നായികയെന്നതിലുപരി തമിഴ് ചിത്രം ഖുഷിയിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന ഗാനത്തിലൂടെയും മോഹൻലാൽ ചിത്രം താണ്ഡവത്തിലെ ‘പാലും കുടമെടുത്ത്’ എന്ന ഗാനത്തിലൂടെയും തെന്നിന്ത്യൻ സിനിമയിൽ ചർച്ചാവിഷയമായ താരമാണ് മുംതാസ് എന്ന നഗ്മ ഖാൻ.
ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിന്ന താരം പിന്നീട് അതിൽ നിന്നെല്ലാം മാറി ഇസ്ലാം മതം സ്വീകരിക്കുകയും വിശ്വാസിയായി തുടരുകയും ചെയ്തു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഷക്കീലയുമായുള്ള താരത്തിന്റെ അഭിമുഖത്തിൽ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആരും കാണാൻ പാടില്ലെന്ന് മുംതാസ് പറഞ്ഞിരുന്നു.
നാളെ താൻ മരിച്ച് പോയാല്‍ തന്റെ ഗ്ലാമറസ് ആയ മോശപ്പെട്ട ഫോട്ടോകള്‍ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യര്‍ത്ഥനയുണ്ടെന്നും, ഇല്ലെങ്കില്‍ എന്റെ മനസ് വല്ലാതെ വേദനിക്കുമെന്നുമാണ് ഷക്കീലയോട് മുംതാസ് പറഞ്ഞത്.
എന്നാൽ മുംതാസ് ചെയ്തതിനെക്കാൾ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെന്നാണ് ഷക്കീല പറയുന്നത്. കൂടാതെ തനിക്ക് അതിൽ നിന്നും എങ്ങനെ പുറത്തുവരാൻ കഴിയുമെന്നും ഷക്കീല മുംതാസിനോട് ചോദിക്കുന്നു.
“എന്തു തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ദൈവം ക്ഷമിക്കും. കാരണം അദ്ദേഹം എല്ലാവരെയും സ്നേഹിക്കുന്നു. തെറ്റുകളില്‍ നിന്ന് താങ്കള്‍ പുറത്തുവരും.” എന്നാണ് മുംതാസ് അതിന് മറുപടി പറയുന്നത്. ഗാലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.