം സമയമായിരുന്നു..ഇന്ന് നല്ല സമയവും..മോശം സമയത്ത് എന്ത് ചെയ്താലും മങ്ങിപ്പോകും,സമയം നന്നാകുമ്പോള്‍ അഭിനയം നന്നാകും.. എല്ലാതും നന്നാകും..’
ആ സിനിമയില്‍ അഭിനയിച്ചു കുറച്ച് കാലം കഴിഞ്ഞാ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് സിബി സര്‍ ചെയര്‍മാനായിട്ടുള്ള ജൂറി കമ്മിറ്റി എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു.അവാര്‍ഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറില്‍ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അഭിനയിക്കാന്‍ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ 7 മണിക്കൂറുകളോളം ട്രെയിന്‍ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാര്‍ എന്ന സാധുമനുഷ്യന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.” എന്നായിരുന്നു സലിം കുമാറിന്റെ കുറിപ്പ്.