തമാശയായിട്ട് മാത്രമേ ഞാന്‍ ഇതിനെ കണ്ടിട്ടുള്ളു, റഫയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ ഇങ്ങനെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു: ഷെയ്ന്‍ നിഗം

റഫയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടന്‍ ഷെയ്ന്‍ നിഗം പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തലയില്‍ കഫിയ ധരിച്ച് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്ഷനോടെ ഷെയ്ന്‍ ചിത്രം പങ്കുവച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അങ്ങനൊരു ക്യാപ്ഷനോടെ പോസ്റ്റ് പങ്കുവയ്ക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷെയ്ന്‍.

”ഞാന്‍ റഫയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടാല്‍ ഉറപ്പായിട്ടും അവിടെ വരാന്‍ പോകുന്ന ഒരു കമന്റ് ആണ് ഞാന്‍ ഇട്ടത്. കാരണം ഇന്‍സ്റ്റഗ്രാം തുറന്നാല്‍ മൊത്തം ഈ പേരിട്ട് തന്നെ എന്നെ അറ്റാക്ക് ചെയ്യുന്നുണ്ട്. ഉറപ്പായിട്ടും അതിന്റെ പേരില്‍ വരാനുള്ള സാധനമാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അത് ഇട്ടത്.”

”ഞാന്‍ ഒരു തമാശ രീതിയില്‍ മാത്രമേ ഇതിനെ ഒക്കെ കാണുന്നുള്ളു. ഇവര്‍ ഇത് സീരിയസ് ആയിട്ട് വ്യാഖ്യാനിക്കുമ്പോഴേ അതില്‍ പ്രശ്‌നങ്ങള്‍ ഉള്ളൂ. നിങ്ങള്‍ എല്ലാം ഇത് തന്നെയല്ലേ പറയാന്‍ പോകുന്നത് എന്ന ചിന്തയിലാണ് ഞാന്‍ ഇത് ഇട്ടത്” എന്നാണ് ഷെയ്ന്‍ നിഗം മീഡിയാവണ്ണിനോട് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, മമ്മൂട്ടിക്ക് നേരെ അടക്കം സുഡാപ്പി എന്ന് വിളിച്ച് സൈബര്‍ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഷെയ്നിന്റെ പോസ്റ്റ്. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ദുല്‍ഖര്‍ സല്‍മാന്‍ അടക്കം നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.