എന്നോട് ലിസ്റ്റിന് ഭയങ്കര ദേഷ്യമായിരിക്കും, അദ്ദേഹവും ഇതിന്റെ ഭാഗമായതില്‍ വിഷമമുണ്ട്: സാന്ദ്ര തോമസ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കാതെ മാറി നില്‍ക്കുന്നവരുടെ ലോബിയുടെ ഭാഗമായി ലിസ്റ്റിന്‍ സ്റ്റീഫനും മാറിയതില്‍ വിഷമമുണ്ടെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. താന്‍ പ്രതികരിച്ചതിന് പിന്നാലെ ആദ്യം വിളിച്ചത് ലിസ്റ്റിന്‍ ആണ്. ലിസ്റ്റിന്‍ ഇതിന്റെ ഭാഗമായി മാറിയതില്‍ വിഷമമുണ്ടെന്ന് താന്‍ പറഞ്ഞു എന്നാണ് സാന്ദ്ര പറയുന്നത്.

”ലിസ്റ്റിന്‍ ആണ് എന്നെ ആദ്യം വിളിച്ചത്. ആ സംഘടനയില്‍ ഇരിക്കുന്നവര്‍ തന്നെയാണ് ഈ സംഘടനയിലും ഇരിക്കുന്നത് എന്ന് പറഞ്ഞത് എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് എല്ലാവരും പറയുന്നുണ്ടെന്ന് പറഞ്ഞു. ലിസ്റ്റിനെ മാത്രമല്ല, ബാക്കിയുള്ളവരെയും ചേര്‍ത്താണ് പറഞ്ഞത്.”

”മലയാള സിനിമയില്‍ ശരിക്കും ഒറ്റയ്ക്ക് വഴിവെട്ടി വന്നവരില്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ലിസ്റ്റിന്‍ ആണ്, ഏറ്റവും ചെറിയ പ്രായത്തില്‍. എനിക്ക് ഭയങ്കര റെസ്‌പെക്ടും ഇഷ്ടവുമുള്ള ആളാണ് ലിസ്റ്റിന്‍. ഇപ്പോള്‍ ലിസ്റ്റിന് എന്നോട് ഭയങ്കര ദേഷ്യമായിരിക്കും. ലിസ്റ്റിന്‍ ഇതിന്റെ ഭാഗമായി മാറിയതില്‍ എനിക്ക് വിഷമമുണ്ടെന്ന് ഞാന്‍ പറഞ്ഞു.”

”ശരിയാണ് എന്ത് ചെയ്യാന്‍ പറ്റും എന്ന് ലിസ്റ്റിന്‍ പറഞ്ഞു. ലിസ്റ്റിന്‍ വന്ന വഴികളും സ്ട്രഗ്ഗിള്‍ ചെയ്ത വഴികളും ഒക്കെ എനിക്ക് അറിയാം. ഇതിനെയൊക്കെ പൊരുതി നിന്നിട്ടുള്ള ആളാണ്. ഇന്ന് അവരുടെ കൂടെ കൂടി മിണ്ടാതിരിക്കുന്നു. ഇത് ലിസ്റ്റിന്‍ എന്ന വ്യക്തിയോട് ചെറിയ വിഷമം തോന്നുന്ന കാര്യമാണ്” എന്നാണ് സാന്ദ്ര തോമസ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more