തൂങ്ങി ആടുന്നതിനേക്കാള്‍ നല്ലതാണ് തന്റേടി എന്ന വിശേഷണം, നിങ്ങളൊക്കെ എത്ര മിടുക്കികള്‍ ആണ് പെണ്‍കുട്ടികളെ? ഇനിയുമെങ്കിലും ഒന്ന് മാറിചിന്തിക്കൂ...: സരയൂ മോഹന്‍

പെണ്‍കുട്ടികള്‍ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്ന് നടി സരയു മോഹന്‍. ജോലി കിട്ടിയിട്ട് മാത്രം വിവാഹം
മതി എന്ന് തീരുമാനത്തിലെത്തണമെന്നും സ്ത്രീധനം ചോദിച്ചെത്തുന്നവരെ ഒഴിവാക്കാന്‍ പഠിക്കണമെന്നും സരയു പറഞ്ഞു.

നടിയുടെ വാക്കുകള്‍

Fb യില്‍ എഴുതി നിറച്ചിട്ട് കാര്യമൊന്നുമില്ല എന്നറിയാം…. കാരണം യഥാര്‍ത്ഥ ജീവിതം ഇവിടെ നിന്ന് മാറിയാണ്… അവിടെ ഇപ്പോഴും ജീവിതത്തിന്റെ ഒരു ഭാഗം കുടുംബത്തിനായി ഓടിതീര്‍ന്ന അച്ഛനമ്മാര്‍ ഇപ്പോഴും കണ്ണുംനട്ട് കാത്തിരിക്കുകയാണ്, അവരുടെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന ദിവസത്തിനായി സ്വരുകൂട്ടി വെയ്ക്കുകയാണ്….പൊന്നും പണവും കരുതുകയാണ്… അങ്ങനെ ആ ബാദ്ധ്യത തീര്‍ന്നു എന്ന് ആശ്വസിക്കുന്ന അച്ഛനമ്മാര്‍… അതാണ് ഏറ്റവും വലിയ പേടി…പെണ്മക്കളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കി, എഞ്ചിനീയര്‍ ആക്കി എന്നൊക്കെ വിവാഹനാള്‍ വരെ വാതോരാതെ പറഞ്ഞിരുന്ന അവര്‍, ഒരു വര്‍ഷത്തിനപ്പുറം പുളകം കൊള്ളുന്നു,ഓഹ്…. കുഞ്ഞൊക്കെ ആയതില്‍ പിന്നെ അവള്‍ പോയില്ല… ഇനിയിപ്പോ അവന്റെ കാര്യവും കുഞ്ഞിന്റെ കാര്യമൊക്കെ നോക്കണ്ടേ…!
വിവാഹക്കമ്പോള വാതില്‍ വരെ എത്താനേ വിദ്യാഭാസവും ജോലിയും പെണ്‍കുട്ടികള്‍ക്ക് ആവശ്യമായി വരുന്നുള്ളു….
എന്റെ പൊന്ന് അനുജത്തിമാരെ,
വിദ്യാഭാസം, ജോലി, മനസമാധാനം, അവനവന്റെ സന്തോഷം ഇതൊക്കെ കഴിഞ്ഞ് മാത്രമേ വിവാഹം കടന്ന് വരുന്നുള്ളു എന്നൊന്ന് തിരിച്ചറിയൂ…. ജോലി നേടൂ… ഏറ്റവും കുറഞ്ഞ പണം, എങ്കിലും- സ്വന്തമായി സമ്പാദിക്കൂ…
കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അവനവന്‍ സമ്പാദിക്കുന്ന പണം കോണ്ട്, ജീവിക്കൂ, ഇഷ്ടമുള്ളതെല്ലാം വാങ്ങൂ, യാത്ര പോകൂ, അതിപ്പോ എറണാകുളത്തുന്ന് അതിരപ്പള്ളി വരെ ആണെങ്കിലും…. അപ്പോള്‍ നിങ്ങള്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്ന ഒരു ആത്മവിശ്വാസം ഉണ്ട്… ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ ശോഭിപ്പിക്കുന്ന ഒന്നാണത്…
വീട്ടുകാരോട് പറയൂ, എന്നെ വില്‍ക്കാന്‍ പറ്റില്ലെന്ന്…. ജോലി കിട്ടി,2 കാശ് കയ്യില്‍ വന്നപ്പോള്‍ അഹങ്കാരി ആയെന്ന് കേട്ടേക്കാം… ഒരു വിഷയവുമില്ല… തൂങ്ങി ആടുന്നതിനേക്കാള്‍ നല്ലതാണ് തന്റേടി എന്ന വിശേഷണം…. വിവാഹത്തിലേക്ക് എത്തുന്ന പ്രണയം എല്ലാ ജീവിതത്തിലും ഉണ്ടാവണം എന്നില്ല, എന്നാലും പേപ്പറിലെ മാട്രിമോണിയല്‍ കോളത്തിലും, മാട്രിമോണിയല്‍ സൈറ്റുകളിലും ജാതിയും ജോലിയും പത്രാസും നിരത്തി വിളമ്പി ഇരയെ കാത്തിരിക്കുന്നവരില്‍ നിന്ന് മാറി ഏതേലും കോണില്‍ മുന്നോടുള്ള ജീവിതം പങ്കിടാന്‍ ഒരു കൂട്ടുകാരിയെ തേടുന്നവരെ സ്വയം കണ്ടെത്താന്‍ നോക്കൂ… ടിക്ടോക്കില്‍ സര്‍വാഭരണ ഭൂഷിത ആയി പട്ടുടുത്ത് 30 സെക്കന്റ് സ്ലോമോഷനില്‍ തിരിയുന്നതല്ല ജീവിതം
..
