ചോല പിന്‍വലിച്ചത് എന്തിനാണെന്ന് ചോദിക്കുന്നതിനു പകരം ഐ.എഫ്.എഫ്.കെയെ ഇങ്ങനെ കൊല്ലുന്നത് എന്തിനാണെന്ന് ചോദിക്കൂ: സനല്‍ കുമാര്‍ ശശിധരന്‍

ഐഎഫ്എഫ്‌കെ കലിഡോസ്‌കോപ്പ് സെക്ഷനില്‍ നിന്ന് ചോല സിനിമ പിന്‍വലിച്ചതിനെക്കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ്

എന്തിനാണ് ഞാന്‍ International Film Festival of Kerala – IFFK Official യിലെ കാലിഡോസ്‌കോപ്പ് സെക്ഷനില്‍ നിന്നും ചോല പിന്‍വലിച്ചത് എന്ന് ധാരാളം സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ടായിരുന്നു. എന്താണ് കാരണമെന്ന് നേരത്തേയും പറഞ്ഞതുമാണ്. ഇപ്പോള്‍ ഇതാ കാലിഡോസ്‌കോപ്പിലെ പടങ്ങളുടെ ലിസ്റ്റ് വന്നിരിക്കുന്നു. സുഹൃത്തുക്കളുടെയൊക്കെ സിനിമകളാണുള്ളത്. സന്തോഷമുണ്ട്. പക്ഷേ ഐഎഫെഫ്‌കെയെ കൊല്ലുന്നതിന് അവരും മൂകസാക്ഷികളാണല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടവുമുണ്ട്. കാലിഡോസ്‌കോപ്പ് എന്ന വിഭാഗം ഉണ്ടാകുന്നത് 2017 ല്‍ സെക്‌സി ദുര്‍ഗയുമായി ഉയര്‍ന്നുവന്ന വിവാദങ്ങളുടെയും പ്രതിഷേധത്തിന്റെയുമൊക്കെ ഫലമായി ഉരുത്തിരിഞ്ഞ പരിഹാരമായിട്ടാണ്. FIAF അംഗീകൃതമായ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള സിനിമകള്‍ പ്രത്യേകമായി പ്രദര്‍ശിപ്പിക്കാനുള്ള ഒരു വിഭാഗം എന്നായിരുന്നു ആദ്യം ഉണ്ടായ നിര്‍ദ്ദേശം. ഇപ്പോള്‍ നോക്കുമ്പോള്‍ ഉള്‍പ്പെടുത്താവുന്ന ചിത്രങ്ങളുടെ യോഗ്യതാസൂചിക വിപുലപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമ മാറി ഇന്ത്യന്‍ സിനിമ ആയിട്ടുണ്ട്. അപ്പോഴും ഫിയാഫ് വിട്ടൊരു കളിയില്ല. (റോട്ടര്‍ ഡാം ഫിയാഫിലില്ല എന്നതായിരിക്കും കാരണം). പിന്നെ ഉള്ളത് സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടിയ മലയാള ചിത്രങ്ങള്‍ കാണിക്കുമെന്നാണ്. അതും നല്ലത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ മലയാളസിനിമകള്‍ തീര്‍ച്ചയായും മലയാളികള്‍ കാണണം. പ്രശ്‌നം അതല്ല.. ഇപ്പോഴത്തെ ലിസ്റ്റില്‍ നിയമാവലി അനുസരിച്ചാണെങ്കില്‍ പ്രദര്‍ശിപ്പിക്കാന്‍ യോഗ്യതയുള്ള മൂന്നു ചിത്രങ്ങളെയുള്ളു Geetu Mohandas ന്റെ മൂത്തോന്‍, Gitanjali Rao ന്റെ ബോംബേ റോസ്, സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ മലയാള സിനിമ എന്ന നിലയില്‍ Shareef Easa യുടെ കാന്തന്‍. ബാക്കി സിനിമകള്‍ ഒന്നും ഫിയാഫ് അംഗീകൃതമായ ഒരു മേളയിലും പങ്കെടുത്തതായി അറിവില്ല. അതും ക്ഷമിക്കാം നല്ല സിനിമകളാണെങ്കില്‍ അതൊക്കെ ഏതു സെക്ഷനിലാണെങ്കിലും കാണിക്കട്ടെ. സിനിമയല്ലേ.. പക്ഷേ അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് വിദേശ ചലച്ചിത്രമേളകളില്‍ അംഗീകാരം കിട്ടിയ Sajin Baabuന്റെ ബിരിയാണിയും Vinod Krishnaയുടെ ഈലവും എന്തുകൊണ്ടാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാത്തത്?

നടത്തിപ്പുകാര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും ആരെടാ ചോദിക്കാന്‍ എന്നതിന്റെ കൃത്യമായ ഉദാഹരണമായതു കൊണ്ട് ഇതെഴുതിയതാണ്. എന്തായാലും എനിക്ക് ഒരു പരാതിയുമില്ല. എന്റെ സിനിമ Chola – Movie ഡിസംബര്‍ ആറിനു തിയേറ്ററില്‍ വരുന്നുണ്ട്. കാണാന്‍ ആഗ്രഹമുള്ളവര്‍ എന്തായാലും കാണും എന്നു തന്നെയാണ് എന്റെ വിശ്വാസം. ഒരൊറ്റ കാര്യം മാത്രം പറയട്ടെ. ഇനിയെങ്കിലും എന്തിനാണ് ഞാന്‍ കാലിഡോസ്‌കോപ്പില്‍ നിന്നും ചോല പിന്‍ വലിച്ചത് എന്നു ചോദിക്കരുത്. എന്തിനാണ് ഒരു മേളയെ ഇങ്ങനെ കൊല്ലുന്നത് എന്ന് വേണ്ടപ്പെട്ടവരോട് ചോദിക്കുകയാണ് വേണ്ടത്!

Read more