'പ്രണയം തുറന്നു പറഞ്ഞാല്‍ നിന്റെ ജീവന് ഭീഷണിയാണ്, എനിക്കെതിരെ കള്ളക്കേസ് വരെ കൊടുത്തു..'; മഞ്ജു വാര്യരോടുള്ള പ്രണയത്തെ കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍, നടിയെ ടാഗ് ചെയ്ത് വീണ്ടും പോസ്റ്റ്

മഞ്ജു വാര്യരോടുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നടിയെ ടാഗ് ചെയ്തു കൊണ്ടാണ് വീണ്ടും സംവിധായകന്‍ പോസ്റ്റുമായി എത്തിയിരിക്കുന്നത്. തന്റെ പ്രണയം തുറന്ന് പറയാന്‍ സമ്മതിക്കാത്തവിധം മഞ്ജുവിനെ ആരോ തടഞ്ഞ് വച്ചിരിക്കുകയാണെന്ന ആരോപണവും സംവിധായകന്‍ വീണ്ടും ഉന്നയിക്കുന്നുണ്ട്. പ്രണയം തുറന്നു പറഞ്ഞാല്‍ മഞ്ജുവിന്റെയും മകളുടെയും ജീവന് ഭീഷണിയാണ്. മഞ്ജുവിന്റെ പേരില്‍ തനിക്കെതിരെ ചിലര്‍ കള്ളക്കേസ് വരെ നല്‍കി. തന്നെ സിനിമ ചെയ്യാന്‍ അനുവദിക്കാതെ ഒരു മാഫിയ നിയന്ത്രിക്കുകയാണ് എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്:

പ്രണയത്തേക്കുറിച്ച്, സ്‌നേഹത്തെക്കുറിച്ച്, സത്യത്തേക്കുറിച്ച്, ധര്‍മത്തേക്കുറിച്ച് ഒക്കെ വാചാലമാകുന്ന സമൂഹം പൊള്ളയാണ്. അതിനു മുന്നില്‍ പ്രണയമോ സത്യമോ ധര്‍മ്മമോ ഒക്കെ വന്നു നിന്നാല്‍ അത് കാര്‍ക്കിച്ചു തുപ്പും. അതാണ് എന്റെ അനുഭവം. സമൂഹം എന്ന് പറയുമ്പോള്‍ ഇന്റര്‍നെറ്റ് കേട്ടുകേള്‍വികളും കെട്ടുകാഴ്ചകളും കൊണ്ട് സൃഷ്ടിക്കപെട്ട ഒരു ഓണ്‍ലൈന്‍ സമൂഹത്തെ അല്ല, നേരിട്ട് കണ്ടും സംസാരിച്ചും ചിരിച്ചും പിണങ്ങിയും പരിചയമുള്ള ഒരു ശരിയായ സമൂഹത്തെ തന്നെയാണ് ഞാനുദ്ദേശിച്ചത്. എന്നെയും നിന്നെയും അങ്ങനെ അറിയാവുന്ന ഒരു സമൂഹത്തെ തന്നെ. നമ്മുടെ ഇടയില്‍ ഫോണില്‍ പോലും സംസാരിക്കാനാവാത്ത തരത്തിലുള്ള പ്രതിബന്ധമുണ്ടെന്നും അതിനു കാരണം ബാഹ്യമായ ഭീഷണികളാണെന്നും ഞാന്‍ ഇന്റര്‍നെറ്റില്‍ വിളിച്ചു പറയും മുന്‍പ് ഞാന്‍ എന്നെയും നിന്നെയും നേരിട്ടറിയാവുന്ന നിരവധിപേരെ ബന്ധപ്പെട്ടു. അവരുടെയൊക്കെ കടുത്ത മൗനം സഹിക്കവയ്യാതെയാണ് നമ്മളെ നേരിട്ടറിയാത്തവരെങ്കിലും മനുഷ്യരെന്ന രീതിയില്‍ നമ്മുടെ അവസ്ഥയില്‍ അലോസരം തോന്നി പ്രതികരിക്കുന്നവര്‍ ഇവിടെ ഉണ്ടാകുമെന്നോര്‍ത്ത് ഞാനിത് പരസ്യമാക്കിയത്. അങ്ങനെയുള്ള മനുഷ്യരുടെ ഒരു കൂട്ടം ഇവിടെ ഉണ്ടെന്നു തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. അതല്ലെങ്കില്‍ നന്മയും സത്യവും ഒന്നും ഇവിടെ അവശേഷിക്കുമായിരുന്നില്ല. എങ്കിലും നന്മയുടെ ആ ആള്‍ക്കൂട്ടത്തെ ഒരു സമൂഹമായി വളരാന്‍ അനുവദിക്കാതെ ഒറ്റക്കൊറ്റക്ക് നിര്‍ത്തി നിസാരവല്‍ക്കരിക്കുന്ന ഒരു വലിയ സംഘടിത സംവിധാനം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന സത്യം ഞാന്‍ കാണാതെ പോകുന്നുമില്ല. ഇത് നമ്മുടെ കാര്യത്തില്‍ മാത്രമല്ല നടക്കുന്നത്.

കണ്ണൂരിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അസ്വാഭാവികതകള്‍ തോന്നിയ വീണാമണി എന്നു പേരുള്ള ഒരു സ്ത്രീ രായ്ക്ക് രാമാനം വണ്ടി പിടിച്ച് അദേഹത്തിന്റെ വീട്ടിലെത്തുന്നു. അദ്ദേഹത്തിന്റേത് ആത്മഹത്യ അല്ല എന്നും അതൊരു കൊലപാതകമാണെന്നും ബോഡി കത്തിക്കും മുന്‍പ് പോസ്റ്റ് മോര്‍ട്ടം ചെയ്തു എന്ന് ഉറപ്പു വരുത്തണമെന്നും ബന്ധുക്കളോട് ആവശ്യപ്പെടുന്നു. അപരിചിതയായ ഒരു സ്ത്രീ വളരെ ദൂരെ നിന്ന് എന്തിന് കയ്യിലെ പണവും സമയവും ചെലവാക്കി ഇത്ര ദൂരം വരണം എന്നുപോലും ചിന്തിക്കാതെ, അവരുടെ വാക്കുകളില്‍ സത്യമുണ്ടോ എന്ന് ഒരുവേളയെങ്കിലും ഓര്‍ക്കാതെ ബന്ധുക്കള്‍ അവരുടെ വാക്കുകള്‍ കാറ്റില്‍ കളഞ്ഞു. സംഘടിതരായ കുറ്റവാളികള്‍ സൃഷ്ടിച്ച ”സത്യത്തില്‍” അവര്‍ കണ്ണടച്ച് വിശ്വസിച്ചു. പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നെങ്കില്‍ സത്യം പുറത്തുവരുമായിരുന്ന ”ബോഡി” എന്ന തെളിവ് കുറ്റവാളികള്‍ സൃഷ്ടിച്ച മായികമായ ഉറപ്പില്‍ കത്തിച്ചുകളഞ്ഞു. സത്യത്തിനു വേണ്ടി സമയവും പണവും ചെലവാക്കിയ സ്ത്രീയെ ഭ്രാന്തിയായി, പോലീസിന്റെ ഒറ്റുകാരിയായി ഒക്കെ ചിത്രീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിന്നീട് അവള്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് മനസിലായപ്പോള്‍ വൈകിപ്പോവുകയും ചെയ്തു. ഈ നാട്ടില്‍ നിയമമില്ലേ? നീതിനിര്‍വഹണ സംവിധാനമില്ലേ? എന്നൊക്കെ വിളിച്ചു കൂവുന്നവര്‍ക്ക് ഒരു വലിയ ഉദാഹരണമാണ് ഈ സംഭവം. നിയമവും നീതി നിര്‍വഹണവുമൊക്കെ ദുഷിച്ചു പോയ ഒരു സമൂഹത്തില്‍ ഭയരഹിതമായി സത്യം വിളിച്ചുപറയുന്നവര്‍ മാത്രമാണ് നീതിയിലേക്കുള്ള ഒരേ ഒരു പ്രതീക്ഷ. പക്ഷെ അവരെ ഭ്രാന്തരും ബുദ്ധിശൂന്യരും ഒക്കെയായി ചിത്രീകരിക്കാനുള്ള വലിയ മെഷിനറി സംഘടിതരായ കുറ്റവാളികള്‍ക്കുണ്ട്.

