''മരിച്ചാലേ മനുഷ്യന്‍ മഹാനാകൂ.'' ലോഹിയുടെ കാര്യത്തിലും ജോണ്‍സന്റെ കാര്യത്തിലും അത് ശരിയാണെന്ന് കാലം തെളിയിക്കുന്നു: സത്യന്‍ അന്തിക്കാട്

സംഗീതജ്ഞന്‍ ജോണ്‍സന്‍ മാസ്റ്ററുടെ ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. താനും ജോണ്‍സണും 25 ഓളം സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും ഓരോ സിനിമയും വ്യത്യസ്ത അനുഭവമായിരുന്നു സമ്മാനിച്ചത് എന്നും അദ്ദേഹം പറയുന്നു. പാട്ടുകള്‍ക്ക് സംഗീതമൊരുക്കുന്നതോ പശ്ചാത്തലസംഗീതം നല്‍കുന്നതോ ഒരു ജോലിയായി ജോണ്‍സണ് തോന്നിയിട്ടില്ല. സംവിധായകന്റെ മനസ്സ് വായിക്കുന്ന സംഗീത സംവിധായകനായിരുന്നു അദ്ദേഹമെന്നും സത്യന്‍ അന്തക്കാട് ഓര്‍ക്കുന്നു. മാതൃഭൂമി വാരാന്ത്യ പതിപ്പിലൂടെയാണ് അദ്ദേഹം ജോണ്‍സന്‍ മാസ്റ്ററെക്കുറിച്ചുള്ള ഓര്‍മ്മകളുമായെത്തിയത്. തന്റെ വാക്കുകള്‍ അദ്ദേഹം ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.

ജോണ്‍സണ്‍ എന്ന ‘കണ്ണീര്‍പ്പൂവ്’.
കുറെ മുമ്പുനടന്ന കഥയാണ്. ഒരിക്കല്‍ റിഹേഴ്‌സല്‍ ചെയ്തുതുടങ്ങിയ പാട്ട് പാടാതെ ജോണ്‍സണുമായി പിണങ്ങി യേശുദാസ് റെക്കോഡിങ് തിയേറ്ററില്‍നിന്ന് ഇറങ്ങിപ്പോയി. ജോണ്‍സണ് അത് വലിയൊരു ഷോക്കായിരുന്നു. ഗുരുതുല്യനായ ഗായകന്‍. ‘ദാസേട്ടാ’ എന്നുമാത്രമേ ജോണ്‍സണ്‍ അദ്ദേഹത്തെ വിളിച്ചിട്ടുള്ളൂ. തിരിച്ച് യേശുദാസ് ‘മോനേ’ എന്നും. എവിടെയോ ഒരു ശ്രുതിഭംഗം. ചോദിച്ചപ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു: ”നൂറുശതമാനം എന്റെമാത്രം തെറ്റായിരുന്നു…” ഇനി തന്റെ പാട്ടുപാടാന്‍ ദാസേട്ടന്‍ ഒരിക്കലും വരാതിരുന്നാലോ എന്നൊക്കെ അന്ന് ജോണ്‍സണ്‍ വിഷമിച്ചു. മറുഭാഗത്ത് യേശുദാസിനെ സുഖിപ്പിക്കാന്‍ ചിലരൊക്കെ അദ്ദേഹത്തോട് പറഞ്ഞുവത്രേ ‘ജോണ്‍സണ്‍ അഹങ്കാരിയാണ്. ധിക്കാരിയാണ്, പാടാതെ പോയത് നന്നായി’ എന്ന്. കുറ്റംപറച്ചില്‍ കൂടിക്കൂടിവന്നപ്പോള്‍ രൂക്ഷമായി യേശുദാസ് പറഞ്ഞു:
”നിങ്ങളാരും അതാലോചിച്ച് വേവലാതിപ്പെടേണ്ട. അത് ഞങ്ങള്‍ തമ്മിലുള്ള കാര്യം. മനസ്സിനിണങ്ങിയൊരു പാട്ടുപാടണമെങ്കില്‍ ഇപ്പോഴും ജോണ്‍സണ്‍തന്നെ സംഗീതം നല്‍കണം. ദേവരാജന്‍മാഷുടെ അനുഗ്രഹം കിട്ടിയ ശിഷ്യനാണ്. ആ ഗുണം അവനും അവന്റെ പാട്ടുകള്‍ക്കുമുണ്ട്.”
