'കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഭാര്യാ കഥാപാത്രമാണിത്'; 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'യെ കുറിച്ച് സംവൃത സുനില്‍

രസികന്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ ജോസ് മലയാളത്തിനു പരിചയപ്പെടുത്തിയ പുതുമുഖമാണ് സംവൃത സുനില്‍. നാട്ടിന്‍പുറത്തുകാരിയായി വന്ന സംവൃത തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, നീലത്താമര, ഹാപ്പി ഹസ്‌ബെന്റ്‌സ്, സ്വപ്‌നസഞ്ചാരി, കോക്ക്‌ടെയില്‍, മാണിക്യക്കല്ല്, ഡയമണ്ട് നെക്ക്‌ലെസ്, അരികെ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സംവൃത ആറ് വര്‍ഷത്തിനു ശേഷം ബിജു മേനോന്‍ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ തനിനാട്ടിന്‍ പുറത്തുകാരിയുടെ വേഷത്തിലാണ് സംവൃത എത്തുന്നത്. ചിത്രത്തിലെ ഗീത എന്ന ഭാര്യാ കഥാപാത്രം കരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്നതാണെന്നാണ് സംവ്യത പറയുന്നത്.

“ചിത്രത്തില്‍ ബിജു ചേട്ടന്റെ കഥാപാത്രമായ സുനി ചേട്ടന്റെ ഭാര്യയായ ഗീത എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു മകളുണ്ട്. വളരെ ചെറിയൊരു കുടുംബമാണ്. വളരെ പ്രത്യേക സ്വഭാവമുളളയാളാണ് സുനി ചേട്ടന്‍. അങ്ങനെയുളള ഒരു ഭര്‍ത്താവിനെ സ്‌നേഹിച്ച് കുടുംബത്തെ നോക്കി കൊണ്ടുപോകുന്ന ഭാര്യയാണ് ഗീത. വളരെ സാധാരണക്കാരിയായ പെണ്‍കുട്ടി. എനിക്ക് തോന്നുന്നു കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഭാര്യയാണ് ഗീത.” ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ സംവൃത പറഞ്ഞു.

ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി പ്രജിത്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. അലന്‍സിയര്‍ , സൈജു കുറുപ്പ്, സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാര്‍ ,ദിനേശ് പ്രഭാകര്‍ ,മുസ്തഫ , ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

Read more

ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.