സ്റ്റേജ് ഷോകളുടെ പേരില്‍ മലയാള സിനിമയില്‍ താന്‍ വിലക്ക് നേരിട്ടിരുന്നുവെന്ന് നടി ഷംന കാസിം. വിവാഹശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോള്‍ മലയാളത്തില്‍ അവസരമില്ല എന്നാണ് ഷംന പറയുന്നത്. ദുബായ് അല്‍ നാഹ്ദ ടുവില്‍ ഷംന കാസിം ഡാന്‍സ് സ്‌കൂള്‍ എന്ന പേരില്‍ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ച് സംസാരിക്കുകയായിരുന്നു ഷംന.
സ്റ്റേജ് ഷോകളുടെ പേരില്‍ വലിയ ഒരു സിനിമയില്‍ അവസരം നഷ്ടപ്പെട്ടു. ചില സിനിമകളുടെ കരാര്‍ രൂപപ്പെടുത്തുമ്പോള്‍ തന്നെ രണ്ട് മാസമെങ്കിലും സ്റ്റേജ് ഷോകള്‍ പാടില്ലെന്ന് നിബന്ധന വയ്ക്കാറുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞതാവാം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിന് കാരണം.
വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോള്‍ മലയാളത്തില്‍ അവസരമില്ല. അന്ന്, അവര്‍ പറയുന്നതു കേട്ട് നൃത്തം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ഇന്നു സിനിമയും നൃത്തവും ഉണ്ടാവില്ലായിരുന്നു. എന്നാല്‍ ‘അമ്മ’ സംഘടനയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോഴും അമ്മ അംഗത്വം തുടരുന്നുണ്ട്.
മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ മോശമാണെങ്കിലും, അതെല്ലാം നല്ലതായി മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഷംന കാസിം പറയുന്നത്. അതേസമയം, സുഹൃത്തായ നുസ്മ അയ്യൂരിനൊപ്പം ചേര്‍ന്നാണ് ഷംന ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിരിക്കുന്നത്.