ആ വര്‍ഷം മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് യേശുദാസിനായിരുന്നു. മികച്ച സംഗീതത്തിന് ജോണ്‍സണും അവാര്‍ഡുണ്ട്. അമേരിക്കയില്‍നിന്ന് ദാസേട്ടന്‍ ജോണ്‍സണെ വിളിച്ചുപറഞ്ഞു:
”എനിക്കിവിടെനിന്ന് പെട്ടെന്ന് നാട്ടില്‍ വരാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്കുള്ള അവാര്‍ഡ് നീ ഏറ്റുവാങ്ങിയാല്‍ മതി.”
പ്രതിഭയുള്ളവരുടെ പിണക്കത്തിന് അത്രയേ ആയുസ്സുള്ളൂ. ഒരു മിന്നല്‍പ്പിണര്‍ വന്നുപോകുന്നതുപോലെ. ജോണ്‍സന്റെ പ്രശസ്തമായ പല പാട്ടുകളും യേശുദാസ് പാടിയത് അതിനുശേഷമാണ്.
ലോഹിതദാസ് പണ്ട് പറഞ്ഞിട്ടുണ്ട്: ”മരിച്ചാലേ മനുഷ്യന്‍ മഹാനാകൂ.” ലോഹിയുടെ കാര്യത്തിലും ജോണ്‍സന്റെ കാര്യത്തിലും അത് ശരിയാണെന്ന് കാലം തെളിയിക്കുന്നു. പണ്ട് ശ്രദ്ധിക്കാതിരുന്ന ജോണ്‍സന്റെ പാട്ടുകള്‍ പുതിയ തലമുറ ഇപ്പോള്‍ ‘കവര്‍സോങ്’ ആയി പുറത്തിറക്കുന്നു. ‘മഴ, കട്ടന്‍ചായ, ജോണ്‍സണ്‍ മാഷ്’ എന്നത് ഒരു ചൊല്ലായി മാറിയിരിക്കുന്നു. ജോണ്‍സന്റെ പശ്ചാത്തലസംഗീതംപോലും പാട്ടുപോലെ ആളുകള്‍ മൂളിനടക്കുന്നു. ‘തൂവാനത്തുമ്പികളി’ല്‍ ക്ലാരയും ജയകൃഷ്ണനും കണ്ടുമുട്ടുമ്പോള്‍ കേള്‍ക്കുന്ന ആ മധുരസംഗീതം വര്‍ഷങ്ങളേറെയായിട്ടും നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ലല്ലോ. തനിക്കിത്രയേറെ ആരാധകര്‍ ഉണ്ടായിരുന്നുവെന്ന് ജീവിച്ചിരിക്കുമ്പോള്‍ ജോണ്‍സണ്‍ അറിഞ്ഞിട്ടേയില്ല. ഇരുപത്തഞ്ചോളം സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ സിനിമയും ഓരോ അനുഭവമായിരുന്നു. പാട്ടുകള്‍ക്ക് സംഗീതമൊരുക്കുന്നതോ തിരശ്ശീലയില്‍ തെളിയുന്ന രംഗങ്ങള്‍ക്ക് പശ്ചാത്തലസംഗീതം നല്‍കുന്നതോ ഒരു ജോലിയായി ജോണ്‍സണ് തോന്നിയിട്ടില്ല. കൈതപ്രത്തിനെ കൂട്ടുകിട്ടിയപ്പോള്‍ അതിര്‍വരമ്പുകളില്ലാത്ത സംഗീതം ആ മനസ്സില്‍നിന്നൊഴുകാന്‍ തുടങ്ങി. എഴുതാന്‍ എത്ര പ്രയാസമേറിയ ട്യൂണ്‍ നല്‍കിയാലും കൈതപ്രം അത് കവിതയാക്കി വിസ്മയിപ്പിക്കുമായിരുന്നു. ‘അര്‍ത്ഥം’ എന്ന സിനിമയിലെ ‘ശ്യാമാംബരം’ തന്നെ മികച്ച ഉദാഹരണമാണ്. ‘വരവേല്‍പ്പ്’ എന്ന ചിത്രത്തിലാണ് കൈതപ്രം-ജോണ്‍സണ്‍ കൂട്ടുകെട്ടിന്റെ തുടക്കം. മദ്രാസിലെ ന്യൂവുഡ്ലാന്‍ഡ്‌സ് ഹോട്ടലില്‍വെച്ചായിരുന്നു കമ്പോസിങ്. ‘വെള്ളാരപ്പൂമലമേലെ’ എന്ന പാട്ടിന് കൈതപ്രത്തിന്റെ വരികള്‍ക്കിണങ്ങിയ സംഗീതം ജോണ്‍സണ്‍ നല്‍കി. അടുത്ത ഗാനത്തിന്റെ സിറ്റുവേഷന്‍ കേട്ടപ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു:
”ഇവിടെ വെറുമൊരു പ്രണയഗാനം പോരാ. ഉള്ളുപിടയുന്ന നൊമ്പരവും നിസ്സഹായതയുമൊക്കെ വേണം. ഞാനൊരു ട്യൂണ്‍ ഇട്ടാല്‍ ഇദ്ദേഹത്തിന് എഴുതാന്‍ ബുദ്ധിമുട്ടാകുമോ? പുതിയ ആളല്ലേ?” ആ വെല്ലുവിളി നിഷ്പ്രയാസം കൈതപ്രം ഏറ്റെടുത്തു.
‘ദൂരെ ദൂരെ സാഗരം തേടി
പൊക്കുവെയില്‍ പൊന്‍നാളം…’
പാടി നോക്കിയ ശേഷം എന്നെ മാറ്റിനിര്‍ത്തി ജോണ്‍സണ്‍ പറഞ്ഞു:
”ഇയാള്‍ ചില്ലറക്കാരനല്ല കേട്ടോ. കവിതയോടൊപ്പം സംഗീതവുമുണ്ട് മനസ്സില്‍.”
തുടര്‍ന്ന് എത്രയോ ചിത്രങ്ങളിലൂടെ, എത്രയോ പാട്ടുകളിലൂടെ കൈതപ്രം – ജോണ്‍സണ്‍ കൂട്ടുക്കെട്ട് നമ്മെ അതിശയിപ്പിച്ചു!
മരണം ജോണ്‍സണെ പലവട്ടം വന്നു വിളിച്ചിട്ടുണ്ട്. ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ വരുമ്പോള്‍ കോട്ടയത്തിനടുത്തുവെച്ച് താഴെവീണു. റെയില്‍പ്പാളത്തിനടുത്ത് വീണുകിടക്കുന്നത് മലയാളത്തിലെ പ്രിയപ്പെട്ട സംഗീതസംവിധായകനാണെന്ന് അറിയാതെതന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. നെറ്റിയിലും ദേഹത്തുമൊക്കെ മുറിവുകളുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന ജോണ്‍സന്റെ മുഖം ഇപ്പോഴും ഓര്‍മയുണ്ട്. എന്നെക്കണ്ടതും ജോണ്‍സന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പുതിയ സിനിമ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ഇടറിയ ശബ്ദത്തില്‍ ജോണ്‍സണ്‍ പറഞ്ഞു:
”മാഷേ, എനിക്കുവേണ്ടി കാത്തിരിക്കണ്ട. വേറെ ഏതെങ്കിലും മ്യൂസിക് ഡയറക്ടറെ വിളിച്ച് സംഗീതം ചെയ്യിച്ചോളൂ.”
