താനൊരിക്കലും ചാൻസ് ചോദിച്ച് ആരേയും ബുദ്ധിമുട്ടിക്കാറില്ലെന്ന് തുറന്ന് പറഞ്ഞ് ഷറഫുദ്ദീൻ. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷറഫുദ്ദീൻ. വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറിയ ഷറഫു, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് സിനിമയിലെ തന്റെ അവസരങ്ങളെപ്പറ്റി നടൻ മനസ്സ് തുറന്നത്.
തൻ ചാൻസ് ചോദിക്കാറുണ്ട്, പക്ഷേ ആരെയും സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്താറില്ല. എന്നെത്തേടി ചില കഥാപാത്രങ്ങൾ വരാറുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരുടെയും സംവിധായകരുടെയും കഥാപാത്രങ്ങൾ തേടി ഞാൻ അങ്ങോട്ടേക്കും പോകാറുണ്ട്. എന്നുവെച്ച് അവരെ സ്ഥിരമായി വിളിച്ചു ശല്യപ്പെടുത്തില്ല.
താൻ ഈ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന വിശ്വാസത്തോടെ ഒരാൾ തന്നെത്തേടി വരുന്നതാണ് ഇതിൽ ഏറ്റവും നല്ലതെന്നും ഷറഫു പറഞ്ഞു. ഞാൻ തിരഞ്ഞെടുക്കുന്നതിനെക്കാൾ എന്നെ ഒരാൾ തിരഞ്ഞെടുക്കുന്നതാണ് എനിക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഒരിക്കലും നായകനാകാൻ വേണ്ടി ചെയ്ത സിനിമയല്ല ‘പ്രിയൻ ഓട്ടത്തിലാണ്’ എന്നത്. അഭയകുമാറും അനിൽ കുര്യനും ഇങ്ങനെയൊരു കഥ പറഞ്ഞപ്പോൾ രസകരമായിത്തോന്നി. അതുകൊണ്ടാണ് ആ കഥാപാത്രം ചെയ്തത്. ഒരുപാട് മികച്ച കലാകാരന്മാർ ഇവിടെയുള്ളതുകൊണ്ട് സ്വാഭാവികമായും സിനിമകളും കഥാപാത്രങ്ങളും വീതംവെച്ചുപോകുന്നുണ്ട്. അതിനിടയിലും മികച്ച കുറെ കഥാപാത്രങ്ങൾ തനിക്കു ലഭിച്ചത് മഹാഭാഗ്യമാണെന്നും ഷറഫു പറഞ്ഞു