ഫ്യൂഡലിസം കാണിക്കുന്ന സിനിമകള്‍ എടുക്കുന്നു എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ഫ്യൂഡല്‍ നായകന്മാരുള്ള സിനിമകള്‍ ജനങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടമാണ് എന്നാണ് ഷാജി കൈലാസ് പറഞ്ഞിരിക്കുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പ്രതികരിച്ചത്.
ഫ്യൂഡല്‍ ആള്‍ക്കാരെ ആളുകള്‍ക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ഞാന്‍ മനസിലെടുക്കാറേ ഇല്ല. പടം വിജയമാണെങ്കില്‍ എല്ലാം ഓക്കേ ആണ്. കമന്റ് ബോക്‌സുകള്‍ ഞാന്‍ തുറക്കാറില്ല. തുറന്നാലും കുറെ ആളുകള്‍ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേയിരിക്കും. അത് നടന്നോട്ടെ.
അവര്‍ക്ക് സിനിമ ഇഷ്ടമാകാത്തത് കൊണ്ടാണല്ലോ അങ്ങനെ പറയുന്നത്. ഞാന്‍ അവരെ വഴക്ക് പറയില്ല. അതെല്ലാം അതിന്റെ വഴിക്ക് നടക്കും. എനിക്ക് അങ്ങനെ സിനിമ ചെയ്യാനേ അറിയൂ എന്നാണ് ഷാജി കൈലാസ് പറയുന്നത്. അതേസമയം, ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടന്‍’ റീ റിലീസ് ചെയ്യുകയാണ്.
നവംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും. 2000ല്‍ റിലീസ് ചെയ്ത ചിത്രം 4ഗ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവോടെയാണ് റീ റിലീസിനെത്തുന്നത്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.