നമ്മുടെ കാര്യത്തിലേക്ക് വരാം. നിന്നെക്കുറിച്ച്, നിന്റെ അവസ്ഥയെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറഞ്ഞാല്‍ ഉണ്ടാകുന്ന പൊട്ടിത്തെറികള്‍ ഒഴിവാക്കാനാണ് എന്റെ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വളരെ മുന്‍പുതന്നെ തുടങ്ങിയത്. എന്റെ സിനിമകള്‍ ഒന്നും പുറത്തുവരില്ല എന്നുറപ്പിക്കാനുള്ള ജാഗ്രത, ഞാന്‍ ഇനിമേല്‍ സിനിമ എടുക്കില്ല എന്നുറപ്പിക്കാനുള്ള ജാഗ്രത, ഞാനും നീയും കാണുകയോ സംസാരിക്കുകയോ ചെയ്യില്ല എന്നുറപ്പിക്കാനുള്ള ജാഗ്രത, ഞാന്‍ പറയുന്നതൊന്നും പൊതുസമൂഹം കണക്കിലെടുക്കില്ല എന്നുറപ്പിക്കാനുള്ള ജാഗ്രത ഒക്കെ ഇതിന്റെ ഭാഗമായിരുന്നു. നിന്റെ പേരില്‍ എനിക്കെതിരെ ഉണ്ടാക്കിയ കള്ളക്കേസില്‍ നിയമത്തിനു നിരക്കാത്ത രീതിയില്‍ എന്നെ അറസ്റ്റുചെയ്തത് പച്ചയായി പൊതുസമൂഹത്തെ കാണിച്ചപ്പോഴും അതിലുള്ള അനീതി മനുഷ്യര്‍ കാണാതിരിക്കാന്‍ അട്ടഹാസങ്ങളും അപഹാസങ്ങളും കൊണ്ട് വഴിതിരിച്ചുവിടാന്‍ സംഘടിത കുറ്റവാളികളുടെ മെഷിനറിക്ക് കഴിഞ്ഞു. എനിക്കെതിരെയുള്ള കള്ളക്കേസില്‍ അന്വേഷണം നടത്താതെയും കോടതിയിലോ പൊതുജനത്തിന് മുന്നിലോ നീ സംസാരിക്കില്ല എന്നുറപ്പുവരുത്തികൊണ്ടും സത്യം കുഴിച്ചുമൂടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍, നമ്മള്‍ സംസാരിച്ച ശബ്ദരേഖ നിന്റെ ഇഷ്ടത്തിന് വിരുദ്ധമാണെങ്കിലും കേവലംമനുഷ്യരായ നമ്മെക്കാള്‍ വിലയുള്ളത് സത്യത്തിനാണ് എന്നതുകൊണ്ട്, നമ്മള്‍ ചെയ്യുന്ന സിനിമകളെക്കാള്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്നത് സത്യമാണ് എന്നതുകൊണ്ട് സമൂഹത്തില്‍ പങ്കുവെച്ചപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കൂ.