അത് കൊണ്ട് ദയവ് ചെയ്ത്
• ജോലി കിട്ടിയിട്ട് മാത്രം വിവാഹം എന്ന് തീരുമാനിക്കൂ
• അത് പ്രായം 25 ആയാലും 35 ആയാലും
• നയാ പൈസ കൊടുക്കുന്ന പരിപാടി ഇല്ലെന്ന് മാത്രമല്ല, അത് ചോദിച്ചാല്‍ തന്നെ അയാളോട് ശെരിയെന്നാല്‍ ചേട്ടന്‍ ചെല്ല് എന്ന് പറയാനും പറ്റണം
(സത്യമായും അയാള്‍ക്ക് നിങ്ങളോട് ഒരു പ്രേമവും ഇല്ല, ഒരു കോപ്പും ഇല്ല )
• 25 വയസ്സിന് മുന്നേ വിവാഹം എന്ന ചിന്ത ഉപേക്ഷിക്കൂ, ഏട്ടാ എന്നും വിളിച്ചു പുറകേ നടക്കുന്നതിനെക്കാള്‍ മികച്ചൊരു ലോകം പുറത്തുണ്ട്
• പങ്കാളിയെ ഉറപ്പിച്ചാല്‍ ഒരു 6 മാസം എങ്കിലും ഇടപഴകിയതിന് ശേഷം save the date എന്ന് നാട്ടുകാരോട് പറയാം ( ശേഷവും ഇയാള്‍ തന്നെ വേണമെന്ന് തോന്നിയാല്‍ )
• വിവാഹ ചിലവുകള്‍ സ്വയം ഏറ്റെടുക്കൂ (അപ്പോള്‍ നിങ്ങള്‍ തന്നെ വെട്ടികുറയ്ക്കും പല ആര്‍ഭാടവും )
• വിവാഹത്തിന് ലോണ്‍ എടുക്കില്ല എന്ന് ഉറപ്പിക്കൂ (ലോണ്‍ എടുത്ത് തീറ്റിക്കണ്ട അത്ര ആളുകള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഒരു റോളും ഇല്ല )
• നെറ്റിപ്പട്ടം കെട്ടിയത് പോലെ ഒരുങ്ങില്ല എന്ന് തീരുമാനിക്കൂ (കണ്ട് കണ്ട് അറച്ചുതുടങ്ങി )
• കല്യാണത്തിന് മുന്നെ ചെക്കന്‍വീട്ടുകാര്‍ മുഴുവന്‍ വീട് കണ്ട് ബോധിച്ചു പോയാലും ഇല്ലെങ്കിക്കും, ചെക്കന്റെ വീട്ടില്‍ ഒന്ന് പോവുക തന്നെ ആകാം…
• മനോഹരമായ ഒരു ഘട്ടത്തിലേക്ക് ജീവിതം കടക്കുമ്പോള്‍, അത് ആഘോഷിക്കണോ എന്നത് വ്യക്തിപരമായ കാര്യം തന്നെയാണ്..
