സിനിമാ രംഗത്തു നിന്നും തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ. സിനിമയിൽ ഒരുപാട് കഥാപാത്രങ്ങളിൽ നിന്നും തന്നെ പലരും മാറ്റി നിർത്താനുള്ള കാരണം തന്റെ ജാതിയാണെന്നാണ് ഷമ്മി തിലകൻ പറയുന്നത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
ഒരു പക്ഷേ മാനുഫാച്ചറിങ് ഡിഫക്ട് കൊണ്ടായിരിക്കും, ഒരുപാട് കഥാപാത്രങ്ങളെ ഒന്നും തനിക്ക് മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാതെ പോയത്. അത് മാത്രമേ സിനിമയിൽ നിന്ന് മാറ്റി നിർത്താനുള്ള കാരണമായി ഞാൻ കാണുന്നുള്ളു. തുടക്കം മുതലേ ബ്ലോക്ക് ഉണ്ടായിരുന്നു. അച്ഛൻ ഒരു പക്ഷേ അച്ഛന്റെ അച്ഛനെ പറയേണ്ട കാര്യമാണ്. അതുകൊണ്ടാണ് അങ്ങനൊരു അവസ്ഥ അച്ഛനും അത് വഴി തനിക്കും നേരിടേണ്ടി വന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.
മധു സാർ അഭിനയിച്ചിരുന്ന വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ഒരു അവസരം ലഭിച്ചിരുന്നു. അന്ന് തന്നെ പോലെയൊരു കുട്ടിയെ സംബന്ധിച്ച് റേഡിയോ നാടകം, നാടകം, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവയായിരുന്നു കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നുവെന്നാണ് ഷമ്മി പറയുന്നത്. കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ഒരുപാട് ടാലന്റ് കോംമ്പറ്റീഷൻസ് അന്ന് നടക്കുമായിരുന്നു.
അങ്ങനെയൊരു മത്സരത്തിൽ പല ലെവലുകളിലും വിജയിച്ച് മുന്നിലെത്തിയിരുന്നു താനും ചേട്ടനും. തങ്ങൾ നാല് പേരെ അതിൽ നിന്ന് വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലേക്ക് സെലക്ട് ചെയ്തുവെന്നാണ് ഷമ്മി പറയുന്നത്. അന്ന് ടെലഗ്രാമിലായിരുന്നു വിവരം അറിയിക്കുക. അങ്ങനെ ഇന്ന ദിവസം വരണമെന്ന് പറഞ്ഞുകൊണ്ട് ടെലഗ്രാം എത്തുകയായിരുന്നു. അതോടെ തങ്ങൾക്ക് ഭയങ്കര സന്തോഷമായി.
എല്ലാവരും ഞങ്ങളെ ഹീറോസിനെ പോലെയായിരുന്നു കണ്ടത്. അതിന്റെ അഹങ്കാരം ഒക്കെ കേറി. പക്ഷെ പോവാൻ തയ്യാറായി നിൽക്കുമ്പോൾ അടുത്ത ടെലഗ്രാം വന്നു. ചിത്രം മാറ്റി വെച്ചു എന്നതായിരുന്നു അതിലെന്നാണ് ഷമ്മി പറയുന്നത്. പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. എന്നാൽ അച്ഛൻ സിനിമയിൽ ഉള്ളത് എന്താണ് കാരണമെന്ന് അറിയാൻ സാധിച്ചുവെന്നാണ് ഷമ്മി പറയുന്നത്. അവിടെ ഷൂട്ട് തുടങ്ങിയെന്ന്. അച്ഛൻ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്, നാല് ഉന്നത ജാതിയിലെ കുട്ടികളും സിനിമയിലുണ്ടായിരുന്നു.
അവരുടെ കൂടെ ഞങ്ങളെ താമസിപ്പിക്കാൻ കഴിയില്ല എന്ന കാരണം കൊണ്ടാണ് ഞങ്ങളെ ഒഴിവാക്കിയതെന്നാണ് ഷമ്മി വെളിപ്പെടുത്തുന്നത്. അത് അച്ഛനെ സംബന്ധിച്ച് വലിയ വിഷമമായിരുന്നുവെന്നും അവിടെ നിന്ന് തുടങ്ങിയതാണ് ഈ മാറ്റി നിർത്തലെന്നും ഷമ്മി ഓർക്കുന്നുണ്ട്. അതുകൊണ്ടാണ് പറയുന്നത് തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു