മുട്ടാപോക്ക് ന്യായങ്ങള്‍ നിരത്തി എന്റെ കലാജീവിതത്തെ തടസ്സപ്പെടുത്തരുത്: ഷക്കീല

കോഴിക്കോട്ടെ മാളില്‍ വച്ചു നടത്താനിരുന്ന ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ച സംഭവം വൈറലായിരുന്നു. നടി ഷക്കീല എത്തുമെന്ന് അവസാന നിമിഷമാണ് തങ്ങളെ അറിയിച്ചതെന്നും തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന സാഹചര്യം വന്നപ്പോഴാണ് അനുമതി നിഷേധിച്ചതെന്നുമായിരുന്നു മാള്‍ അധികൃതരുടെ വാദം. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഷക്കീല.

‘വിവിധ കാരണങ്ങള്‍ പറഞ്ഞ് തന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തരുത്’ എന്ന് കേരള ജനതയോടുള്ള അപേക്ഷയാണ് സോഷ്യല്‍ മീഡിയയിലൂടെ ഷക്കീല പുറത്തു വിട്ടത്. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിനാണ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചത്.

ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍, സുവാ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമര്‍ ലുലു അവതരിപ്പിക്കുന്നത്.

Read more

ഇവരെ കൂടാതെ വിജീഷ് വിജയന്‍, ദാസേട്ടന്‍ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. പ്രവാസിയായ കളന്തൂര്‍ ആണ് നിര്‍മാതാവ്. സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിന്‍ രാധാകൃഷ്ണനാണ്. നവംബര്‍ 24ന് ചിത്രം തീയേറ്ററുകളില്‍ എത്തും.