'ഹൃദയപൂർവ്വം' ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും: സത്യൻ അന്തിക്കാട്

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോമ്പോ. നാടോടിക്കാറ്റ്, ടി. പി ബാലഗോപാലൻ എം.എ, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മലയാളികൾ എക്കാലത്തും ഓർത്തുവെക്കുന്ന ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്നിട്ടുള്ളത്.

2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോമ്പോയിൽ പുറത്തിറങ്ങിയ അവസാന ചിത്രം. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രമായ ‘ഹൃദയപൂർവ്വ’ത്തിന്റെ ഔദ്യോഗിക അറിയിപ്പ് വന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് സിനിമകൾക്ക് പേരിടൽ കുറവാണെന്നും, ഈ സിനിമ അത്തരത്തിൽ ഒരു ചിത്രമാണെന്നും സത്യൻ അന്തിക്കാട് പറയുന്നു.

“ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. ‘അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ’ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… ‘നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം’.

ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിങ്ങിന് മുമ്പേ കയറിവന്ന പേരുകൾ ആണ്. പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും ‘ഹൃദയപൂർവ്വം’ എന്ന പേര് നൽകുന്നു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങൾ എഴുതുവാനും ‘നൈറ്റ് കോൾ’ എന്ന മനോഹരമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പി യെയാണ് തിരഞ്ഞെടുത്തത്. ‘സൂഫിയും സുജാതയും’, ‘അതിരൻ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും.” എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സത്യൻ അന്തിക്കാട് പറഞ്ഞത്.

Read more