ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും അത് അവഗണിച്ചാണ് എം.ടി സാറിന്റെ പ്രോഗ്രാമിന് ആസിഫ് അലി പോയതെന്ന് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ചാണ് നിര്‍മ്മാതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രമേഷ് നാരയണനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും. ഞാന്‍ ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു എന്നാണ് ഷിബു ജി. സുശീലന്റെ കുറിപ്പ്.
ഷിബു ജി. സുശീലന്റെ കുറിപ്പ്:
ഇന്നലെ വൈകുന്നേരം എന്റെ ലൊക്കേഷനില്‍ നിന്ന് ഫൈറ്റ് സീനുകള്‍ പൂര്‍ത്തീകരിച്ചിട്ട് ശാരീരിക പ്രശ്‌നം ഉണ്ടായിരുന്നിട്ടും കാറ്റിലും, പെരുമഴയിലും എം.ടി സാറിന്റെ പ്രോഗ്രാമിന് പ്രിയപ്പെട്ട ആസിഫ് അലി പോയത്. ‘ആസിഫേ നിങ്ങള്‍ എങ്ങും അപമാനപ്പെട്ടിട്ടില്ല.’ അഹങ്കാരത്തിനും, പുച്ഛത്തിനും, ദാര്‍ഷ്ട്യത്തിനും, കാപട്യത്തിനും പണ്ഡിറ്റ് നേടിയവനാണ് നിങ്ങളുടെ പുഞ്ചിരിയാലും ജനങ്ങളാലും അപമാനം നേരിട്ടത്. സഹപ്രവര്‍ത്തകനോട് ഇങ്ങനെ പെരുമാറുന്ന സംഗീത പണ്ഡിറ്റ് മറ്റുള്ളവരോട് എങ്ങനെയാവും പെരുമാറുക…
ഇവനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും. NB. ഞാന്‍ ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു.’ എം.ടി ആന്തോളജിയുടെ ട്രെയിലര്‍ ലോഞ്ചില്‍ വച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ വിവാദ സംഭവം നടന്നത്. രമേശ് നാരായണന് ഉപഹാരം നല്‍കാന്‍ ആസിഫ് അലിയെ ക്ഷണിച്ചപ്പോള്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകന്‍ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
ആസിഫ് അലി നല്‍കിയ ഫലകം രമേശ് നാരായണന്‍ ജയരാജിന്റെ കയ്യില്‍ കൊടുത്ത ശേഷം അദ്ദേഹത്തില്‍ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. ആസിഫ് അലി പുരസ്‌കാരം നല്‍കാന്‍ എത്തിയപ്പോള്‍ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണന്‍ പിന്നീടാണ് താരത്തെ അപമാനിക്കും വിധം പെരുമാറിയത്.