സമീപകാലത്ത് മലയാള സിനിമയിൽ സാമ്പത്തിക വിജയം നേടുന്നതിനോടൊപ്പം കലാമൂല്യങ്ങളുള്ള സിനിമകളും നിർമ്മിക്കുന്നത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നിർമ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, നാരദൻ, ആർക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.
സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭ- നഷ്ടങ്ങൾ എപ്പോഴും ഉണ്ടാവുമെന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്ക് പ്രതീക്ഷിച്ചത് 45 കോടി രൂപയുടെ നഷ്ടമാണ് എന്നാണ് സന്തോഷ്. ടി. കുരുവിള പറയുന്നത്.
“ഒരു സിനിമ എന്നത് പോലെ തന്നെ ആ സിനിമയുടെ നഷ്ടത്തിന്റെ കണക്കും നമ്മൾ മനസിൽ ചിന്തിക്കും. ഇതൊന്നും ദൈവീകം അല്ലല്ലോ. നഷ്ടവും ലാഭവും ഉണ്ടാകാം. നമ്മൾ വിചാരിച്ച പോലെ സിനിമ വരണമെന്നും ഇല്ല. ഞാൻ എപ്പോഴും കാൽക്കുലേറ്റർ റിസ്കെ എടുക്കാറുള്ളൂ. കുഞ്ഞാലി മരിക്കാർ ഞാനും ആന്റണി ചേട്ടനും കൂടി എടുക്കാൻ തീരുമാനിച്ചപ്പോൾ കാൽക്കുലേറ്റ് ചെയ്തത് 45 കോടിയുടെ നഷ്ടമാണ്. സിനിമ ഷൂട്ടിംഗ് തടങ്ങുന്നതിന് മുൻപ് ചിന്തിച്ച കാര്യമാണിത്.
നഷ്ടം വന്നാൽ അതിന്റെ ഭാഗം എടുക്കാൻ തയ്യാറാണോന്ന് ആന്റണി ചോദിച്ചിരുന്നു. സമ്മതമാണെന്ന് ഞാനും പറഞ്ഞിരുന്നു. സിനിമയിൽ നമ്മൾ വിട്ടുകൊടുത്താൽ എല്ലാം കൈവിട്ട് പോകും. എല്ലാവരെയും പേടിച്ച് നിർമാതാവ് സിനിമ എടുക്കാൻ പോയാൽ, സിനിമ പൊട്ടിപ്പോകും. പിന്നെ സിനിമ നല്ലതാണെങ്കിൽ വിജയിക്കും. നമ്മളിവിടെ ടെൻഷൻ അടിച്ചിട്ട് ഒരുകാര്യവും ഇല്ല” ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷ്. ടി. കുരുവിള സിനിമയുടെ ലാഭ – നഷ്ട കണക്കുകളെ പറ്റി സംസാരിച്ചത്.