മഞ്ഞുമ്മല്‍ ബോയ്‌സ്- കുടിച്ചുകൂത്താടുന്ന തെണ്ടികള്‍.. അലോസരപ്പെടുത്തിയ സിനിമ, മലയാളികള്‍ മദ്യപാനികള്‍..; കേരളത്തെ ഒന്നടങ്കം ആക്ഷേപിച്ച് തിരക്കഥാകൃത്ത്

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രത്തെയും മലയാള സിനിമയെയും മലയാളികളെയും ഒന്നടങ്കം അധിക്ഷേപിച്ച് തിരക്കഥാകൃത്തും മലയാളം-തമിഴ് എഴുത്തുകാരനുമായ ബിജയമോഹന്‍. ‘മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്‌സ്- കുടിച്ചുകൂത്താടുന്ന തെണ്ടികള്‍) എന്ന ടൈറ്റിലില്‍ പങ്കുവച്ച ബ്ലോഗ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കടുത്ത ഭാഷയിലാണ് മലയാള സിനിമയെ ജയമോഹന്‍ വിമര്‍ശിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് മലയാള ചിത്രങ്ങളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹന്‍ ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്. ‘ഒഴിമുറി’, ‘കാഞ്ചി’, ‘വണ്‍ ബൈ റ്റു’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആണ് ജയമോഹന്‍.

ജയമോഹന്റെ കുറിപ്പ്:

മഞ്ഞുമ്മല്‍ ബോയ്സ് തന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. കാരണം അത് കാണിക്കുന്നത് കെട്ടുകഥയല്ല. സൗത്ത് ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികള്‍ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമല്ല, കാടുകളിലും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല.

ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ കുറഞ്ഞത് പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കില്‍ ചെങ്കോട്ട-കുറ്റാലം റോഡോ കൂടല്ലൂര്‍-ഊട്ടി റോഡോ പരിശോധിക്കുക. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികള്‍ കാണാം. അത് അവര്‍ അഭിമാനത്തോടെ സിനിമയില്‍ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങള്‍ പലതവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ വാഗമണ്‍ പുല്‍മേട്ടില്‍ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തില്‍കുമാര്‍ അവര്‍ എറിഞ്ഞ കുപ്പികള്‍ പെറുക്കി നീക്കിയിരുന്നു. ഓരോ വര്‍ഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും ഈ കുപ്പിച്ചില്ലുകള്‍ മൂലം കാല് വൃണപ്പെട്ട് ചരിയുന്നുണ്ട്. അതിനെ അപലപിച്ച് ഞാന്‍ എഴുതിയ ‘ആനവൈദ്യന്‍’ മലയാളത്തിലും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. എന്നാല്‍ ഈ സിനിമയുടെ സംവിധായകന്‍ ഇത് വായിച്ചിരിക്കാന്‍ സാധ്യതയില്ല. ഈ സിനിമയില്‍ തമിഴ്നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാര്‍ത്ഥമാണ്. അടിയല്ലാതെ അവര്‍ക്ക് ഒന്നും മനസിലാകുന്നില്ല.

കേരളത്തില്‍ കല്യാണത്തിന് പോകുന്നത് ഒരു പരീക്ഷണമായി മാറിയിരിക്കുന്നു. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങള്‍ ബഹളമുണ്ടാക്കുന്നു. പന്തലില്‍ തന്നെ ഛര്‍ദ്ദിക്കുന്നവരും കുറവല്ല. വിവാഹ ചടങ്ങില്‍ വരന്‍ തന്നെ ഛര്‍ദ്ദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. കേരളത്തില്‍, പ്രത്യേകിച്ച് എറണാകുളത്ത് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പോലും മയക്കുമരുന്ന് കേസില്‍ കുടുങ്ങുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. പത്ത് വര്‍ഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകള്‍ കേരളത്തില്‍ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവല്‍കരിച്ചിരുന്നു.

അവ ഇന്‍പുട്ടില്ലാത്ത വ്യാജ ചിത്രങ്ങളാണ്. ഇവയെ പ്രകൃതിദത്ത കലാസൃഷ്ടികളായി ബുദ്ധിജീവികള്‍ ആഘോഷിച്ചു. കേരളത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ടെങ്കില്‍ ഈ സിനിമാക്കാര്‍ക്കെതിരെ നേരിട്ട് നടപടിയെടുക്കണം. തമിഴ്നാട്ടില്‍ മയക്കുമരുന്നിന് അടിമപ്പെട്ട സിനിമകള്‍ ആഘോഷിക്കുന്നവരെ ഞാന്‍ തെമ്മാടികളോ നീചന്മാരോ ആയി കണക്കാക്കും. വാണിജ്യ സിനിമ ഒരു കലയല്ല. പരിശീലനമോ കലാപരമായ അറിവോ ഇല്ലാത്ത വലിയ ജനക്കൂട്ടത്തോട് ഇത് നേരിട്ട് സംസാരിക്കുന്നു. അതിന് ഒരിക്കലും കലാസ്വാതന്ത്ര്യം നല്‍കരുത്. ആ ദാരിദ്ര്യം ബൗദ്ധികമായ ഒരു ചെറുത്തുനില്‍പ്പും നടത്താന്‍ കഴിയാത്ത സാധാരണക്കാരായ ജനസമൂഹത്തെ അധഃപതിപ്പിക്കും.

മദ്യപിച്ചും കലഹിച്ചും കലാപമുണ്ടാക്കിയും ഛര്‍ദ്ദിച്ചും സാധാരണക്കാരനെ അസ്ഥിരപ്പെടുത്തിയും കേരള സിനിമ എന്നും സന്തോഷത്തോടെയാണ് കാണിക്കുന്നത്. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന നാലുപേരെ മലയാള സിനിമയില്‍ കണ്ടിട്ടുണ്ടോ? സിനിമയിലൂടെ ഇതിനെല്ലാം സാമൂഹിക സ്വീകാര്യത പതിയെ സൃഷ്ടിക്കപ്പെടുകയാണ്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ. മഞ്ഞുമ്മല്‍ ബോയ്സ് ഈ ഭോഷ്‌ക്കുകളെ സാധാരണക്കാരന്റെ ആഘോഷമായി ചിത്രീകരിച്ച് ന്യായീകരിക്കുക മാത്രമല്ല, അവരെ ഉയര്‍ത്തുകയും ചെയ്യുന്നു. ചിത്രത്തിനൊടുവില്‍ അവരില്‍ ഒരാള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചുവെന്ന വാര്‍ത്തയാണ് കാണിക്കുന്നത്. നിയമപ്രകാരം അവരെ ജയിലില്‍ അടയ്ക്കണം.