സാമന്തയെ 'ജയിലിൽ അടയ്ക്കണം' എന്ന് ഡോക്ടർ; ഇനി ശ്രദ്ധാലുവായിരിക്കും, ആരെയും ഉപദ്രവിക്കണമെന്ന് ഉദ്ദേശിച്ചില്ലെന്ന് താരം

വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരുന്നു. ഇതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സം രംഗത്തെത്തിയിരുന്നു. ഡോക്ടറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്തയിപ്പോൾ.

കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നിട്ടുണ്ട്. കർശനമായും നിർദേശിച്ചിരുന്ന എല്ലാകാര്യങ്ങളും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫഷണൽ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു അത്.

ഈ ചികിത്സകളിൽ പലതും വളരെ ചെലവേറിയതായിരുന്നു. എന്നെ പോലെയുള്ള ഒരാൾക്ക് ഇത് താങ്ങാൻ സാധിക്കുന്നതിൽ ഞാൻ എന്ത് ഭാഗ്യവതിയാണെന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരവസ്ഥയിൽ ഇതിന് സാധികാത്ത ആളുകളെക്കുറിച്ചും ഞാൻ ചിന്തിക്കാറുണ്ട്. ഈ രണ്ട കാര്യങ്ങൾ എന്നെ മറ്റ് ചികിത്സാരീതികൾ കുറിച്ചും മറ്റും തിരയാൻ പ്രേരിപ്പിച്ചു. ഇതിൽ എനിക്ക് പ്രയോജനം ചെയ്ത ചില ചികിത്സാരീതികൾ ഞാൻ കണ്ടെത്തി’ എന്നും കുറിപ്പിൽ പറയുന്നു.

25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സരീതി നിർദേശിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ല എന്നും അതിനാൽ ഇതുപോലെയുള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു. തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും കുറിപ്പിൽ പറയുന്നു.

അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നത് എന്നുപറഞ്ഞാണ് സാമൂഹികമാധ്യമത്തിൽ ലിവർ ഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയത്. ആരോ​ഗ്യശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്ത എന്നും അദ്ദേഹം പറഞ്ഞു.

പുരോ​ഗമനസമൂഹത്തിൽ പൊതുജനാരോ​ഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചാർത്തി സാമന്തയ്‌ക്ക് കർശനമായ ശിക്ഷ നൽകണമെന്നും താരത്തെ ജയിലിൽ അടയ്ക്കണമെന്നും ഡോക്ടർ കുറിച്ചിരുന്നു.