ബിഗ് എംസിന് ശേഷം സ്റ്റാറുകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ അവരെ പോലെ ഒരു നടന്‍ ആയത് ഫഹദ് മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

മമ്മൂട്ടിയും മോഹന്‍ലാലും ചെയ്തു വച്ചതു പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇനി ഒരു നടനും സാധിക്കില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. കോമഡിയും റൊമാന്‍സും എല്ലാം ഭംഗിയോടെ ചെയ്യുന്ന നടനാണ് മോഹന്‍ലാല്‍. താരത്തിന് ശേഷം അതെല്ലാം മനോഹരമായി ചെയ്യാന്‍ കഴിവുള്ള നടന്‍ ഫഹദ് ഫാസില്‍ മാത്രമേയുള്ളു എന്നാണ് ഷൈന്‍ പറയുന്നത്.

”മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അനുകരിക്കുന്നവരെയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. തന്റേതായിട്ടുള്ള ദേഷ്യവും സങ്കടവും ക്യമറക്ക് മുന്നില്‍ കാണിച്ചത് ഫഹദ് മാത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെപ്പോലെയല്ല ഫഹദ്. അവര്‍ക്ക് ശേഷം വന്ന നടന്മാരില്‍ ഏറ്റവും മികച്ചത് ഫഹദാണ് എന്നാണ് ഞാന്‍ പറയുന്നത്.”

”ബിഗ് എംസിന് ശേഷം സ്റ്റാറുകള്‍ ഉണ്ടായിട്ടുണ്ട്, ഹീറോസ് ഉണ്ടായിട്ടുണ്ട്. പക്ഷേ അവരെ പോലെ ഒരു നടന്‍ ഉണ്ടായത് ഫഹദ് വന്നപ്പോഴാണ്. മോഹന്‍ലാലിനെ പോലെ കോമഡിയും റൊമാന്‍സുമെല്ലാം വഴങ്ങുന്ന നടനാണ് ഫഹദ്. മോഹന്‍ലാല്‍ ചെയ്ത ആ പെര്‍ഫെക്ഷന്‍ ഇനിയാര്‍ക്കും ചെയ്യാന്‍ പറ്റില്ല.”

”ഫഹദ് കുറച്ചുകൂടി ഇന്റന്‍സായിട്ടുള്ള കഥാപാത്രങ്ങളാണല്ലോ തിരഞ്ഞെടുക്കുന്നത്. മോഹന്‍ലാല്‍ ചെയ്തതു പോലെ ചെയ്യാന്‍ ഒരുപാട് റെസ്ട്രിക്ഷന്‍സുണ്ട്. പക്ഷേ തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ മികച്ചതാക്കാന്‍ ഫഹദിന് കഴിയുന്നുണ്ട്” എന്നാണ് ഷൈന്‍ ടോം ചാക്കോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ബസൂക്ക’, ‘ദേവര’ തുടങ്ങിയ ചിത്രങ്ങളാണ് ഷൈനിന്റെതായി പുതിയതായി ഒരുങ്ങുന്നത്. സംവിധായകന്‍ കമലിന്റെ അസോസിയേറ്റായി എത്തി പിന്നീട് അഭിനയത്തില്‍ സജീവമായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ‘ലിറ്റില്‍ ഹാര്‍ട്‌സ്’ എന്ന ചിത്രമാണ് ഷൈനിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Read more