അഭിനേതാക്കള്‍ എഡിറ്റ് കാണണമെന്ന് ആവശ്യപ്പെടുന്നത് മഹാപാപം ഒന്നുമല്ലെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. എഡിറ്റ് കാണണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ സെറ്റില്‍ പ്രശ്‌നം സൃഷ്ടിക്കാറുണ്ട് എന്ന് ആരോപിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. ആ താരങ്ങളുടെ പേര് പുറത്തുവിടുമെന്നും ബി. ഉണ്ണികൃഷ്ണന്‍ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് തന്റെ അഭിപ്രായം സാന്ദ്ര തോമസ് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ അഭിനയിച്ചത് മോശമായോ നന്നായോ എന്ന് നോക്കാനുള്ള കടമ അഭിനേതാക്കള്‍ക്കുണ്ട്. അത് അവരുടെ കരിയര്‍ കൂടിയാണ് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര പറയുന്നത്.
”എന്താണ് ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് എന്നൊക്കെ തീരുമാനിക്കേണ്ടത് ഡയറക്ടറാണ്. ഈ അടുത്ത കാലത്ത് മാത്രമല്ല സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് അഭിനേതാക്കള്‍ പറയുന്നത്. അവരും റിസ്‌കെടുത്താണെല്ലോ അഭിനയിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ കരിയര്‍ കൂടിയാണിത്.”
”അപ്പോള്‍ അവര്‍ ചെയ്ത കാര്യം മോശമായയോ നന്നായോ എന്നൊക്കെ നോക്കാനുള്ള കടമ അവര്‍ക്കുമുണ്ടല്ലോ. എഡിറ്റ് കാണണമെന്ന് പറയുന്നത് ഒരു മഹാപാപമല്ല. എന്നാല്‍ സിനിമയുടെ എല്ലാ കാര്യത്തിലും ഇടപെടുന്നത് ശരിയായ കാര്യമല്ല. ക്യാപ്റ്റന്‍ ഓഫ് ദി ഷിപ്പ് എപ്പോഴും സംവിധായകന്‍ തന്നെയാണ്.”
”നീ പോടാ എനിക്ക് ചെയ്യാന്‍ പറ്റില്ലെന്നൊക്കെ പറയുന്നതൊന്നും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. പക്ഷെ ഞാന്‍ ചെയ്ത കാര്യത്തില്‍ ഒരു സംശയമുണ്ട് നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്നൊക്കെ ചോദിക്കുമ്പോള്‍, എന്തുകൊണ്ട് കാണിച്ച് കൊടുത്തൂടാ. എനിക്ക് ഈ കാര്യം ചെയ്യാന്‍ പറ്റില്ലായെന്ന് പറഞ്ഞ് മാറിനില്‍ക്കുന്ന സാഹചര്യമൊക്കെ എന്റെ പടത്തിലും ഉണ്ടായിട്ടുണ്ട്.”
”പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് തിരക്കഥയും വായിക്കാന്‍ കൊടുത്തിട്ടാണെല്ലോ നമ്മള്‍ സിനിമയിലേക്ക് വിളിക്കുന്നത്. എന്നിട്ട് അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ പറ്റില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. അത്തരം കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാറുണ്ട്” എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.