സുരേഷ് ഗോപിയെ കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് സംവിധായകന്‍ ഷാജി കൈലാസ്. താന്‍ പറഞ്ഞതെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഷാജി കൈലാസ് പ്രതിരിച്ചിരിക്കുന്നത്.
”കമ്മീഷ്ണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണ്ണമായും കയ്യില്‍ നിന്ന് പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിവമേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറിപ്പോയി. ഞാനത് പല തവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചാന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്‌റ്റെലില്‍ തട്ടിക്കയറി” എന്ന വാര്‍ത്തയാണ് ഷാജി കൈലാസിന്റെ പേരില്‍ പ്രചരിക്കുന്നത്.
ഷാജി കൈലാസിന്റെ കുറിപ്പ്:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയര്‍ ചെയ്യുന്നത് കാണുവാന്‍ ഇടയായി. ഒന്നോര്‍ക്കുക.. കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍.
ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാം. അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്.
പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവര്‍ ദയവായി ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്.