ഷാരൂഖ് ചിത്രം ‘പഠാന്റെ’ വിജയം ബോളിവുഡിന് വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വിജയം ഇന്ത്യന്‍ സിനിമാ വ്യവസായത്തിനാകെ ഗുണകരമാണെന്ന് അറിയിച്ചിരിക്കുകയാണ് വിജയ് കിരാഗന്തൂര്‍. ഷാരൂഖ് ഖാനുമായി ഇപ്പോള്‍ സിനിമ ചെയ്യുന്നില്ലെന്നും ഹിന്ദിയില്‍ നല്ലൊരു തിരക്കഥ വന്നാല്‍ ചെയ്യുമെന്നും വിജയ് ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഞങ്ങള്‍ ഷാരൂഖുമായി സംസാരിച്ചിട്ടില്ല. ഇപ്പോള്‍, ഒരു ഹിന്ദി സിനിമയും നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നില്ല, നല്ല സ്‌ക്രിപ്റ്റ് ഒന്ന് കിട്ടാതെ ചെയ്യുന്നില്ല. സൗത്ത് ഇന്ത്യന്‍ സിനിമയും നോര്‍ത്ത് ഇന്ത്യന്‍ സിനിമയും ഒരു തരത്തിലും സിനിമ വ്യവസായത്തെയും ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
‘പഠാന്റെ’ വിജയം നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കും. സിനിമ കാണാന്‍ പ്രേക്ഷകര്‍ ധാരാളമായി തിയേറ്ററുകളില്‍ എത്തുന്നത് സിനിമാ വ്യവസായങ്ങള്‍ക്ക് നല്ലതാണ്. ഇത് ഇന്ത്യന്‍ വിനോദ വ്യവസായത്തിന് മൊത്തത്തില്‍ നല്ലതാണ്. ‘പഠാന്റെ’ വിജയം എല്ലാ ഇന്ത്യന്‍ സിനിമകളെയും സഹായിക്കും’, വിജയ് കിരഗന്ദൂര്‍ വ്യക്തമാക്കി.
ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ വിവരങ്ങള്‍ അനുസരിച്ച് ചിത്രം തിയേറ്ററുകളില്‍ നിന്ന് ആറാം ദിവസം കൊണ്ട് നേടിയത് 25.5 കോടി രൂപയാണ്. ഇതോടെ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ ഏകദേശം 296 കോടി രൂപയിലെത്തി. തിയേറ്ററുകളില്‍ ഏഴാം ദിവസം അവസാനിക്കുമ്പോള്‍, മൊത്തം 300 കോടി എന്ന അതിര്‍വരമ്പ് ‘പഠാന്‍’ മറികടക്കും.