‘ജന ഗണ മന’ സിനിമയ്ക്ക് സെക്കന്റ് പാര്‍ട്ട് ഒരുക്കണമെന്ന് ആലോചിച്ചിട്ടേയില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. 2022ല്‍ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അങ്ങനൊരു സെക്കന്റ് പാര്‍ട്ട് ഉണ്ടാവില്ല എന്നാണ് സുരാജ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ”സെക്കന്റ് പാര്‍ട്ട് എന്നൊന്നും പറയല്ലേ, ജന ഗണ മനയുടെ രണ്ടാം ഭാഗം വെറുതെ ലിസ്റ്റിന്‍ കയറി തള്ളിയതാണ്. അല്ലാതെ സെക്കന്റ് പാര്‍ട്ട് ഒന്നും അവര്‍ ആലോചിച്ചിട്ടേയില്ല. ആ സിനിമയുടെ പല പോര്‍ഷനും പുറത്ത് ട്രെയ്‌ലറായും ടീസറായൊന്നും വിടാന്‍ പറ്റില്ല.”
”പൃഥ്വിയുടെ ലുക്ക് പുറത്ത് വിടാന്‍ പറ്റില്ല എന്റെ ഒരു പാട്ട് മാത്രം വിട്ടു. ഒരു ഉള്ളടക്കവും അതില്‍ നിന്ന് പുറത്തുവിടാന്‍ പറ്റാത്തതുകൊണ്ട് ഒരു ബോംബ് സ്‌ഫോടനം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചെയ്തതാണ്. ഇത് കണ്ട് സെക്കന്‍ഡ് പാര്‍ട്ട് എന്ന് ആരൊക്കെയോ തള്ളിയപ്പോള്‍ അവരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം.”
”ഒരുപക്ഷെ രണ്ടാം ഭാഗം എഴുതാന്‍ അവര്‍ തയ്യാറാണെങ്കില്‍ പ്രൊഡ്യൂസ് ചെയ്യാന്‍ ലിസ്റ്റിനും തയ്യാറാണ് അഭിനയിക്കാന്‍ ഞാനും റെഡിയാണ്” എന്നാണ് സുരാജ് വെഞ്ഞാറമൂട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, ജന ഗണ മനയുടെ വിജയം തങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്നും അതിനാല്‍ തന്നെ രണ്ടാം ഭാഗം സൂക്ഷിച്ച് പ്ലാന്‍ ചെയ്യേണ്ടതുണ്ടെന്നും ഡിജോ ജോസ് നേരത്തെ പറഞ്ഞിരുന്നു.