”അതൊന്നും വേണ്ട” ഞാന്‍ പറഞ്ഞു. ”ഈശ്വരന്‍ ആയുസ്സ് നീട്ടിത്തന്നത് എന്റെ സിനിമയ്ക്കുവേണ്ടിയുംകൂടിയാണ്. എത്രവൈകിയാലും അത് താന്‍തന്നെ ചെയ്തുതന്നാല്‍ മതി.”
ഞാന്‍ കാത്തിരുന്നു.
മുഖത്തും കൈത്തണ്ടയിലുമൊക്കെ മുറിപ്പാടുകളുമായി ജോണ്‍സണ്‍ വന്നു. അവിസ്മരണീയമായ ഗാനങ്ങള്‍ നിറഞ്ഞ ‘സ്‌നേഹസാഗരം’ ആയിരുന്നു ആ ചിത്രം. ഇപ്പോഴും ‘പീലിക്കണ്ണെഴുതി’, ‘തങ്കനിലാപ്പട്ടുടുത്തു’ തുടങ്ങിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ച് ജോണ്‍സണ്‍ പാടുന്നത് ഓര്‍മവരും.
സംവിധായകന്റെ മനസ്സ് വായിക്കുന്ന സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍. ഞാന്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ എന്നെക്കാള്‍ മുമ്പേ ജോണ്‍സണ്‍ പറയാറുണ്ട്. അതെങ്ങനെ എന്ന് ഞാനെപ്പോഴും അദ്ഭുതപ്പെടും.
മുമ്പ് പറഞ്ഞിട്ടുള്ളതാണ്-
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനുവേണ്ടി പി.വി. ഗംഗാധരന്‍ നിര്‍മിച്ച ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. നിലാവുള്ള ഒരു രാത്രി നെടുമുടിവേണുവിനോടൊപ്പം ജയറാം, സംയുക്താവര്‍മയെ കാണാന്‍വരുന്നൊരു രംഗമുണ്ട്. സിനിമയില്‍ അതൊരു സ്വപ്നരംഗമാണ്. അതുകൊണ്ടുതന്നെ യാഥാര്‍ഥ്യത്തില്‍നിന്ന് അല്പം വ്യതിചലിച്ചിട്ടാണ് ചിത്രീകരണം. മുറ്റത്തെ മരച്ചില്ലകള്‍ക്കിടയിലൂടെ കാണുന്ന വിധത്തില്‍ വലിയൊരു ചന്ദ്രനെയൊക്കെ കെട്ടിത്തൂക്കിയിട്ടുണ്ട്. വാതില്‍ തുറന്ന സംയുക്തയോട് ‘ഞാന്‍ ദൂരെ കടയില്‍ പോയി മുട്ടപുഴുങ്ങിയതും സോഡയും വാങ്ങി വരാം’ എന്നുപറഞ്ഞ് നെടുമുടി സ്ഥലംവിടുന്നു. പ്രണയം തുളുമ്പിനില്‍ക്കുന്ന നിമിഷങ്ങള്‍.
ആര്‍ദ്രമായ ശബ്ദത്തില്‍ ജയറാം പറയും:
”നമുക്ക് ആ പാലമരച്ചോട്ടില്‍ ചെന്നിരിക്കാം.”
എന്നിട്ടവര്‍ അല്പം അകലെയുള്ള മരച്ചോട്ടിലേക്ക് നടക്കും. ഞാന്‍ ക്യാമറാമാന്‍ വിപിന്‍ മോഹനോട് പറഞ്ഞു:
”നീളത്തില്‍ ഒരു ട്രോളിയിട്ടോളൂ. ജയറാമും സംയുക്തയും പതുക്കെ നടക്കും. അവരോടൊപ്പം ക്യാമറയും. പശ്ചാത്തലത്തില്‍ കെ.പി.എ.സി. നാടകങ്ങളിലെ പഴയൊരു ഗാനം വയലിനിലോ ഫ്‌ളൂട്ടിലോ ഇവിടെ വായിക്കാന്‍ ജോണ്‍സനോട് പറയാം.”
