ശ്രീനിവാസൻ വീണപ്പോഴുള്ള മോഹൻലാലിന്റെ ആ ചിരി ക്യാമറയിൽ കാണില്ല..: സത്യൻ അന്തിക്കാട്

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോമ്പോ. നാടോടിക്കാറ്റ്, ടി. പി ബാലഗോപാലൻ എം.എ, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മലയാളികൾ എക്കാലത്തും ഓർത്തുവെക്കുന്ന ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്നിട്ടുള്ളത്.

ഇപ്പോഴിതാ ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിൽ ശ്രീനിവാസൻ വാടകവീട് ഒഴിപ്പിക്കാൻ വരുന്ന രംഗത്തിൽ ജീപ്പിൽ നിന്നിറങ്ങുമ്പോൾ വീഴുന്നുണ്ടെന്നും, അത് കണ്ട് കൂടെയുണ്ടായിരുന്ന മോഹൻലാലും ചിരിക്കുന്നുണ്ടായിരുന്നു എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

“ശ്രീനിവാസന്‍ വാടക വീട് ഒഴിപ്പിക്കാന്‍ ചെല്ലുമ്പോള്‍ ഗോപാലകൃഷ്ണ പണിക്കര്‍ എന്ന ലാലിന്റെ കഥാപാത്രം ശ്രീനിവാസനെ ജീപ്പില്‍ കൊണ്ടുവരുന്ന ഒരു സീന്‍ ഉണ്ട്. ജീപ്പ് വന്നു നിന്ന് ജീപ്പില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ ചാടി ഇറങ്ങുമ്പോള്‍ ഷൂ തെന്നിയിട്ട് വീഴാന്‍ പോകുന്നുണ്ട് ശ്രീനിവാസന്‍. ഞാന്‍ ഷോട്ട് കട്ട് ചെയ്തില്ല അത് അതുപോലെതന്നെ അഭിനയിപ്പിച്ചു. മോഹന്‍ലാലും അതിന്റെ ഒപ്പം അഭിനയിച്ചു.

ഇന്നത്തെപ്പോലെ അന്ന് മോണിറ്റര്‍ ഒന്നുമില്ലാതിരുന്ന കാലമായിരുന്നു അത്. അതിനാല്‍ രണ്ടാമത് കാണാന്‍ സാധിക്കില്ല. ഒരു മാസമൊക്കെ കഴിഞ്ഞിട്ടാണ് പിന്നെ അത് കാണുന്നത്. നമ്മുടെ കണ്ണിന്റെ ജഡ്ജ്‌മെന്റ് ആണ്. ഷോട്ടിന്റെ സമയത്ത് ആ വീഴ്ച കണ്ട് എല്ലാവരും ചിരിച്ചു, മോഹന്‍ലാലും ചിരിച്ചു.

Read more

ഞാന്‍ ലാലിനോട് ചോദിച്ചു ലാല്‍ ചിരിച്ചോ? മോഹന്‍ലാല്‍ പറഞ്ഞു,”ഞാന്‍ ചിരിച്ചു പക്ഷേ സത്യേട്ടന്‍ നോക്കിക്കോ ആ ചിരി ക്യാമറയില്‍ കാണില്ല, കാരണം ഞാന്‍ കുടയും ബാഗും വെച്ച് ആ ചിരി മറച്ചു.” മോഹന്‍ലാല്‍ ചിരിക്കുന്നത് ഞാന്‍ കണ്ടതാണ്. പക്ഷേ ഇപ്പോഴും ആ ഷോട്ട് നോക്കിയാല്‍ മോഹന്‍ലാലിന്റെ ചിരി കാണില്ല. ”വീട് ഒഴിയാന്‍ പറ, വീട് ഒഴിയാന്‍ പറ” എന്ന് പറയുന്ന ഡയലോഗ് ഉണ്ട്, അതിനിടയില്‍ ലാല്‍ ചിരിക്കുന്നുണ്ട്, അത് പക്ഷേ നമ്മള്‍ കാണുന്നില്ല.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞത്.