എന്റെ മോനേ, ഇതാടാ കേരള പൊലീസ്, വലിയൊരു സല്യൂട്ട്..; അഭിനന്ദനങ്ങളുമായി ഷാജി കൈലാസ്

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണക്കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിച്ച കേരള പൊലീസിന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഷാജി കൈലാസ്. കള്ളനെ പിടികൂടിയ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് പൊലീസിനെ അഭിനന്ദിച്ച് ഷാജി കൈലാസ് രംഗത്തെത്തിയത്.

”എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരളം പൊലീസിന് വലിയൊരു സല്യൂട്ട്” എന്നാണ് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്.

വീട്ടില്‍ നിന്നും ഒരു കോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ മണിക്കൂറുകള്‍ കൊണ്ടാണ് കേരള പൊലീസ് പിടികൂടിയത്. ഇന്ത്യയിലെങ്ങും വന്‍ നഗരങ്ങളിലെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ആണ് പിടിയിലായത്.

പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കേരള പൊലീസിനെ അഭിനന്ദിച്ച് ജോഷിയും രംഗത്തെത്തിയിരുന്നു. രാവിലെ 100ലേക്കാണ് വിളിച്ചത്. സംവിധായകന്‍ ആണെന്ന് പറയതെയാണ് വിളിച്ചത്. പനമ്പിള്ളിനഗറില്‍ ഒരു വീട്ടില്‍ മോഷണം നടന്നു എന്ന് പറഞ്ഞപ്പോള്‍, പനമ്പിള്ളിനഗര്‍ എവിടെയാണ് പുത്തന്‍കുരിശിലാണോ എന്ന ചോദ്യം നിരാശപ്പെടുത്തി.

പിന്നീട് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷ്ണര്‍, ഡിസിപി, എസിപിമാര്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. സിനിമയിലൊന്നും കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ട് കണ്ട് ബോധ്യമായി എന്നായിരുന്നു ജോഷി പ്രതികരിച്ചത്.

Read more