അന്ന് മമ്മൂട്ടി ആയിരുന്നു എന്റെ മാരുതി ഡ്രൈവ് ചെയ്തത്, ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയതാണ്..: സത്യന്‍ അന്തിക്കാട്

തന്റെ ആദ്യ കാറായ മാരുതി 800നെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 33 വര്‍ഷം മുമ്പ് വാങ്ങിയ കാറില്‍ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നിരവധി താരങ്ങള്‍ കയറിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നുണ്ട്.

”ഞാന്‍ ആദ്യമായി വാങ്ങിയ കാര്‍ മാരുതി 800 ആണ്. 33 വര്‍ഷം മുന്‍പാണത്. ഞാനും ശ്രീനിവാസനും ഒന്നിച്ച പല സിനിമകളുടേയും ചര്‍ച്ചകള്‍ ആ കാറിലെ യാത്രയിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത്. സന്ദേശം, തലയണമന്ത്രം ഒക്കെ ആ കാറിലെ യാത്രയിലിരുന്ന് സംസാരിച്ചവയാണ്.”

”മമ്മൂട്ടിയും മോഹന്‍ലാലും അടക്കം എന്റെ എല്ലാ സുഹൃത്തുക്കളും ആ കാറില്‍ കയറിയിട്ടുണ്ട്. ഒരിക്കല്‍ പൊന്തന്‍മാട ഷൂട്ടിംഗ് സമയത്ത് ഞാനും മമ്മൂട്ടിയും കൂടി വി.കെ. ശ്രീരാമനോടൊപ്പം പൂമുള്ളി മനയിലെ ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയത് ആ കാറിലാണ്.”

”അത് എടുത്ത് പറയാന്‍ കാരണം അന്ന് ആ മാരുതി ഡ്രൈവ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. പിന്നീട് ഒരു ഹോണ്ട സിറ്റിയിലേക്ക് മാറിയെങ്കിലും എനിക്ക് ഇപ്പോഴും ഇഷ്ടം എന്റെ ആ പഴയ മാരുതി തന്നെയാണ്. എന്റെ വീട്ടുമുറ്റത്ത് ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ ഇപ്പോഴും ആ മാരുതി ഉണ്ട്” എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

Read more

ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ വീഡിയോയിലാണ് സംവിധായകന്‍ സംസാരിച്ചത്. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം.