'ശാസ്ത്രം തോറ്റു, പാട്ട് ജയിച്ചു'; പാട്ട് പഠിച്ചാൽ ഗർഭിണിയാകുമെന്ന് വിജയ് മാധവ്; വിമർശനങ്ങൾക്ക് പിന്നാലെ വീഡിയോ നീക്കി

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകൻ വിജയ് മാധവും സീരിയൽ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലിൽ സജീവമാകുന്നത്. റിയാലിറ്റി ഷോകളും സംഗീതവുമാണ് വിജയ് മാധവിനെ പ്രശസ്‌തനാക്കിയത്. സീരിയലുകൾ വഴിയാണ് ദേവിക നമ്പ്യാർ മലയാളികൾക്ക് സുപരിചിതയായത്. തങ്ങളുടെ വിശേഷങ്ങളും പാട്ടിൻ്റെ കവർ സോങുകളും മക്കളുടെ വിശേഷങ്ങളുമെല്ലാം ഇരുവരും യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ പാട്ട് പഠിച്ചാൽ ഗർഭിണിയാകുമോ എന്ന തമ്പ്‌നെയിലോടെ വിജയ് മാധവും ദേവിക നമ്പ്യാരും പങ്കിട്ട വീഡിയോ ചർച്ചയാകുകയാണ്. വീഡിയോ വിവാദമായതോടെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ ഇറ്റ്സ് മി ഖെയ്‌സ് ഇവരുടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താരങ്ങൾ പങ്കുവച്ച വിഡിയോയിൽ ഇങ്ങനെ പറയുന്നു. ആത്മജ സെന്ററില്‍ നമുക്ക് കര്‍ണാടിക് മ്യൂസിക്കിന്റെ ഓണ്‍ലൈന്‍ ക്ലാസുകളുണ്ട്. അതില്‍ ചേര്‍ന്നിട്ടുള്ള ഒരുപാട് സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ടെന്നാണ് വിജയ് പറയുന്നത്. ഓരോരുത്തര്‍ ക്ലാസില്‍ കയറി മൂന്നാല് മാസം കഴിയുമ്പോള്‍ പോകുന്നത് കണ്ട് സാര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലരൊക്കെ ഛര്‍ദ്ദി കാരണം രണ്ട് മൂന്ന് മാസം കഴിയുമ്പോള്‍ തന്നെ നിര്‍ത്തും എന്നും വിജയ് പറയുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ബിന്നി കൃഷ്ണകുമാർ ചേച്ചിയുടെ വീഡിയോ കണ്ടിരുന്നു. അതിൽ ചേച്ചി പറയുന്നുണ്ട് ചേച്ചി പാട്ട് പഠിപ്പിക്കുന്ന ഒരുപാട് പാട്ടുകാർ ഗർഭിണികളാകുന്നുവെന്ന്. അപ്പോഴാണ് എനിക്കും സ്ട്രൈക്ക് ചെയ്തത് എന്നാണ് വിജയ് പറയുന്നത്. ഗർഭം ധരിക്കാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുകയും കർണാടിക് സംഗീതം പഠിക്കാൻ താൽപര്യമുള്ളവർക്കുമായി ഒരു സെഗ്മെന്റ് ഉണ്ടാകും എന്നും താരങ്ങൾ പറയുന്നുണ്ട്.

എന്നാൽ ശാസ്ത്രം തോറ്റു, പാട്ട് ജയിച്ചു. ഇവിടുത്തെ ഫെർട്ടിലിറ്റി സെന്ററുകൾ അടച്ചു പൂട്ടേണ്ടി വരുമല്ലോ എന്നാണ് ഖെയ്‌സ് തമാശരൂപേണ ചോദിക്കുന്നത്. ആത്മീയതയ്ക്കും അന്ധവിശ്വാസത്തിനും ഒരു പരിധിയില്ലേ. എന്തും വിളിച്ച് പറയാമെന്നാണോ? എന്നും ഖെയ്‌സ് ചോദിക്കുന്നു. മ്യൂസിക് പഠിപ്പിക്കുന്ന സാറിനേയും പഠിക്കാൻ പോകുന്ന പെണ്ണുങ്ങളേയും എയറിൽ കേറ്റും വിജയ് മാധവ്. സംസാരിക്കുമ്പോൾ സൂക്ഷിച്ച് സംസാരിക്കണം. വെറുതെ പാട്ട് പഠിക്കാൻ വരുന്ന പെണ്ണുങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും ഖെയ്‌സ് പറയുന്നു.

അതേസമയം വിജയ് മാധവിനും ദേവിക നമ്പ്യാർക്കും അടുത്തിടെയാണ് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചത്. പെൺകുഞ്ഞിന്റെ പേരും ഇരുവരും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നത്. ‘ഓം പരമാത്മാ’ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ‘ആത്മജ’ എന്നാണ് ഇവര്‍ മകന് ഇട്ട പേര്. ഈ പേരിടലിനും കടുത്ത വിമര്‍ശനങ്ങളാണ് ഉയർന്നത്. ‘ജീവാത്മാ, പരമാത്മ എന്നൊക്കെ വിളിച്ചോളൂ. വിരോധമില്ല പേരിടല്‍ നിങ്ങളുടെ ഇഷ്ടം. പക്ഷെ ആണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ പേര് പറഞ്ഞു വിളിക്കുകയും, പെണ്‍കുട്ടിയെ ആണ്‍കുട്ടിയുടെ പേര് പറഞ്ഞു വിളിക്കുന്നതും മലയാള ഭാഷയില്‍ പുല്ലിംഗവും സ്ത്രീല്ലിംഗവും എന്തിനാണ് ഇത്രയും കാലം പഠിപ്പിച്ചത് എന്ന് തോന്നിപോകുന്നു’ എന്നൊക്കെയായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

Read more