ജോസഫ് സിനിമ റിയല്‍ സ്‌റ്റോറിയല്ലെന്നും സാങ്കല്‍പികം മാത്രമാണെന്നും വിശദീകരിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍. അവയവദാനം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. അവയവദാനത്തിന്റെ മഹത്വം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
“ഞാനൊരു പോലീസുകാരനായിരുന്നത് കൊണ്ട് ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന് പലരും കരുതുന്നുണ്ട്. സത്യത്തില്‍ അങ്ങിനെയല്ല. കഥ മാത്രമാണ്. ഇതൊരു ഫിക്ഷന്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു സിനിമയ്ക്കപ്പുറത്തേക്ക് മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒന്നായി മാറേണ്ട ആവശ്യമില്ലല്ലോ. അവര്‍ അവരുടെ ഡോക്ടര്‍ ബുദ്ധിയിലും ഞാനെന്റെ പോലീസ് ബുദ്ധിയിലും വിശ്വസിക്കുന്നു. എന്റെ പോലീസ് ബുദ്ധിയില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുജനം കൂടുതല്‍ വിശ്വസിച്ചു.”
അവയവം ലഭിക്കാന്‍ കാത്തു കിടക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നമ്മളായിട്ട് അതിനൊരു തടസ്സമാകരുത്. മറ്റുഭാഷകളിലൊക്കെ ഇതേ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള നോവലുകളും സിനിമകളുകളുമൊക്കെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ അതൊക്കെ സിനിമയായിട്ട് തന്നെയാണ് അവിടെയുള്ളവര്‍ കണക്കാക്കുന്നത്. പക്ഷേ ഇവിടെയെത്തിയപ്പോള്‍ ചിലരെങ്കിലും ഇത് ശരിയാണെന്ന് വിശ്വസിച്ചു- ഷാഹി സൌത്ത് ലൈവിനോട് പറഞ്ഞു.
Read more
ജോസഫ് സിനിമയുടെ പ്രമേയത്തിനെതിരെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നു വന്നത്. അവയവ ദാനത്തെക്കുറിച്ച് പൊതു സമൂഹത്തില്‍ വലിയ തെറ്റിദ്ധാരണകളാണ് ചിത്രം സൃഷ്ടിക്കുന്നതെന്ന ആരോപണവുമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുള്‍പ്പെടെ രംഗത്ത് വന്നത്.
കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അഭിഭാഷകന്‍ മരിച്ചതോടെ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് മെഡിക്കല്ഡ കോളജ് വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും കൂട്ടായ്മയായ നിര്‍ണയം ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.