ബിജുമേനോന്‍ നായകനായി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് മടങ്ങിയെത്തുകയാണ് നടി സംവൃത സുനില്‍. എന്ത് കൊണ്ട് തിരിച്ചുവരാന്‍ തീരുമാനിച്ചുവെന്നും ആ തിരിച്ചുവരവിന് എന്തിന് “സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ” എന്ന ചിത്രം തിരഞ്ഞെടുത്തു എന്നും മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ സംവൃത പറയുന്നു.
“സിനിമാ മേഖലയില്‍ നിന്ന് മാറി നിന്നപ്പോള്‍ പോലും നല്ല ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നു. ഇന്ന് സിനിമ എത്രയോ മാറിയിരിക്കുന്നു. വളരെ ചെറിയ കഥയാണെങ്കിലും രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചു നിര്‍ത്താന്‍ ഈ സിനിമകള്‍ക്ക് സാധിക്കുന്നു. അത് കൊണ്ട് തന്നെ പല സിനിമകള്‍ കാണുമ്പോഴും ഞാനും ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അതില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോയുടെ സംവിധായകന്റെ ആദ്യ ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയും തിരക്കഥാകൃത്തിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെല്ലാം. അതുകൊണ്ട് തന്നെ, ഇതുപോലൊരു ടീമില്‍ നിന്ന് മികച്ച രീതിയിലുള്ള ഒരു സിനിമയില്‍ ഭാഗമാവാന്‍ സാധിച്ചതിനാലാണ് പ്രധാനമായും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ തിരഞ്ഞെടുക്കാന്‍ കാരണം.” സംവൃത പറയുന്നു.
പ്രണയവും കുടുംബവും കോര്‍ത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്.
അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.