മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ എത്തിയ ‘പ്രജ’ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍. അസഭ്യം പോലെയുള്ള ഡയലോഗുകള്‍ ആയിരുന്നു പ്രജ സിനിമയില്‍ എങ്കിലും പ്രേക്ഷകര്‍ ഇന്നും അത് ഓര്‍ത്തു വയ്ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു, കേട്ട് കഴിഞ്ഞാല്‍ അടി കൊടുക്കാന്‍ തോന്നുന്ന ഡയലോഗ് എന്ന്. ഒടപ്പിറന്നവളുടെ ഇടുപ്പിന്റെ ബലം ഇങ്ങനെയൊക്കെയുള്ള ഡയലോഗ് അല്ലേ.. ഒരു വൃത്തിക്കെട്ട ഡയലോഗ് എന്ന് വേണമെങ്കില്‍ പറയാം. അങ്ങനത്തെ ഒരു ഡയലോഗ്, ആളുകള്‍ അത് ഉള്ളില്‍ ഏറ്റുക എന്ന് പറയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
ഇത്രയും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രജ എന്ന പടത്തിലേക്ക് ഞാന്‍ എത്തിയത് വലിയ രസകരമായ ഒരു സംഭവമാണ്. 97ല്‍ ആണെന്ന് തോന്നുന്നു അച്ഛനെ ഒരിക്കല്‍ ഹോസ്പിറ്റലൈസ് ചെയ്തിരുന്നു. എട്ട് ദിവസത്തേക്ക് കോമ സ്‌റ്റേജില്‍ ആയി, ഞങ്ങള്‍ സ്‌റ്റേറ്റ്‌സിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു.
അച്ഛന്‍ ഹോസ്പിറ്റല്‍ ആയിരുന്ന സമയത്ത് എന്റെ കാല്‍ ഒടിഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ജോഷി സാര്‍ വിളിക്കുന്നത്. ജോഷി സാറിന്റെ പത്ത് പടത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സാര്‍ ആകെ രണ്ട് പടത്തിന് വേണ്ടി മാത്രമേ എന്നെ ഇങ്ങോട്ട് വിളിച്ചിട്ടുള്ളു. ‘ആ എടാ അതേയ് ഒരു വേഷമുണ്ട്.. നീ ഇങ്ങ പോര്’ എന്ന് പറഞ്ഞു.
എത്ര ദിവസമുണ്ട്, ‘ആ നീ ഒരാഴ്ച പിടിച്ചോ’ എന്നും. അന്ന് എന്റെ കാല്‍ ഒടിഞ്ഞിരിക്കുകയാണ്. ശ്രദ്ധിച്ചാല്‍ അറിയാം എന്നെ ഇന്‍ട്രോഡ്യൂസ് ചെയ്യുന്ന സീനില്‍, ബെന്‍സ് കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്റെ വലത്തെ കാലില്‍ ബാന്‍ഡേജ് ചുറ്റിയത് കാണാം. അവസാനത്തെ സീനില്‍ ലാലേട്ടന്‍ എന്റെ കഴുത്തില്‍ പിടിക്കുന്ന സീനില്‍ ലാലേട്ടന്‍ എന്റെ കാലില്‍ ചവിട്ടി.
അങ്ങനെ വീണ്ടും ഫ്രാക്ച്വര്‍ ആയി. ഇത് കഴിഞ്ഞ് പിറ്റേ ദിവസം ഷൂട്ട് ഉണ്ട്. അന്ന് രാത്രി തന്നെ കോതമംഗലത്തുള്ള ഡോക്ടറുടെ വീട്ടില്‍ ചെന്നു. അങ്ങനെയാണ് പിറ്റേ ദിവസം ഷൂട്ട് ചെയ്തത്. 65 പേജോ മറ്റോ ആണ് ആ സീന്‍. നാലോ അഞ്ചോ പേജ് ആണ് ആദ്യം രഞ്ജി പണിക്കര്‍ എഴുതി തന്നത്.
അത് കഴിഞ്ഞ് എന്താണെന്ന് ജോഷിയേട്ടന് പോലും അറിയില്ല. ജോഷിയേട്ടന്‍ സൂം ലെന്‍സ് ആണ് വച്ചിരിക്കുന്നത്. രഞ്ജി പണിക്കര്‍ മുകളിലത്തെ നിലയില്‍ നിന്നും എഴുതുകയാണ്. ഒരു സീന്‍ കഴിഞ്ഞാല്‍ അഞ്ച് പേജ് തരും ഇതാ അടുത്ത സീന്‍ എന്ന് പറഞ്ഞ്. അങ്ങനെയാണ് പ്രജയില്‍ അഭിനയിച്ചത് എന്നാണ് ഷമ്മി തിലകന്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.