നായികയാകാൻ വണ്ണം കൂട്ടിയതിനെക്കുറിച്ച് നടി ഷീല പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈയിടെ നൽകിയ അഭിമുഖത്തിലാണ് നായികയായിരുന്ന കാലത്തെ ഓർമകൾ ഷീല പങ്കുവച്ചത്. തന്റെ കാലത്ത് വണ്ണമായിരുന്നു ഭംഗിയെന്നും ഇപ്പോഴാണ് സ്ലിം ബ്യൂട്ടി ഒക്കെ വന്നതെന്നും പറയുകയാണ് നടി.
എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭംഗി. ശരീരമൊക്കെ നല്ല കൊഴുത്തിരിക്കണം. ഇപ്പോൾ സ്ലിം ബ്യൂട്ടിയൊക്കെ വന്നു. തോളിലെ എല്ല് കാണണം. കാലൊക്കെ മെലിഞ്ഞ് തവളയുടെ കാല് പോലെയിരിക്കണം. പക്ഷെ അന്ന് നല്ല വണ്ണം വേണം. ഒരു പെണ്ണിനെ കെട്ടിപ്പിടിച്ചാൽ ഇപ്പോൾ എല്ലേ കൊള്ളൂ.
ഞാൻ വരുന്ന കാലത്ത് അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ നടിമാരുണ്ടായിരുന്നു. അവരൊക്കെ തടിയുള്ളവരാണ്. ഞാൻ നന്നായി മെലിഞ്ഞിരുന്ന ആളാണ്. ഇങ്ങനെ മെലിഞ്ഞിരുന്നാൽ നായികയാകാനാകില്ലെന്ന് പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു. അങ്ങനെ ഞാൻ പട പടായെന്ന് വണ്ണം വെച്ചു. രണ്ട് ഇഞ്ചക്ഷനേ ചെയ്തുള്ളൂ. അപ്പോഴേക്കും നല്ല വണ്ണം വെച്ചു. ചെമ്മീനിലെല്ലാം നല്ല വണ്ണമാണെനിക്ക്. ഇഞ്ചക്ഷൻ ചെയ്തിട്ടാണ് വണ്ണം വന്നത്. പിന്നെ നിർത്തി. അല്ലെങ്കിൽ മെലിയാൻ പറ്റില്ലായിരുന്നുവെന്നും ഷീല വ്യക്തമാക്കി.
അക്കാലത്ത് ഞങ്ങൾക്ക് ഒന്നും അറിയില്ല. വരുന്നു, മേക്കപ്പിടുന്നു, അഭിനയിക്കുന്നു. ഇപ്പോഴുള്ള പിള്ളേർ എന്താണ് മേക്കപ്പ്, എങ്ങനെയൊക്കെ മേക്കപ്പ് ചെയ്യാം എന്നെല്ലാം യൂട്യൂബ് കണ്ട് പഠിച്ചെന്നും ഷീല പറഞ്ഞു.