നടി പാര്‍വതിയുടെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്ത് സനല്‍കുമാര്‍ ശശിധരന്‍

നടി പാര്‍വതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ലെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാടെല്ലാം സത്യസന്ധമായിരുന്നെങ്കില്‍ ഗോവ ചലച്ചിത്രമേളയില്‍ സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിക്കുമായിരുന്നു എന്ന് സനല്‍കുമാര്‍ മാധ്യമം ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സെക്‌സി ദുര്‍ഗ ഗോവാ ചലച്ചിത്ര മേളയില്‍നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമം സനലിന്റെ അഭിമുഖം നല്‍കിയത്.

പാര്‍വതിയെന്ന നടിയെ കുറിച്ച് ആളുകള്‍ പറയുന്നത് കേട്ടാല്‍ ഇത്രയും രാഷ്ട്രീയ നിലപാടുള്ള സ്ത്രീ ഇതിന് മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് തോന്നും. ശബാന ആസ്മിയുടെ കൂടെ നിര്‍ത്തിയാണ് പറച്ചില്‍. വേദിയൊക്കെ കിട്ടിയാല്‍ കച്ചവട സിനിമയെ പ്രതിനിധാനം ചെയ്യുന്നവരൊക്കെ സെന്‍സേഷനലായി വലിയ വാചകമടിയൊക്കെ നടത്തും. ആരേയും നോവിക്കാത്ത ചില രാഷ്ട്രീയ പ്രസ്താവനകളുമുണ്ടാകുമെന്നും സനല്‍ ആരോപിച്ചു.

പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. അര്‍ഹിക്കുന്ന പുരസ്‌കാരം തന്നെയാണ്. ഭരണകൂടം നടത്തുന്ന ചലചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ചതിനെ വിമര്‍ശിക്കാനാകില്ല. പുരസ്‌കാര വേദിയില്‍ ജൂറി തെരഞ്ഞെടുത്ത രണ്ട് സിനിമകളെ പുറത്താക്കിയതിനെതിരെ ഒരു വാചകം പാര്‍വതി പറഞ്ഞിരുന്നുവെങ്കില്‍ അവരുടെ രാഷ്ട്രീയ നിലപാട് ആത്മാര്‍ഥമായിരുന്നെന്ന് വിശ്വസിക്കാമായിരുന്നു എന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ലിജോ ജോസ് തന്റെ സിനിമയുടെ സ്‌ക്രീനിങ്ങിന് മുന്നോടിയായാണ് ്ഇതേ വേദിയില്‍ പ്രതികരിച്ചതെന്നും അതൊരു ചെറിയ കാര്യമല്ലെന്നും സനല്‍ ചൂണ്ടിക്കാട്ടി.

ഭരണകൂടവുമായി അടുപ്പമുളളവര്‍ നിര്‍മിച്ചതിനാലാവാം തന്റെ ചിത്രത്തിന്റെ ഒപ്പം മേളയില്‍ നിന്ന് പുറത്താക്കപ്പെട്ട ന്യൂഡ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്് വന്നില്ല. സുജോയ്് ഘോഷ് ചെയര്‍മാനായ ജൂറി തന്നെ പ്രതിഷേധിച്ച് രാജി വച്ചത് വലിയ കാര്യമാണ്. ഒറ്റപ്പെട്ട പിന്തുണകള്‍ ഉണ്ടായിരുന്നെന്നും ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, മുരളി ഗോപി എന്നിവര്‍ പ്രതിഷേധമുയര്‍ത്തിയെന്നും സനല്‍ പറഞ്ഞു.

സനല്‍കുമാറിന്റെ ചിത്രത്തെ എസ് ദുര്‍ഗ എന്ന് അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും അതിനെ സെക്‌സി ദുര്‍ഗ എന്ന് തന്നെയാണ് വിളിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം പാര്‍വതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സനല്‍കുമാറിന് പാര്‍വതിയെക്കുറിച്ചുള്ള അഭിപ്രായത്തിന് പ്രസക്തി ഏറുന്നത്.