റിഹേഴ്‌സല്‍ നടക്കുമ്പോഴും ഷോട്ട് എടുക്കുമ്പോഴും ‘വെള്ളാരംകുന്നിലെ… പൊന്‍മുളം കാട്ടിലെ…’ എന്ന ഗാനം ഞാന്‍ മനസ്സില്‍ മൂളുമായിരുന്നു. പിന്നെയും കുറേ ദിവസങ്ങള്‍ക്കുശേഷമാണ് ഷൂട്ടിങ് പൂര്‍ത്തിയായത്. എഡിറ്റിങ്ങും ഡബ്ബിങ്ങുമൊക്കെ കഴിഞ്ഞ് റീ-റെക്കോഡിങ് തുടങ്ങുമ്പോഴേക്കും മാസം രണ്ടുകഴിഞ്ഞു. അന്നത്തെ നാടകഗാനസംഭവം ഞാനങ്ങു മറക്കുകയും ചെയ്തു. റീ-റെക്കോഡിങ്ങിന് തൊട്ടുമുമ്പ് ഞാനും ജോണ്‍സണും തമ്മില്‍ ചെറുതായൊന്ന് വഴക്കിട്ടു. അതുകൊണ്ടുതന്നെ ഗൗരവത്തിലാണ് രണ്ടുപേരും ജോലിക്കുവേണ്ടി ഇരുന്നത്. അത്യാവശ്യമുള്ള കാര്യങ്ങളേ പരസ്പരം സംസാരിക്കൂ. സൗഹൃദചര്‍ച്ചകളൊന്നുമില്ല. സിനിമയുടെ റീലുകള്‍ സ്‌ക്രീനില്‍ തെളിയാന്‍ തുടങ്ങി. നേരത്തേ പറഞ്ഞ രംഗമെത്തിയപ്പോള്‍ പെട്ടെന്ന് എന്റെ മനസ്സില്‍ അന്നുതോന്നിയ നാടകഗാനം ഓര്‍മവന്നു. അതുപറയുംമുമ്പ് എന്നെ ഞെട്ടിച്ചുകൊണ്ട് ജോണ്‍സണ്‍ പറഞ്ഞു: ”മാഷേ, അവര്‍ പാലമരച്ചോട്ടിലേക്ക് നടക്കുന്ന ട്രോളി ഷോട്ടില്‍ നമുക്ക് പഴയൊരു നാടകഗാനത്തിന്റെ മ്യൂസിക് കൊടുക്കാം. ‘വെള്ളാരംകുന്നിലെ… പൊന്‍മുളം കാട്ടിലെ…’ എന്ന പാട്ടിന്റെയോ മറ്റോ…”

എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല. തോളിലൂടെ കൈയിട്ട് ഞാന്‍ ജോണ്‍സണെ ചേര്‍ത്തുപിടിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
തുടര്‍ച്ചയായി ഒരുമിച്ച് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ജോണ്‍സണ്‍ പറയും:
”താന്‍ വേറെയും മ്യൂസിക് ഡയറക്ടര്‍മാരുമായി വര്‍ക്ക് ചെയ്യണം. അപ്പോഴേ പലതരം അനുഭവങ്ങളുണ്ടാകൂ.”
ഞാനത് കാര്യമാക്കാറില്ല. പിന്നീടെപ്പോഴോ ഇളയരാജയുടെ സംഗീതം ഒരു സിനിമയിലെങ്കിലും ഉള്‍പ്പെടുത്തണമെന്നൊരു മോഹമുണ്ടായി. ഞാനത് ജോണ്‍സണോട് സൂചിപ്പിച്ചു. ചെറിയൊരു ചിരിയോടെ ജോണ്‍സണ്‍ പറഞ്ഞു:
”മാഷേ. സിനിമയുള്ളതുകൊണ്ടാണ് നമ്മള്‍ സുഹൃത്തുക്കളായത്. ആ സൗഹൃദം നിലനിര്‍ത്താന്‍ സിനിമതന്നെ വേണമെന്നൊന്നുമില്ല. എങ്കില്‍പ്പിന്നെ അത് സൗഹൃദമാകില്ലല്ലോ. താന്‍ ധൈര്യമായി ഇളയരാജയെവെച്ച് പടം ചെയ്യ്.”