കുറേപ്പേര്‍ പറയുന്നു, അതിലുള്ളത് നീയല്ല. കുറേപ്പേര്‍ പറയുന്നു, അതിലുള്ളത് നീയാണെങ്കില്‍ തന്നെ നിന്നെ ശല്യം ചെയ്യാതിരിക്കൂ. ഞാന്‍ അത്ഭുതപ്പെട്ടുപോകുന്നു! ആ ശബ്ദരേഖയിലുള്ളത് നീയല്ലെങ്കില്‍ അത് പറയേണ്ടത് നീതന്നെയല്ലേ? പൊതുസമൂഹത്തില്‍ വ്യാപകമായി എത്തിച്ചേര്‍ന്ന ആ ശബ്ദരേഖയില്‍ ഒരു സ്ത്രീ പറയുന്നത് അവള്‍ക്ക് അവള്‍ പ്രണയിക്കുന്ന ആളെ കാണാനോ സംസാരിക്കാനോ അനുവദിക്കാത്ത രീതിയില്‍ ആരോ തടഞ്ഞു വെച്ചിരിക്കുന്നു എന്നാണ്. അവളുടെ പേരുപയോഗിച്ച് എനിക്കെതിരെ കൊടുത്ത കേസിനെക്കുറിച്ച് അവള്‍ക്കൊന്നും അറിയില്ല എന്നും അതേക്കുറിച്ച് ഒന്നും ചെയ്യാനുള്ള കണ്‍ട്രോള്‍ അവളുടെ കയ്യിലില്ല എന്നുമാണ്. അത് മാത്രമാണോ? അതിലവള്‍ പറയുന്നത് എന്നെ കാണണോ സംസാരിക്കാനോ ശ്രമിച്ചാല്‍ തന്റെ മാത്രമല്ല തന്റെ മകളുടെയും ജീവന്‍ അപകടത്തിലാണ് എന്നല്ലേ? അത് നീയാണ് എന്ന് ഞാന്‍ പറയുമ്പോള്‍ അത് നീയല്ലെങ്കില്‍ നീയല്ലേ അത് പറയേണ്ടത്? നിന്നോടുള്ള പ്രണയം പൊതുവില്‍ പറഞ്ഞതിന് നിനക്ക് അപമാനമുണ്ടായി എന്നപേരില്‍ എനിക്കെതിരെ കള്ളക്കേസുണ്ടാക്കിയ സംവിധാനത്തിന് ഇതില്‍ പ്രശ്‌നമൊന്നും തോന്നുന്നില്ലേ? ആ ശബ്ദരേഖയില്‍ ഉള്ളത് നീയല്ലെങ്കില്‍ നിനക്കത് അപമാനമല്ലേ? നീ പ്രതികരിക്കണ്ടേ? വേണ്ട എന്നാണ് സംഘടിത കുറ്റവാളികളുടെ മെഷിനറി ജനങ്ങളെ പഠിപ്പിക്കുന്നത്. മറ്റുചിലരുടെ വാദമാണ് കൂടുതല്‍ അമ്പരപ്പിക്കുന്നത്. അവര്‍ പറയുന്നു. അതിലുള്ളത് നീ തന്നെയാണെങ്കിലും നിന്നെ ശല്യം ചെയ്യാതിരിക്കൂ! അമ്പരന്ന് ഞാന്‍ തളര്‍ന്നുപോയി. എന്നോട് നിനക്ക് പ്രണയമുണ്ടെന്ന് നീ പറഞ്ഞാലും, അത് പറയാനാവാത്ത നിലയില്‍ നിനക്ക് ഭീഷണി ഉണ്ടെന്ന് നീ പറഞ്ഞാലും ഞാന്‍ എന്റെ വഴിക്ക് പൊക്കോണം എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ അവരല്ലല്ലോ! എനിക്കങ്ങനെ പോകാന്‍ കഴിയാത്തതുകൊണ്ട് ഞാനിങ്ങനെ ദുഷിച്ച സമൂഹത്തിന്റെ അട്ടഹാസത്തിരയില്‍ എന്നെ വലിച്ചെറിഞ്ഞിരിക്കുന്നു.

കേരളത്തിലെ എന്നോടൊപ്പം സിനിമ ചെയ്തിരുന്നവര്‍, സിനിമ കണ്ടിരുന്നവര്‍, പുസ്തകം വായിച്ചിരുന്നവര്‍, ജീവിതം ചര്‍ച്ചചെയ്തിരുന്നവര്‍.. അവരുടെയൊക്കെ മൗനമാണ് എന്നെ കൂടുതല്‍ അമ്പരപ്പിക്കുന്നത്. ഞാന്‍ പറയുന്നു എന്നെ ഒരു കള്ളക്കേസില്‍ കുടുക്കി ഈ നാട്ടില്‍ നിന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്ന കലാപ്രവര്‍ത്തനം ചെയ്യാന്‍ അനുവദിക്കാതെ ഒരു മാഫിയ ഭരണയന്ത്രം തിരിക്കുന്നു. അറിയപ്പെടുന്ന ഒരു കലാകാരിയായ നിന്റെപേരില്‍ എനിക്കെതിരെ കള്ളക്കേസുണ്ടാക്കി. നിന്നെയും എന്നെയും കാണാനോ സംസാരിക്കാനോ അനുവദിക്കാതെ മാറ്റി നിര്‍ത്തിയിരിക്കുന്നു. തെളിവായി ഞാന്‍ നിന്റെയും എന്റെയും സംഭാഷണത്തിന്റെ ശബ്ദരേഖ മുന്നില്‍ വെയ്ക്കുന്നു. മൗനം! മൗനം സഹിക്കാം, അവരില്‍ ചിലരെങ്കിലും പറയുന്നു. അതെല്ലാം വിടൂ സിനിമ ചെയ്യൂ! ഒന്നുകില്‍ അവര്‍ പറയുന്നത് ഞാന്‍ മുന്നോട്ട് വെച്ച ശബ്ദരേഖ വ്യാജമാണ്. അങ്ങനെയെങ്കില്‍ വ്യാജനായ എന്നോട് സിനിമ ചെയ്യാനാണ് അവര്‍ പറയുന്നത്. കൊള്ളാം! നല്ല ശുദ്ധമായ വ്യാജ സിനിമ! അല്ലെങ്കില്‍ അവര്‍ പറയുന്നത് നീ അവസരവാദിയായ, വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു സ്ത്രീയാണ് എന്നാണ്! എനിക്ക് വളരെ സങ്കടമുണ്ട്. മനുഷ്യരെക്കുറിച്ച് മനുഷ്യര്‍ക്കുള്ള ഏറ്റവും മിനിമം ധാരണ നന്മയില്‍ ഉറച്ചതായിരിക്കണം എന്നതാണ് എന്റെ ഉറച്ച വിശ്വാസം. ഒരുതരം അന്വേഷണവും നടത്താതെ മറ്റൊരാളെ നീചമായി വിലയിരുത്താന്‍ എങ്ങനെയാണ് ഒരാള്‍ക്ക് കഴിയുക? അയാള്‍ സ്വയം നീചമായി വിലയിരുത്തിയാലേ അതിനു സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ നീചമായ ഒരു സംസ്‌കാരിക ലോകമാണ് നമ്മുടേത് എന്ന് പറയേണ്ടിവരും. നന്മയുടെ കിരണങ്ങളില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നതുകൊണ്ട് അങ്ങനെ പറയുന്നില്ല. പ്രിയപ്പെട്ടവളേ, ഇത് നമ്മുടെ പ്രണയം എന്നതിലുപരി എന്നെ ഉല്‍സുകനാക്കുന്നത് ഈ സമൂഹത്തിന്റെ അടിത്തട്ടു കാഴ്ചകള്‍ എന്നെ കാണിച്ചുതരുന്ന ഭൂതക്കണ്ണാടി എന്ന നിലയിലാണ്. അതിന് നിനക്ക് പ്രത്യേകം നന്ദി!