വിന്‍സിയും കുടുംബവും ഞങ്ങള്‍ക്കൊപ്പം പൊന്നാനിയില്‍ ഒരുമിച്ചുണ്ടായിരുന്നു, പത്ത് വര്‍ഷമായി അവനെ വേട്ടയാടുകയാണ്; ഷൈനിന്റെ കുടുംബം

വിന്‍സി അലോഷ്യസിന്റെ കുടുംബവുമായി നല്ല ബന്ധമാണെന്ന് ഷൈന്‍ ടോം ചാക്കോയുടെ കുടുംബം. പൊന്നാനിയില്‍ ഒന്നിച്ച് ഉണ്ടായിരുന്നു. നാല് മാസം മുമ്പ് നടന്ന ഷൂട്ടിങ്ങിനിടെ പ്രശ്‌നമൊന്നും ഉണ്ടായില്ല, ഇപ്പോള്‍ എന്താണ് പ്രശ്‌നം എന്നാണ് കുടുംബം ചോദിക്കുന്നത്. വിവാദങ്ങള്‍ക്ക് ശേഷം വിന്‍സിയെ ബന്ധപ്പെടാന്‍ സാധിച്ചില്ല എന്നാണ് ഷൈനിന്റെ കുടുംബം പറയുന്നത്.

”പത്ത് വര്‍ഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഞങ്ങള്‍ പൊന്നാനിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരു കുടുംബവും. നാലുമാസം മുമ്പാണ് ഷൂട്ടിങ് സെറ്റില്‍ വിന്‍ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്.”

”അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പരാതിയുമായി എത്തുന്നത് എന്താണെന്ന് അറിയില്ല. വിവാദങ്ങള്‍ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അപരിചിതര്‍ വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ ഉണ്ടായ ഭയം കൊണ്ടാകും ഷൈന്‍ ഹോട്ടലില്‍ നിന്നും ഓടിയത്. പരിശോധിക്കാനെത്തിയവര്‍ക്ക് എന്തെങ്കിലും കിട്ടിയോ?”

”അത് ആരെങ്കിലും അന്വേഷിച്ചോ? പൊലീസിന്റെ വേഷത്തിലൊന്നുമല്ല അവര്‍ എത്തിയത്. ഭീമാകാരനായ ഒരാളെ കണ്ട് ഭയന്ന് ഓടിയതാണ്. അവന്‍ ഇറങ്ങി ഓടിയെന്നത് സത്യം. പക്ഷേ വന്നവര്‍ക്ക് അവിടെ പരിശോധിച്ചപ്പോള്‍ എന്തെങ്കിലും കിട്ടിയോ അതാണ് ഞങ്ങള്‍ക്കറിയേണ്ടത്” എന്നാണ് ഷൈനിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, നടന്റെ സഹോദരനും സംഭവത്തില്‍ പ്രതികരിച്ചു. ”ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ അല്ലേ? റണ്‍ കൊച്ചി റണ്‍ പരിപാടി നടക്കാറുണ്ടല്ലോ, ഓടാന്‍ വേണ്ടിയുള്ള പരിപാടികള്‍, മാരത്തോണ്‍ ഒക്കെ നടത്താറില്ലേ ഇവിടെ. അതിന്റെ ഭാഗമായി കണ്ടാല്‍ മതി. ഇറങ്ങി ഓടുന്നതാണോ പ്രശ്‌നം? മോശമായി പെരുമാറിയെന്നു ആര് പറഞ്ഞു” എന്നായിരുന്നു നടന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോയുടെ പ്രതികരണം.