പൊതുവേദിയില്‍ വെച്ച് നടി നയന്‍താരയെ പരിഹസിച്ച രാധാ രവിയ്ക്ക് തക്ക മറുപടിയുമായി സാമന്ത അക്കിനേനി. “ഇക്കാലത്തും പ്രസക്തനാണെന്നു തെളിയിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു.. നിങ്ങളുടെ ആത്മാവിനും മനസ്സാക്ഷിയില്‍ കുറച്ചെങ്കിലും നല്ലതായി അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനും ശാന്തി നേരുന്നു. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് അയച്ചു തരാം. പോപ്കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ..” സാമന്ത ട്വിറ്ററിലൂടെ പ്രതികരിച്ചു.
എന്നാല്‍ സാമന്തയുടെ പ്രതികരണത്തിനും സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. സ്വന്തം സഹപ്രവര്‍ത്തകയുടെ കാര്യത്തില്‍ ഇത്ര വേവലാതിപ്പെടുന്ന നിങ്ങള്‍ പൊള്ളാച്ചി വിഷയത്തില്‍ എന്തു കൊണ്ട് പ്രതികരിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വച്ചാണ് രാധാ രവി മോശമായി സംസാരിച്ചത്. നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. “അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും. തമിഴ്സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം” രാധാ രവി പറഞ്ഞു.