ടൊവിനോ തോമസ് ചിത്രം ‘തീവണ്ടി’യിലൂടെ ശ്രദ്ധേയമായ താരമാണ് സംയുക്ത. പിന്നീട് ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, വെള്ളം, ആണും പെണ്ണും, കടുവ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു സംയുക്ത കാഴ്ചവെച്ചത്. ഇപ്പോൾ മലയാളത്തിന് പുറമെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സജീവമാണ് താരം.
ഇപ്പോഴിതാ മലയാളത്തിൽ നിന്നും വ്യത്യസ്തമായി തെലുങ്കിൽ അഭിനയിക്കുമ്പോഴുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംയുക്ത. ഭാഷ കൊണ്ടല്ല, മേക്കപ്പ് കൊണ്ട് തെലുങ്ക് ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നാണ് സംയുക്ത പറയുന്നത്. കൂടാതെ മലയാള സിനിമ ചെയ്യുമ്പോൾ മേക്കപ്പ് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നുവെന്നും താരം വെളിപ്പെടുത്തി.
“ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്. പറയുന്നത് വിഡ്ഢിത്തരമായി തോന്നാം പക്ഷേ എനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോൾ മേക്കപ്പ് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നു.
മലയാള സിനിമകളിൽ കുറച്ചു കൂടെ സ്വതന്ത്രമായി വർക്ക് ചെയ്യാം. എന്നാൽ തെലുങ്കിൽ സ്‌ക്രീനിൽ നമ്മൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിക്കണം, അവിടെ മേക്കപ്പിന്ന് പ്രാധാന്യം കൂടുതലാണ്. തെലുങ്കിൽ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ മുഖത്തും ശരീരത്തിലും എല്ലാം മറ്റെന്തൊക്കെയോ ഉള്ളപോലൊരു ഭാരം തോന്നാറുണ്ട്.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംയുക്ത പറഞ്ഞത്.