അധികമാര്‍ക്കും പറയാന്‍ കഴിയാത്തൊരു മറുപടിയാണത്. ഹൃദയശുദ്ധിയുള്ള കലാകാരന്റെ മനസ്സില്‍നിന്നുമാത്രം വരുന്ന വാക്കുകള്‍.

എത്ര തിരക്കുള്ളപ്പോഴും കുടുംബത്തെ മറന്നൊരു കളിയില്ല ജോണ്‍സണ്. പാട്ടുകളുടെ കമ്പോസിങ് മദ്രാസിലാണെങ്കില്‍ മക്കളെ സ്‌കൂളില്‍ക്കൊണ്ടുപോയി വിട്ടിട്ടേ ജോണ്‍സണ്‍ വരൂ. ഉച്ചകഴിഞ്ഞാല്‍ പാട്ടുകള്‍ ട്യൂണ്‍ ചെയ്യുന്നതിനിടയില്‍ ഇടയ്ക്കിടക്ക് വാച്ചില്‍ നോക്കും:
”മക്കളുടെ സ്‌കൂള്‍ വിടാറായി.
അവരെ വിളിക്കാന്‍ ഡ്രൈവര്‍ പോയിട്ടുണ്ടാകുമോ, കൃത്യസമയത്ത് അവര്‍ വീട്ടിലെത്തിയിട്ടുണ്ടാകുമോ” -ഇതൊക്കെയാണ് ആശങ്ക. ഇടയ്ക്ക് ഭാര്യ റാണിയെ ഫോണില്‍ വിളിക്കും. ”ഇലക്ട്രിസിറ്റി ബില്ലടച്ചോ, മാര്‍ക്കറ്റിലേക്ക് മീന്‍ വാങ്ങാന്‍പോയ ചാര്‍ളിക്ക് നല്ല മീന്‍ കിട്ടിയോ” -ഇങ്ങനെ ഒരു കുടുംബനാഥന്റെ നൂറുനൂറു സംശയങ്ങള്‍.
”ചേട്ടന്‍ അവിടെയിരുന്ന് ജോലി ചെയ്‌തോ. അതൊക്കെ ഞാന്‍ നോക്കിക്കോളാം” എന്ന് റാണി മറുപടി പറയും.
അപ്പോള്‍ ചമ്മിയ ഒരു ചിരിയോടെ ജോണ്‍സണ്‍ ഞങ്ങളോട് പറയും:
”പെണ്ണുമ്പിള്ളയ്ക്ക് ഇഷ്ടമല്ല ജോലിക്കിടയിലുള്ള ഈ അന്വേഷണങ്ങള്‍.”
സന്ധ്യയാകാറാകുമ്പോള്‍ ഹാര്‍മോണിയം അടച്ചുവെച്ച് ജോണ്‍സണ്‍ സ്ഥലംവിടും.
മദ്രാസിലിരുന്നാല്‍ കുടുംബകാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതുകൊണ്ട് ഞങ്ങള്‍ കമ്പോസിങ് കേരളത്തിലേക്കുമാറ്റും. എറണാകുളത്തോ ഷൊര്‍ണൂരോ എവിടെയായാലും പാട്ടുകളുടെ ജോലി തീര്‍ന്നാല്‍ തിരിച്ചുപോകുംമുമ്പ് ഒരു ഷോപ്പിങ്ങുണ്ട്. ഭാര്യയ്ക്ക് സാരി. മകള്‍ക്ക് ചുരിദാര്‍. മോന് കളിപ്പാട്ടം. ഞാന്‍ ചോദിക്കും: ”ഇതിനെക്കാള്‍ വലിയ സിറ്റിയല്ലേ മദ്രാസ്. ഷോപ്പിങ്ങിന് ഇവിടത്തെക്കാള്‍ നല്ലത് അവിടെയല്ലേ?”