• എന്നാല്‍ സ്വന്തമായി സാമ്പാദിച്ച പണത്താല്‍ മാത്രം വിവാഹം എന്ന് തീരുമാനിക്കുമ്പോള്‍, ആഡംബരത്തിനും ആഘോഷത്തിനും ഇടയിലെ അതിര്‍ വരമ്പ് സ്വയം നിശ്ചയിക്കാം…
• മേക്കപ്പ്, ഫോട്ടോഗ്രഫി, സ്റ്റേജ്, ഇവന്റ്, ഡ്രസ്സ് തുടങ്ങി വിവാഹങ്ങളെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന തൊഴില്‍ മേഖലകള്‍ തന്നെയുണ്ട്, അവര്‍ക്ക് തൊഴിലും നമുക്ക് ജീവിതത്തിന്റെ അടുത്ത ഘട്ടവും ഉണ്ണാന്‍ വരുന്നവര്‍ക്ക് അന്നത്തെ watzupp സ്റ്റാറ്റസ്സും മാത്രമാണ് നമ്മുടെ വിവാഹം
• കല്യാണം കഴിഞ്ഞും ജോലി ചെയ്യുക
• ഏത് ദിവ്യ പ്രേമം ആണേലും ഒരു സിംഗിള്‍ ബാങ്ക് ac maintain ചെയ്യുക
• കല്യാണം കഴിഞ്ഞ ഉടന്‍ fb യിലും ഇന്‍സ്റ്റയിലും അച്ഛന്റെ പേര് തട്ടി കളഞ്ഞ് കെട്ട്യോന്റെ പേര് ചേര്‍ത്ത് പുളകം കൊള്ളാതിരിക്കുക, അറിയാതെയുള്ള അടിയറവ് പറയല്‍ മാത്രമാണത്. അവിടെയെങ്ങും ഒരു സ്‌നേഹവും ഇല്ല….അല്ല!കെട്ട്യോന്‍ നിങ്ങളുടെ പേര് വാലെ തൂക്കിയോ?
• സിനിമ നടികള്‍ രാവിലെ എണീറ്റത് മുതല്‍ എന്ത് ചെയ്തു എന്നതും ഏത് ക്രീം തേച്ചു എന്നതും കണ്ടിരിക്കുന്നതിനൊപ്പം, വാര്‍ത്തകള്‍ വായിക്കുക, ലോകം മാറുന്നതും ചുറ്റും നടക്കുന്നതും അറിയുക
• ജോലിയും സ്റ്റാറ്റസ്സും നോക്കി കെട്ടിയിട്ട്, പ്ലാക്കാര്‍ഡും പിടിച്ച് നടക്കാന്‍ പറ്റില്ല, അയാള്‍ കൈ പിടിച്ച് നടന്നാല്‍ നിങ്ങള്‍ക്ക് കൊള്ളാം
• ഒന്ന് മാറി നില്‍ക്കാന്‍, സ്വന്തം വീട്ടില്‍ പോകാന്‍ പറ്റുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഒരു സുഹൃത്തെങ്കിലും ഉണ്ടായിരിക്കുക (അങ്ങനെ സമ്മതിക്കാത്ത വീട്ടുകാര്‍ക്ക് വേറെ ക്ലാസ്സ് കൊടുക്കാം )
• സമൂഹത്തെ ഭയന്ന് ചെയ്യാതിരിക്കുന്ന കാര്യങ്ങളില്‍ ഒരെണ്ണം ചെയ്യുക!
• പിന്നെ ശീലം ആയിക്കോളും!
• അച്ഛന്‍, അമ്മ അച്ഛമ്മ അമ്മമ്മ സെന്റിമന്‍സുകള്‍ ഉണ്ട് -അതില്‍ പെട്ട് അവര്‍ക്ക് കല്യാണപെണ്ണായി കാണാന്‍ മാത്രം ചാടികേറി കെട്ടിയിട്ട് അവര്‍ ഇപ്പോഴും സീരിയലും കണ്ടിരിക്കുകയും നിങ്ങള്‍ കയറില്‍ തൂങ്ങി ആടുകയും ചെയ്യരുത്…
• എല്ലാത്തിലും ഉപരി ആയി വിവാഹം ഒരു നിര്‍ബന്ധം അല്ലേയല്ല എന്ന് കൂടെ തിരിച്ചറിയൂ
ഇതൊക്കെ പറയാന്‍ എളുപ്പമാണ്, പ്രാക്ടിക്കല്‍ ലൈഫില്‍ ബുദ്ധിമുട്ടാണ് എന്നൊന്നും പറഞ്ഞു ആരും വരണ്ട…ഒരു കുന്തവും ഇല്ല, മറ്റുള്ളവര്‍ ചെയ്യട്ടെ, എനിക്ക് വയ്യ എന്നോ, അല്ലേല്‍ അത് കഴിഞ്ഞ് നോക്കാം എന്നോ ആകരുത് എന്നെ ഉള്ളൂ,
നിങ്ങളൊക്കെ എത്ര മിടുക്കികള്‍ ആണ് പെണ്‍കുട്ടികളെ?ഇനിയുമെങ്കിലും ഒന്ന് മാറിചിന്തിക്കൂ…
നല്ല കുട്ടികള്‍ പട്ടം കിട്ടിയവര്‍ കഴുക്കോലില്‍ ആടുമ്പോള്‍
തന്റെടികള്‍ തിരിച്ചൊന്ന് കൊടുത്തിട്ട്
തനിച്ചോരു ലോകം തീര്‍ത്താര്‍ത്തു ചിരിച്ചു!