മലയാളത്തിലെ അഭിനേതാക്കള്‍ എനിക്ക് പ്രചോദനം, ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിയിട്ടുണ്ട്: സമാന്ത

മലയാള സിനിമയിലെ അഭിനേതാക്കളെ പ്രശംസിച്ച് നടി സമാന്ത. അഭിനയത്തില്‍ അവര്‍ തനിക്ക് പ്രചോദനമാണെന്ന് നടി പറഞ്ഞു. മലയാളത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് ജന്മനാ അഭിനയം അറിയാവുന്ന പോലെ തോന്നാറുണ്ടെന്നും മലയാള സിനിമകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും നടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ശാകുന്തളത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

‘മലയാള സിനിമയിലെ അഭിനേതാക്കള്‍ എനിക്ക് പ്രചോദനമാണ്. അവര്‍ക്ക് ജന്മനാ അഭിനയം അറിയാവുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ അഭിനയം ആവര്‍ത്തന വിരസമാകുമ്പോള്‍ മലയാള സിനിമകള്‍ കാണും. മലയാള സിനിമകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

സബ്ടൈറ്റില്‍ വച്ചാണ് കാണാറുള്ളതെങ്കിലും, മലയാളത്തിലെ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ‘സൂപ്പര്‍ ഡീലക്‌സില്‍’ ആയിരുന്നു ഞാന്‍ ഫഹദിന്റെ കൂടെ അഭിനയിച്ചത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട് . ഇനി അവസരം ലഭിക്കുവാണെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാനാണ് എനിക്ക് ആഗ്രഹം’, സാമന്ത പറഞ്ഞു.

Read more

സാമന്ത കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ‘ശകുന്തളം’ ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും. മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘ശാകുന്തളം’. വെങ്കിടേശ്വര ക്രിയേഷന്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഗുണശേഖര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.