”അത് ശരിയാണ്. എന്നാലും വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ നമ്മളെന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുചെല്ലുന്നത് അവര്‍ക്കൊരു സന്തോഷമാണ്.”

അത്രയേറെ കുടുംബത്തെ സ്‌നേഹിച്ച ജോണ്‍സണ്‍ ഈ ലോകത്തുനിന്ന് മുമ്പേ യാത്രയായത് ദൈവനിശ്ചയംതന്നെയായിരിക്കണം. ജോണ്‍സന്റെ വേര്‍പാടിനുശേഷം മാസങ്ങള്‍ക്കുള്ളിലാണ് ഒരു ബൈക്കപകടത്തില്‍ മകന്‍ മരിക്കുന്നത്. പിന്നെ റാണിക്ക് ആകെയുണ്ടായിരുന്ന കൂട്ട് മകള്‍ ഷാന്‍ മാത്രമായിരുന്നു. സംഗീതത്തില്‍ അച്ഛന്റെ പാതയില്‍തന്നെയായിരുന്നു അവള്‍. വിടരുംമുമ്പേ അവളും വിട പറഞ്ഞു! സ്വന്തം സംഗീതത്തില്‍ ഒരുക്കിയ ഗാനം റെക്കോഡ് ചെയ്യുന്നതിന്റെ തലേദിവസം രാത്രിയില്‍ ഉറക്കത്തില്‍ ഒരു സ്വപ്നം പാതിവെച്ച് പൊലിഞ്ഞുപോയതുപോലെയായിരുന്നു അത്. ജീവിച്ചിരുന്നിരുന്നുവെങ്കില്‍ ഈ രണ്ടു ദുരന്തങ്ങളും താങ്ങാന്‍ ജോണ്‍സണ് കഴിയുമായിരുന്നില്ല. പക്ഷേ, അതെല്ലാം സഹിച്ച് ആ ഓര്‍മകളില്‍ രാപകലുകള്‍ തള്ളിനീക്കുന്ന റാണി ഇപ്പോഴും നമ്മളോടൊപ്പമുണ്ട്. ദൈവം അവര്‍ക്ക് തണലേകുന്നുണ്ട്.
‘ഏതോ ജന്മകല്പനയില്‍’ ഈ ഭൂമിയിലേക്കുവന്ന ഗന്ധര്‍വനായിരുന്നു ജോണ്‍സണ്‍. സംഗീതത്തിന്റെ മുത്തും പവിഴവും നമുക്ക് സമ്മാനിച്ച് ആ ഗന്ധര്‍വന്‍ ‘ദേവാങ്കണ’ത്തിലേക്ക് തിരിച്ചുപോയി. ജോണ്‍സണെപ്പോലെ ഇനിയൊരാള്‍ നമുക്കില്ല. വര്‍ഷങ്ങള്‍ പിന്നിടുന്തോറും കാലം അത് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

”ഇതൊക്കെ എന്തിനാ മാഷേ” എന്ന് ചോദിച്ച് മഴയിലൂടെ കണ്ണിറുക്കി ചിരിക്കുന്ന ജോണ്‍സന്റെ മുഖമെനിക്ക് മനസ്സില്‍ കാണാം. പ്രശസ്തിയിലും പ്രശംസകളിലും അഭിരമിക്കാത്ത ആളായിരുന്നല്ലോ ജോണ്‍സണ്‍. ഇതൊരു സ്‌നേഹോപഹാരമാണ്. മഴവരുമ്പോള്‍, തനിച്ചാവുമ്പോള്‍ സുഹൃത്തേ നിങ്ങളെന്റെ നിനവില്‍ വന്നുപൊയ്‌ക്കൊണ്ടേയിരിക്കുന്നു. ശ്രുതിയായി ഹാര്‍മോണിയം മീട്ടിക്കൊണ്ടുള്ള ആ മൂളല്‍. അതുകേട്ട് ഞാന്‍ നനഞ്ഞ മിഴികളടയ്ക്കുന്നു.
– മാതൃഭൂമി വാരാന്തപ്പതിപ്പ്, 24 ജൂലൈ 2022.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്